ജസ്റ്റിസ് യശ്വന്ത് വർമയുടെ ഹരജി പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ്
ഔദ്യോഗിക വസതിയിൽ അനധികൃത നോട്ട് കൂമ്പാരം കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണ സമിതി, തൻ്റെ ഭാഗം കേട്ടില്ലെന്നാണ് ജസ്റ്റിസ് വർമയുടെ പരാതി
ന്യൂഡല്‍ഹി: ജസ്റ്റിസ് യശ്വന്ത് വർമയുടെ ഹരജി പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്.
ഔദ്യോഗിക വസതിയിൽ അനധികൃത നോട്ട് കൂമ്പാരം കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണ സമിതി, തൻ്റെ ഭാഗം കേട്ടില്ലെന്നാണ് ജസ്റ്റിസ് വർമയുടെ പരാതി.
'ജഡ്ജിമാരുടെ സമിതി മുൻവിധിയോടെയാണ് പെരുമാറിയത്. റിപ്പോർട്ട് ഏകപക്ഷീയമാണ്. റിപ്പോർട്ട് കിട്ടിയതോടെ ഇംപീച്ച്മെൻ്റിനായി മുൻ ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്ന രാഷ്ട്രപതിക്ക് അയച്ചു. ഈ നടപടി ശരിയല്ലെന്നും'- ബി.ആർ ഗവായ് ഹരജിയിൽ ചൂണ്ടികാട്ടുന്നു.
അതേസമയം കേസ് അടിയന്തരമായി കേൾക്കണമെന്ന് ജസ്റ്റിസ് വർമ്മയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു.
ഹരജി താൻ പരിഗണിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ ബെഞ്ചിലേക്ക് ചീഫ് ജസ്റ്റിസ് മാറ്റുന്നത്. ജസ്റ്റിസ് വർമ്മയെ ഇംപീച്ച് ചെയ്യാൻ ശിപാർശ ചെയ്ത മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുമായി താൻ ചർച്ചകളിൽ പങ്കാളിയായിരുന്നുവെന്നും അതിനാല്‍ ഈ കേസില്‍ വാദം കേൾക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
അതേസമയം ഇംപീച്ച്മെൻ്റ് നടപടിയുമായി പാർലമെൻ്റിൽ കേന്ദ്രം മുന്നോട്ട് പോകുമ്പോഴാണ് ഹരജി വീണ്ടും സുപ്രീംകോടതി പരിഗണിക്കുന്നത്. ഡൽഹിയിലെ 30 തുഗ്ലക്ക് ക്രസന്‍റ് വസതിയിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വർമയുടെ വസതിയിൽ നിന്ന് കണക്കിൽ പെടാത്ത തുക കണ്ടെത്തുന്നത്.