'സഭ പാസാക്കുന്ന ബില്ലുകളിൽ അടയിരിക്കരുത്, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം'; തമിഴ്‌നാട് ഗവർണര്‍ക്ക് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം
ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടി കോടതി റദ്ദാക്കി
ഡല്‍ഹി:നിയമസഭ പാസാക്കിയ ബില്ലുകൾ അനുമതി നൽകാതെ തടഞ്ഞുവെക്കുകയും പിന്നീട് രാഷ്ട്രപതിക്ക് വിടുകയും ചെയ്‌ത തമിഴ്‌നാട് ഗവർണര്‍ ആർ.എൻ രവിക്ക് തിരിച്ചടി. ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടി സുപ്രിംകോടതി റദ്ദാക്കി. ഗവർണർ ആത്മാർത്ഥമായി പ്രവർത്തിച്ചില്ല. രാഷ്ട്രപതിയുടെ അംഗീകാരത്തിനായി 10 ബില്ലുകൾ നീക്കിവച്ചത് നിയമവിരുദ്ധമാണ്. ബില്ലുകളില്‍ പരമാവധി മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു.
അതേസമയം,ബില്ലുകളിൽ തീരുമാനമെടുക്കാത്തതിൽ ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നൽകിയ ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിലും ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചിലുമാണ് ഹരജികൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. നിയമസഭ പാസാക്കിയ നാല് ബില്ലുകൾ രാഷ്‌ട്രപതി തടഞ്ഞുവെച്ചത് ഭരണഘടനാവിരുദ്ധമാണെന്ന് കേരളത്തിന്റെ വാദം.