കർണാടകയിൽ സർക്കാർ പരിപാടിയിൽ ഖുർആൻ പാരായണമെന്ന് ബിജെപി പ്രചാരണം; ആരോപണം തള്ളി കോൺഗ്രസ്
നടന്നത് സർക്കാർ പരിപാടിയല്ലെന്ന് മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു.
ബംഗളൂരു: കർണാടക ഹുബ്ബള്ളിയിൽ നടന്ന ഒരു പരിപാടിയിൽ ഇമാം ഖുർആൻ പാരായണം ചെയ്തതിനെ ചൊല്ലി ബിജെപി- കോൺഗ്രസ് പോര്. സർക്കാർ പരിപാടിയിലാണ് ഖുർആൻ പാരായണം നടന്നതെന്നാണ് ബിജെപി പ്രചാരണം. ഇത് പ്രോട്ടോക്കോളുകളുടെ നഗ്നമായ ലംഘനമാണെന്നും ബിജെപി ആരോപിക്കുന്നു. എന്നാൽ ബിജെപി ആരോപണം തള്ളി കോൺഗ്രസ് രംഗത്തെത്തി.
ഈ മാസം അഞ്ചിനാണ് ഹുബ്ബള്ളിയിൽ പരിപാടി നടന്നത്. തൊഴിൽ മന്ത്രി സന്തോഷ് ലാഡ് ഉൾപ്പെടെ പരിപാടിയിൽ പങ്കെടുക്കുകയും തയ്യൽ മെഷീൻ വിതരണം ചെയ്യുകയും ചെയ്തിരുന്നു. പ്രസ്തുത പരിപാടിയിൽ ഖുർആൻ പാരായണവും നടന്നിരുന്നു. ഇതാണ് ബിജെപി വിവാദമാക്കുന്നത്. എന്നാൽ ഇത് സർക്കാർ പരിപാടിയില്ലെന്ന് കോൺഗ്രസ് പറയുന്നു.
ഖുർആൻ പാരായണത്തിന്റെ വീഡിയോ പങ്കുവച്ചാണ് സോഷ്യൽമീഡിയയിൽ ബിജെപി പ്രചാരണം. 'ഇതൊരു സർക്കാർ പരിപാടിയാണ്. അതിൽ എങ്ങനെയാണ് ഒരു ഇമാം ഖുർആൻ പാരായണം നടത്തുക?... മാത്രമല്ല, സർക്കാർ പരിപാടിയിൽ കോൺഗ്രസ് പതാക വീശുകയും സർക്കാർ ഉദ്യോഗസ്ഥർ പാർട്ടി പ്രവർത്തകരെ പോലെ പ്രവർത്തിക്കുകയും ചെയ്തു'- ബിജെപി എംഎൽഎയും പ്രതിപക്ഷ ഉപനേതാവുമായ അരവിന്ദ് ബെല്ലാഡ് ആരോപിച്ചു.
ഇത് സർക്കാർ വേദിയുടെ നഗ്നമായ ദുരുപയോഗമാണ്. വിഷയത്തിൽ അന്വേഷണം നടത്തി ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയതായും നടപടിയുണ്ടായില്ലെങ്കിൽ വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഇക്കാര്യം ശക്തമായി ഉയർത്തുമെന്നും ബെല്ലാഡ് എക്സിൽ കുറിച്ചു.
എന്നാൽ, ഇതൊരു സർക്കാർ പരിപാടിയല്ലെന്ന് മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു. 'കോൺഗ്രസ് കോർപ്പറേറ്റർമാരാണ് ഇത് സംഘടിപ്പിച്ചത്. അത്തരമൊരു പരിപാടിയിൽ കോൺഗ്രസ് പതാകകൾ പ്രദർശിപ്പിക്കുന്നതിൽ തെറ്റൊന്നുമില്ല. ബിജെപി എംഎൽഎ ഖുർആൻ പാരായണ ദൃശ്യങ്ങൾ മാത്രമാണ് പ്രചരിപ്പിക്കുന്നത്'.
'എന്നാൽ ഖുർആൻ കൂടാതെ മറ്റ് മതഗ്രന്ഥങ്ങളും അവിടെ വായിച്ചിരുന്നു. ഹിന്ദു ദേവന്മാർക്കും ദേവതകൾക്കും വേണ്ടിയുള്ള മറ്റ് പാരായണങ്ങളും ഉണ്ടായിരുന്നു... ഹിന്ദു മതത്തിൽ നിന്നുള്ള നിരവധി ശ്ലോകങ്ങൾ അവിടെ പാരായണം ചെയ്തു. പിന്നെ എന്തിനാണ് അദ്ദേഹത്തിന് എതിർപ്പെന്ന് അറിയില്ല'- അദ്ദേഹം കൂട്ടിച്ചേർത്തു.
ഹുബ്ബള്ളിയിൽ നടന്ന പരിപാടിയിൽ ദേവർ ഗുഡിഹാൾ റോഡിലെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്ക് സൗജന്യ തയ്യൽ മെഷീനുകളുടെ വിതരണവും ഉൾപ്പെട്ടിരുന്നു. ജില്ലയുടെ ചുമതലയുള്ള മന്ത്രി സന്തോഷ് ലാഡ് ആണ് പദ്ധതികൾ ഉദ്ഘാടനം ചെയ്തത്. പരിപാടിയിൽ 14 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.