അറ്റകുറ്റപ്പണി മുന്നറിയിപ്പ് അവഗണിച്ചു; ഡല്‍ഹി എയര്‍പോര്‍ട്ടില്‍ പകുതിയിലേറെ വിമാനങ്ങള്‍ വൈകി
501 വിമാനങ്ങളുടെ പുറപ്പെടലും 384 വിമാനങ്ങളുടെ ആഗമനവും വൈകി
ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ അറ്റകുറ്റപ്പണി മുന്നറിയിപ്പുകള്‍ അവഗണിച്ചതിനെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തില്‍ ഞായറാഴ്ച പകുതിയിലേറെ വിമാനങ്ങളും വൈകി. നാലു മാസം മുമ്പ് നല്‍കിയ അറ്റകുറ്റപ്പണി മുന്നറിയിപ്പുകള്‍ വിമാനക്കമ്പനികൾ കാര്യമായെടുക്കാത്തതാണ് വിനയായത്.
തിരക്കുള്ള വേനലാവധി സമയത്ത് എയര്‍പോട്ടിലെ നാല് റണ്‍വേകള്‍ അറ്റകുറ്റപ്പണിയുടെ ഭാഗമായി അടച്ചിടുകയും കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റവും ഒന്നിച്ചുവന്നതോടെ പ്രവർത്തനം താളംതെറ്റി. അതേസമയം, ആശയവിനിമയത്തിലും ആസൂത്രണത്തിലും പിഴവുണ്ടായതാണ് യാത്രക്കാരെ ദുരിതത്തിലാക്കിയതെന്നും ആരോപണമുണ്ട്.
മുന്നറിയിപ്പുണ്ടായിട്ടും കാര്യമായ മുന്നൊരുക്കങ്ങള്‍ വിമാനക്കമ്പനികള്‍ നടത്തിയിരുന്നില്ല. എയര്‍പോര്‍ട്ടിലെ 10/28 റണ്‍വേകള്‍ ഏപ്രില്‍ എട്ടു മുതല്‍ അടച്ചിടാൻ നേരത്തെ തന്നെ മുഴുവന്‍ വിമാനക്കമ്പനികളുമായും എയര്‍പോര്‍ട്ട് ട്രാഫിക് കണ്‍ട്രോളുമായും ചര്‍ച്ച ചെയ്ത് തീരുമാനിച്ചതാണെന്നും സർവീസ് ഒഴിവാക്കുകയോ സമയം മാറ്റുകയോ ചെയ്യേണ്ടതായിരുന്നുവെന്നും വിമാനത്താവള നടത്തിപ്പ് ചുമതലയുള്ള ഡയല്‍ (ഡിഐഎഎല്‍) ‘എക്സ്’ പോസ്റ്റില്‍ പറഞ്ഞു. യാത്രക്കാരുടെ സുരക്ഷയ്ക്കും സുതാര്യമായ നടത്തിപ്പിനും വിമാനക്കമ്പനികളുടെ അനാസ്ഥ വിലങ്ങുതടിയായെന്നും അവര്‍ ആരോപിച്ചു.
ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. 501 വിമാനങ്ങളുടെ പുറപ്പെടലും 384 വിമാനങ്ങളുടെ ആഗമനവും വൈകിയതായി വിമാന ട്രാക്കിങ് സര്‍വീസായ ഫ്‌ലൈറ്റ് റഡാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ കുടുങ്ങി. ഡല്‍ഹി വിമാനത്താവളം ദയനീയമാണെന്നും മൂന്ന് മണിക്കൂറിലധികം ആകാശത്തിരുന്ന ശേഷം വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ട ഞങ്ങള്‍ ഇനി എപ്പോള്‍ തിരിക്കുമെന്ന് പോലും അറിയില്ലെന്നും ഒമര്‍ അബ്ദുല്ല എക്സ് പോസ്റ്റില്‍ കുറിച്ചു.