പിണങ്ങിപ്പോയ ഭാര്യ തിരികെ വരാൻ അഞ്ച് വയസുകാരനെ നരബലി നൽകി യുവാവ്

മനോജിനെയും മന്ത്രവാദിയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

Update: 2025-07-23 11:03 GMT
Editor : Jaisy Thomas | By : Web Desk
Advertising

ജയ്പൂര്‍: പിണങ്ങിപ്പോയ ഭാര്യ തിരികെ വരാൻ അഞ്ച് വയസുകാരനെ ബലി നൽകി യുവാവ്. രാജസ്ഥാനിലെ ഖൈർത്താൽ ജില്ലയിലെ മുണ്ടവാർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സരായ് ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. കുട്ടിയുടെ അമ്മാവനായ മനോജാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. മനോജിന്റെ ഭാര്യ പിണങ്ങിപ്പോയിരുന്നു. ഭാര്യ തിരികെയെത്താൻ നരബലി നടത്തണമെന്ന മന്ത്രവാദിയുടെ നിർദേശത്തെ തുടർന്നായിരുന്നു കൊടുംക്രൂരത. മനോജിനെയും മന്ത്രവാദിയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മൂന്ന് ദിവസം മുമ്പ് ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്ന് ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നുവെന്ന് മുണ്ടവാർ എസ്എച്ച്ഒ മഹാവീർ സിങ് പറഞ്ഞു.ലോകേഷ് എന്ന അഞ്ചു വയസുകാരനാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിരുന്നു. പൊലീസ് സ്ഥലത്തെത്തുമ്പോൾ മനോജും അവിടെയുണ്ടായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. മനോജുമായുള്ള തർക്കത്തെ തുടർന്ന് ഭാര്യ വീടുവിട്ട് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഭാര്യയെ തിരികെ വീട്ടിലെത്തിക്കാൻ മന്ത്രവാദിയെ കണ്ട മനോജിനോട് 12,000 രൂപയും ഒരു കുട്ടിയെ ബലി നൽകണമെന്നും മന്ത്രവാദത്തിനായി കുട്ടിയുടെ രക്തവുമാണ് ആവശ്യപ്പെട്ടത്.

ശനിയാഴ്ചയോടെ കുട്ടിയെ ലക്ഷ്യമിട്ട മനോജ് മിഠായി നൽകി ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നു. വീട്ടിനുള്ളിൽ വച്ച് കുട്ടിയെ കൊന്ന് വൈക്കോലിൽ ഒളിപ്പിച്ച ശേഷം കുട്ടിയുടെ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് സിറിഞ്ചിൽ രക്തം ശേഖരിക്കുകയായിരുന്നു. രക്തം എടുക്കാൻ ഉപയോഗിച്ച സിറിഞ്ച് പൊലീസ് കണ്ടെടുത്തു. കുറ്റകൃത്യത്തിന് സഹായിച്ചതിന് മന്ത്രവാദിയും അറസ്റ്റിലായിട്ടുണ്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News