ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ മുസ്‍ലിം പള്ളിക്കു നേരെ കല്ലെറിഞ്ഞ മധ്യപ്രദേശ് ബിജെപി നേതാവിനെതിരെ കേസ്

പള്ളിക്ക് നേരെ കല്ലെറിയുന്നതിന്റെയും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുന്നതിന്റെ വിഡിയോകൾ പുറത്തുവന്നു

Update: 2025-04-16 12:49 GMT
Advertising

ഭോപാൽ: ഹനുമാൻ ജയന്തിയുടെ ഭാഗമായി നടന്ന ഘോഷയാത്രക്കിടെ മുസ്‍ലിം പള്ളിക്കു നേരെ കല്ലെറിയുകയും പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും ചെയ്തതിന് ബിജെപി നേതാവും ഗുണയിലെ കൗണ്‍സിലറുമായ ഓംപ്രകാശിനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു.

കോലുപുരയില്‍ നിന്നും കേണല്‍ഗഞ്ച് വഴി കടന്നുപോയ ഘോഷയാത്രക്കിടയിലാണ് മദീന മസ്ജിദിന് നേരെ ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.  ഘോഷയാത്ര സംഘം ക്രമസമാധാനം തടസ്സപ്പെടുത്തിയെന്നും കോട് വാലി പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു.

ഏപ്രില്‍ 12ന് വൈകുന്നേരം 4 മണിയോടെ ആരംഭിച്ച ഘോഷയാത്ര സംഘം പള്ളിക്കു സമീപത്തെത്തിയപ്പോള്‍ കല്ലെറിയുകയും മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ഗതാഗത തടസ്സമുണ്ടാക്കുകയും ചെയ്തു. ഘോഷയാത്രക്ക് അനുമതി നൽകിയിട്ടി​ല്ലെന്ന് പൊലീസ് പറഞ്ഞു. ഓംപ്രകാശിന് പുറമെ ബിജെപി നേതാക്കളായ മോനു ഓജ, വിശാല്‍ അനോഷിയ, സഞ്ജയ് എന്നിവർക്കെതി​രെയും ബി എന്‍ എസ് സെക്ഷന്‍ 191(1), 299, 132 എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വൻ പൊലീസ് സംഘമെത്തിയാണ് പ്രകോപന മുദ്രാവാക്യങ്ങളുമായി മസ്ജിദിന് മുന്നിൽ തടിച്ചൂകൂടിയ ജനങ്ങളെ പിരിച്ചുവിട്ടത്.  പള്ളിക്ക് നേരെ കല്ലെറിയുന്നതിന്റെയും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുന്നതിന്റെ വിഡിയോകൾ വൈറലാണ്. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News