'ഐ ലവ് മുഹമ്മദ്' പോസ്റ്റർ, വീഡിയോ; യുപിയിൽ 10 പേർ കൂടി അറസ്റ്റിൽ; അഞ്ച് പേർക്കെതിരെ കേസ്
മുസഫർ നഗറിൽ 30കാരനായ നദീമിനെ സോഷ്യൽമീഡിയയിൽ പ്രകോപനപരമായ വീഡിയോ പോസ്റ്റ് ചെയ്തെന്നാരോപിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ലഖ്നൗ: ഉത്തർപ്രദേശിൽ 'ഐ ലവ് മുഹമ്മദ്' ക്യാമ്പയിനുമായി ബന്ധപ്പെട്ട് പൊലീസ് നടപടി തുടരുന്നു. പോസ്റ്റർ പതിക്കുകയും വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തിൽ പത്ത് പേരെയാണ് പുതുതായി സംസ്ഥാനത്താകെ അറസ്റ്റ് ചെയ്തത്. അഞ്ച് പേർക്കെതിരെ കേസെടുക്കുകയും ചെയ്തു.
മുസഫർ നഗറിൽ 30കാരനായ നദീമിനെ സോഷ്യൽമീഡിയയിൽ പ്രകോപനപരമായ വീഡിയോ പോസ്റ്റ് ചെയ്തെന്നാരോപിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ് സംഹിതയിലെ 353, 192, 152 വകുപ്പുകൾ ചുമത്തിയാണ് മുംബൈയിൽ തുണിവ്യാപാരിയായ നദീമിനെ അറസ്റ്റ് ചെയ്തത്.
മീററ്റിൽ നാല് പേരാണ് അറസ്റ്റിലായത്. സരൂർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖിർവ ടൗണിൽ സമാധാനം തകർക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് ഇവർക്കെതിരായ നടപടി. ഫായിസ് (20), നഫീസ് (23), ആബിദ് (59), മുഹമ്മദ് ലുക്മാൻ (35) എന്നിവരാണ് അറസ്റ്റിലായത്.
'ഐ ലവ് മുഹമ്മദ്' പോസ്റ്റർ പതിച്ചതിന് മീററ്റിൽ അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. മവാന ടൗണിലാണ് ഇവർ പോസ്റ്റർ പതിച്ചത്. ഇതിനെതിരെ നാട്ടുകാരിൽ ചിലർ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതുകൂടാതെ, പോസ്റ്റർ പതിച്ചതിന് ഇദ്രീസ്, തസ്‌ലീം, റിഹാൻ, ഗുൽഫാം, ഹാറൂൻ എന്നിവർക്കെതിരെ ഭാരതീയ ന്യായ് സംഹിതയിലെ 353ാം വകുപ്പ് പ്രകാരം കേസെടുത്തതായും പൊലീസ് പറഞ്ഞു.
നബിദിനത്തോടനുബന്ധിച്ച് 'ഐ ലവ് മുഹമ്മദ്' ബാനർ ഉയർത്തിയതിന് കാൺപൂരിൽ നിരവധി യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടക്കുകയും 'ഐ ലവ് മുഹമ്മദ്' പോസ്റ്ററുകളും പ്ലക്കാർഡുകളുമായി നിരവധി പേർ തെരുവിലിറങ്ങുകയും ചെയ്തു. സെപ്തംബർ 26ന് 'ഐ ലവ് മുഹമ്മദ്' കാമ്പയിനുമായി ബന്ധപ്പെട്ട് ബറേലിയിൽ സംഘർഷമുണ്ടാവുകയും ചെയ്തു.
ബറേലിയിൽ നബിദിനത്തോട് അനുബന്ധിച്ച് 'ഐ ലവ് മുഹമ്മദ്' കാമ്പയിന് നേതൃത്വം നൽകിയതിന്റെ പേരിൽ ഇസ്‌ലാമിക പണ്ഡിതനും ഇത്തിഹാദെ മില്ലത്ത് കൗൺസിൽ നേതാവുമായ തൗഖീർ റാസയെ പാെലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന്, തൗഖീർ റാസയുടെ അടുത്ത അനുയായികൾ അടക്കം നൂറിലധികം പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
തൗഖീറിന്റെ സുഹൃത്ത് ഡോ. നഫീസിന്റെ ഉടമസ്ഥതയിലുള്ള 'റാസാ പാലസ്' ഓഡിറ്റോറിയം ബറേലി ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തുകയും ചെയ്തു. ഓഡിറ്റോറിയം അനധികൃതമായി നിർമിച്ചതാണെന്ന് ആരോപിച്ചായിരുന്നു നടപടി. എന്നാൽ ഈക്കാര്യത്തിൽ നേരത്തെ നോട്ടീസ് നൽകുകയോ വിശദീകരണം തേടുകയോ ചെയ്തിട്ടില്ലെന്ന് ഡോ. നഫീസ് പറഞ്ഞിരുന്നു.
ഇതിനിടെ, ബൈക്കിൽ 'ഐ ലവ് മുഹമ്മദ്' സ്റ്റിക്കർ പതിപ്പിച്ചതിന് യുവാവിന് ഉത്തർപ്രദേശ് പൊലീസ് പിഴ ചുമത്തുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥൻ തന്നെ തടഞ്ഞുനിർത്തിയെന്നും ആക്ഷേപിച്ചുവെന്നും പിഴ ലഭിച്ച യുവാവ് പറയുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു.
സെപ്തംബർ നാലിന് കാൺപൂരിലെ റാവത്പൂർ പ്രദേശത്ത് ഒരു മുസ്‌ലിം സംഘടന പരമ്പരാഗത നബിദിന ഘോഷയാത്രയ്ക്കിടെ 'ഐ ലവ് മുഹമ്മദ്' എന്ന ബാനർ പ്രദർശിപ്പിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. തുടർന്നുണ്ടായ പ്രതിഷേധത്തെ തുടർന്ന് 21 കേസുകൾ രജിസ്റ്റർ ചെയ്യുകയും 1,324 മുസ്‌ലിംകൾ പ്രതികളാകുകയും ചെയ്തതായി അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എപിസിആർ) അറിയിച്ചിരുന്നു. ഇതിൽ 38 പേർ നേരത്തെ അറസ്റ്റിലാവുകയും ചെയ്തു.