നാഷണൽ ഹെറാൾഡ് കേസ്: ഇഡിക്കെതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം; നേതാക്കളെ വലിച്ചിഴച്ച് പൊലീസ്
ഇഡിയെ ഇലക്ഷൻ ഡിപ്പാർട്ട്മെന്റ് ആക്കിയെന്ന് കോൺഗ്രസ് പരിഹസിച്ചു.
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഇഡി കുറ്റപത്രം നൽകിയതിൽ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം.
ഡൽഹിയിൽ എഐസിസി ഓഫീസിന് മുന്നിൽ നിന്ന് ഇഡി ഓഫീസിലേക്കുള്ള മാർച്ച് പൊലീസ് തടഞ്ഞു. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. ഷമ മുഹമ്മദ് ഉൾപ്പടെയുള്ള നേതാക്കളെ പൊലീസ് വലിച്ചിഴച്ചു. ബാരിക്കേഡ് മറികടന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
കുറ്റപത്രത്തിൽ കേന്ദ്രത്തെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. ഇഡിയെ ഇലക്ഷൻ ഡിപ്പാർട്ട്മെന്റ് ആക്കിയെന്ന് പരിഹസിച്ചു. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും രാഷ്ട്രീയമായി ഉന്നംവയ്ക്കാനായി കെട്ടിച്ചമിച്ചതാണ് നാഷണൽ ഹാർഡ് കേസ് എന്നാണ് കോൺഗ്രസ് വിമർശനം.
യങ് ഇന്ത്യയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നതിൽ എവിടെയാണ് കള്ളപ്പണ ഇടപാട് എന്ന് മനു അഭിഷേക് സിങ്‌വി ചോദിച്ചു. രാജ്യം സാമ്പത്തിക അടിയന്തരാവസ്ഥയിലൂടെ കടന്നുപോകുമ്പോൾ ഇതിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് കേസിനാധാരമെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി.
വരുംദിവസങ്ങളിലും രാജ്യവ്യാപകമായിത്തന്നെ പ്രതിഷേധത്തിന് തയാറെടുക്കുകയാണ് കോൺഗ്രസ്. ഈ മാസം 25നാണ് ഡൽഹി റൗസ് അവന്യു കോടതി കുറ്റപത്രം പരിഗണിക്കുന്നത്.