സുപ്രിംകോടതിക്കെതിരായ പരാമർശം: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖഡിനെതിരെ കേസെടുക്കാൻ അനുമതി തേടി ഹരജി

കോടതിയലക്ഷ്യത്തിന് കേസ് ഫയൽ ചെയ്യാൻ അനുമതി നൽകണമെന്നാണ് ആവശ്യം.

Update: 2025-04-21 03:10 GMT
Advertising

ന്യൂഡൽഹി: സുപ്രിംകോടതിക്കെതിരായ പരാമർശത്തിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖഡിനെതിരെ കേസെടുക്കാൻ അനുമതി തേടി ഹരജി. അറ്റോർണി ജനറലിനു മുമ്പാകെ സുപ്രിംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടനാണ് ഹരജി നൽകിയത്. കോടതിയലക്ഷ്യത്തിന് കേസ് ഫയൽ ചെയ്യാൻ അനുമതി നൽകണമെന്നാണ് ആവശ്യം.

ബില്ലിൽ ഒപ്പിടുന്നതിനു ഗവർണർമാർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചതിനെതിരെ ഉപരാഷ്ട്രപതി നടത്തിയ പ്രതികരണത്തിനെതിരെയാണ് ഹരജി. കോടതിയലക്ഷ്യ നിയമം വകുപ്പ് 15 പ്രകാരമാണ് ഹരജി ഫയൽ ചെയ്തത്.

കഴിഞ്ഞമാസം 17നാണ് ഉപരാഷ്ട്രപതി സുപ്രിംകോടതിയെയും ജഡ്ജിമാരെയും അധിക്ഷേപിക്കുന്ന പ്രസ്താവന നടത്തിയത്. ഇതിനു പിന്നാലെ ബിജെപി നേതാക്കളും അധിക്ഷേപം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉപരാഷ്ട്രപതിയെ പ്രോസിക്യൂട്ട് ചെയ്യണം, കേസെടുക്കണം എന്നും അതിനായി കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്യാൻ അനുമതി നൽകണമെന്നും അഭിഭാഷകൻ‌ ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യസഭയുടെ ആറാം ഇന്റേണുകളുടെ ബാച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഉപരാഷ്ട്രപതി സുപ്രിംകോടതിയെയും ജഡ്ജിമാരെയും അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തതെന്ന് അഡ്വ. സുഭാഷ് തീക്കാടൻ മീഡിയവണിനോട് പറഞ്ഞു. ഇത് വളരെ ഗുരുതരമായ കാര്യമാണ്. ഉപരാഷ്ട്രപതി തന്നെ രാജ്യത്തിന്റെ പരമോന്നത കോടതിയെയും ജഡ്ജിമാരെയും അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചാൽ സ്വാഭാവികമായും മറ്റുള്ളവരും അതിനെ പിന്തുടർന്ന് സമാന പ്രസ്താവനകൾ നടത്തും.

തമിഴ്‌നാട് സർക്കാരുമായി ബന്ധപ്പെട്ട കേസിൽ വിധി വന്നപ്പോഴായിരുന്നു അതിനെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. കോടതിയെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്താൽ ക്രിമിനൽ അലക്ഷ്യത്തിന്റെ പരിധിയിൽ വരുന്നതാണ്. സമ്പൂർണ നീതി നടപ്പാക്കാൻ ആർട്ടിക്കിൾ 142 പ്രകാരം ഏതറ്റം വരെയും പോകാനുള്ള അധികാരം സുപ്രിംകോടതിക്കുണ്ട്. ആ അധികാരമാണ് ഈ കേസിൽ സുപ്രിംകോടതി ഉപയോഗിച്ചത്. ഭരണഘടനയുടെ വ്യാഖ്യാതാവാണ് സുപ്രിംകോടതി.

ആർട്ടിക്കിൾ 360/1 പ്രകാരം രാഷ്ട്രപതിക്കും ഗവർണർമാർക്കും ഭരണഘടന ഒരു പരിരക്ഷ നൽകുന്നുണ്ട്. അത്തരമൊരു പരിരക്ഷ ഉപരാഷ്ട്രപതിക്ക് ഭരണഘടന നൽകുന്നില്ല. ഹരജിയിൽ അറ്റോർണി ജനറൽ അനുമതി നൽകാൻ വൈകിയാലും നൽകിയില്ലെങ്കിലും സുപ്രിംകോടതിയെ നേരിട്ട് സമീപിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News