'ബംഗാളിലെ അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തത്, ഇന്ധനം പകർന്നത് ബിഎസ്എഫും ബിജെപിയും': മമത ബാനർജി

'' സംസ്ഥാന സർക്കാറിനല്ല അതിർത്തി കാക്കുന്ന ചുമതല. ആ പണി ബിഎസ്എഫ് ആണ് ചെയ്യുന്നത്. കേന്ദ്രസർക്കാറിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല''

Update: 2025-04-17 02:34 GMT
Editor : rishad | By : Web Desk
Advertising

കൊല്‍ക്കത്ത: വഖഫ് നിയമത്തിനെതിരായ പ്രതിഷേധപ്രകടനങ്ങൾക്കിടെ മുര്‍ഷിദാബാദിലുണ്ടായ അക്രമ സംഭവങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

ബിജെപിയും ചില കേന്ദ്ര ഏജൻസികളും അതിർത്തി സുരക്ഷാ സേനയിലെ (ബിഎസ്എഫ്)ചിലരും ചേര്‍ന്നാണ് അക്രമസംഭവങ്ങള്‍ക്ക് ഇന്ധനം പകര്‍ന്നതെന്നും മമത ആരോപിച്ചു.  കൊൽക്കത്തയിൽ മുസ്‌ലിം മതനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് മമതയുടെ ഗുരുതര ആരോപണം. സംഘര്‍ഷങ്ങള്‍ക്ക് മുമ്പെ ബംഗ്ലാദേശിൽ നിന്നുള്ള അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം അനുവദിച്ചുകൊണ്ട് ബിജെപി അശാന്തി സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും മമത ആരോപിച്ചു.

'' മുർഷിദാബാദ് കലാപത്തിൽ അതിർത്തിക്കപ്പുറത്തുള്ളവരുടെ പങ്ക് അവകാശപ്പെടുന്ന വാർത്തകൾ വരുന്നുണ്ട്. സംസ്ഥാന സർക്കാറിന് അല്ല അതിര്‍ത്തി കാക്കുന്ന ചുമതല. ആ പണി ബിഎസ്എഫ് ആണ് ചെയ്യുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് (എംഎച്ച്എ) കീഴിലാണ് ബിഎസ്എഫ് വരുന്നത്. കേന്ദ്ര സർക്കാരിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല''- മമത പറഞ്ഞു. അക്രമ സമയത്ത് കല്ലെറിയാന്‍ അതിർത്തി പ്രദേശങ്ങളിൽ ബി‌എസ്‌എഫ് ആർക്കാണ് ധനസഹായം നൽകിയതെന്ന് കണ്ടെത്തുമെന്നും മമത പറഞ്ഞു.

സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനായി പുറത്തുനിന്ന് ബിജെപിക്കാരെ അനുവദിച്ചത് എന്തിനാണെന്നും മമത ചോദിച്ചു. അതേസമയം സംഘര്‍ഷങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന ആരോപണങ്ങള്‍ മമത തള്ളി. തങ്ങള്‍ക്ക് പങ്കുണ്ടെങ്കില്‍ തൃണമൂല്‍ നേതാക്കളുടെ വീടുകള്‍ ആക്രമിക്കപ്പെടില്ലായിരുന്നുവെന്ന് മമത പറഞ്ഞു.വഖഫ് നിയമത്തിനെതിരായ പോരാട്ടത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍നിരയിലുണ്ടെന്നും മുസ്‌ലിം പുരോഹിതരുമായുള്ള കൂടിക്കാഴ്ചയില്‍ മമത വ്യക്തമാക്കി.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News