വഖഫ് നിയമഭേദഗതിയിൽ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്നുണ്ടായേക്കും
ഇടക്കാല ഉത്തരവ് പാസാക്കരുതെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശം കണക്കിലെടുത്താണ് വാദം ഇന്നത്തേക്ക് മാറ്റിയത്
Update: 2025-04-17 00:48 GMT
ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിയിൽ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്നുണ്ടായേക്കും. ഹരജികളിൽ വാദം പൂർത്തിയാകുന്നത് വരെ നടപടികളിലേക്ക് പോകരുതെന്ന് കാട്ടി മൂന്നു നിർദേശങ്ങളാണ് ഇന്നലെ സുപ്രിംകോടതി മുന്നോട്ടുവച്ചത്.
നിലവിലെ വഖഫ് സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുതെന്നും എക്സ് ഒഫീഷ്യോ അംഗങ്ങളൊഴികെ വഖഫ് ബോർഡിലെയും കൗണ്സിലിലെയും മുഴുവൻ അംഗങ്ങൾ മുസ്‌ലിം ആയിരിക്കണമെന്ന നിർണായക നിർദേശവും കോടതി മുന്നോട്ടു വച്ചു.
കലക്ടർക്ക് നിയമനടപടികളിലേക്ക് പോകാമെന്നും എന്നാൽ തീരുമാനമെടുക്കുന്നത് കോടതിയാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. ഇടക്കാല ഉത്തരവ് പാസാക്കരുതെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശം കണക്കിലെടുത്താണ് വാദം ഇന്നത്തേക്ക് മാറ്റിയത്. ഇന്ന് രണ്ടു മണിക്കാണ് വാദം തുടങ്ങുന്നത്.