നാഗ്പൂര്‍ സംഘര്‍ഷം; ബുള്‍ഡോസര്‍ രാജിൽ ഹൈക്കോടതിയോട് മാപ്പ് പറഞ്ഞ് മുനിസിപ്പൽ കമ്മീഷണര്‍
മാർച്ച് 17 ന് നാഗ്പൂരിൽ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് പൊലീസ് ആരോപിക്കുന്ന ഫഹിം ഖാന്‍റെ വീട് നഗരസഭ പൊളിച്ചുമാറ്റിയിരുന്നു
നാഗ്പൂര്‍: സുപ്രിം കോടതിയുടെ മാനദണ്ഡങ്ങൾ പാലിക്കാതെ വീട് പൊളിച്ചുമാറ്റിയതിന് നാഗ്പൂർ മുനിസിപ്പൽ കമ്മീഷണർ ചൊവ്വാഴ്ച ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിനോട് നിരുപാധികം മാപ്പ് പറഞ്ഞു. മാർച്ച് 17 ന് നാഗ്പൂരിൽ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് പൊലീസ് ആരോപിക്കുന്ന ഫഹിം ഖാന്‍റെ വീട് നഗരസഭ പൊളിച്ചുമാറ്റിയിരുന്നു.
സംഘര്‍ഷത്തിൽ പ്രതികളായ ആളുകളുടെ സ്വത്തുക്കൾ പൊളിക്കുന്നതിന് മുന്‍പ് പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചുള്ള സുപ്രിം കോടതി ഉത്തരവിനെക്കുറിച്ച് ടൗൺ പ്ലാനിംഗ്, ചേരി വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് അറിയില്ലായിരുന്നുവെന്ന് നാഗ്പൂർ മുനിസിപ്പൽ കമ്മീഷണർ അഭിജിത് ചൗധരി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഫഹിമിന്‍റെ പിതാവ് അബ്ദുൾ ഹാഫിസിന്‍റെയും(96) മാതാവ് മെഹ്‌റുന്നിസയുടെയും(69) ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി. സുപ്രിം കോടതിയുടെ ഉത്തരവുകൾ ലംഘിച്ചുകൊണ്ട് ഏകപക്ഷീയമായ രീതിയിലാണ് പൊളിച്ചുമാറ്റൽ നടത്തിയതെന്ന് ഹരജിക്കാർ വാദിച്ചതിനെത്തുടർന്ന് മാർച്ച് 25 ന് ഹൈക്കോടതി കൂടുതൽ പൊളിക്കൽ നടപടികൾ നിർത്തിവച്ചിരുന്നു.
ഈ വിഷയത്തിൽ സുപ്രിം കോടതി വിധിയെക്കുറിച്ച് യോഗ്യതയുള്ള അധികാരികളെയോ എക്സിക്യൂട്ടീവ് എഞ്ചിനീയർമാരെയോ അറിയിച്ചിട്ടില്ലെന്ന് മുനിസിപ്പൽ കമ്മീഷണർ ചൗധരി സത്യവാങ്മൂലത്തിൽ പറഞ്ഞു. സ്വത്തുക്കൾ നിയമവിരുദ്ധമാണെങ്കിൽ നടപടിയെടുക്കാൻ നാഗ്പൂർ പൊലീസ് നഗരസഭയോട് അഭ്യർഥിച്ചിരുന്നുവെന്നും മുൻകൂർ അനുമതിയില്ലാതെയാണ് വീടുകൾ നിർമിച്ചതെന്ന് ഒരു സർവേയിൽ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രിം കോടതി ഉത്തരവ് മുനിസിപ്പൽ അധികാരികൾക്ക് വിതരണം ചെയ്യുന്നതിൽ പരാജയപ്പെട്ടതിൽ രണ്ടാഴ്ടക്കുള്ളിൽ വിശദീകരണം നൽകാൻ മഹാരാഷ്ട്ര സർക്കാരിനോട് ജഡ്ജിമാരായ നിതിൻ സാംബ്രെയും വൃഷാലി ജോഷിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിര്‍ദേശിച്ചു. ഫഹിമീന്‍റെ നിര്‍മാണം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വീടിന്‍റെ ഒരുഭാഗം ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. നാഗ്പൂര്‍ സംഘര്‍ഷത്തിൽ കലാപകാരികളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മുന്നറിയിപ്പ് നൽകിയിരുന്നു. ആവശ്യമെങ്കിൽ ബുൾഡോസർ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 17നാണ് നാഗ്പൂരിൽ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മുഗൾ ചക്രവർത്തി ഔറംഗസേബിന്‍റെ ശവകുടീരം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് നാഗ്പൂരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. നാഗ്പൂർ സെന്‍ററിലെ മഹല്‍ പ്രദേശത്ത് ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു. പൊളിച്ചില്ലെങ്കില്‍ കര്‍സേവയെന്ന വിഎച്ച്പി ഭീഷണിക്ക് പിന്നാലെയായിരുന്നു സംഘർഷം. പ്രദേശത്ത് പൊലീസ് വിന്യാസം ഉണ്ടായിരുന്നെങ്കിലും ഇരുവിഭാഗങ്ങൾ നേർക്കുനേർ നിന്ന് കല്ലെറിയുകയായിരുന്നു.