'ദൃശ്യങ്ങൾ ഞെട്ടിച്ചു'; യുപിയിൽ ബുൾഡോസറിന് മുന്നിൽ നിന്ന് പുസ്തകങ്ങൾ മാറോടണച്ച് ഓടുന്ന എട്ട് വയസുകാരിയുടെ ദൃശ്യങ്ങളിൽ സുപ്രീം കോടതി
പ്രയാഗ്‌രാജിലെ കയ്യേറ്റമൊഴിപ്പിക്കൽ കേസിലെ വാദത്തിനിടെയായിരുന്നു കോടതിയുടെ പരാമർശം
ന്യൂ ഡൽഹി: യുപിയിൽ ബുൾഡോസറിന് മുന്നിൽ നിന്ന് പുസ്തകങ്ങൾ മാറോടണച്ച് ഓടുന്ന എട്ട് വയസുകാരിയുടെ ദൃശ്യങ്ങൾ ഞെട്ടിച്ചുവെന്ന് സുപ്രീംകോടതി. അനന്യയെന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയായിരുന്നു കോടതിയുടെ പ്രതികണം. പ്രയാഗ്‌രാജിലെ കയ്യേറ്റമൊഴിപ്പിക്കൽ കേസിലെ വാദത്തിനിടെയാണ് യുപി അംബേദ്കർ നഗർ ജലാൽപുരിലെ ഒഴിപ്പിക്കലിനിടെ നടന്ന സംഭവത്തെക്കുറിച്ച് ജസ്റ്റിസ് ഉജ്വൽ ഭുയാൻ പരാമർശിച്ചത്.
"ചെറിയ കുടിലുകൾ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ചുമാറ്റുന്ന ഒരു വീഡിയോ അടുത്തിടെ പുറത്തുവന്നിട്ടുണ്ട്. പൊളിച്ചുമാറ്റിയ കുടിലിൽ നിന്ന് ഒരു കൊച്ചു പെൺകുട്ടി കയ്യിൽ ഒരു പിടി പുസ്തകങ്ങളുമായി ഓടിപ്പോകുന്നത് കാണാം. ആ ദൃശ്യങ്ങൾ എല്ലാവരെയും ഞെട്ടിച്ചു," ജസ്റ്റിസ് ഭൂയാൻ നിരീക്ഷിച്ചു. ഏകദേശം 50 വർഷത്തോളമായി കുടുംബം കൈവശം വെച്ചിരിക്കുന്ന ഭൂമിയാണ് കയ്യേറ്റം ആരോപിച്ച് യുപി സർക്കാർ പൊളിച്ച് മാറ്റിയത്. നിരവധി പേരുടെ കുടിലുകൾ ബുൾഡോസർ ഉപയോഗിച്ച് ഡെപ്യൂട്ടി ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ അന്ന് പൊളിച്ച് മാറ്റിയിരുന്നു.
കുടിലുകൾ പൊളിച്ചുമാറ്റുന്നതിന് മുൻപ് ആളുകൾ ആവശ്യസാധനങ്ങൾ പുറത്തേക്ക് മാറ്റുന്നതിനിടയിലാണ് അനന്യ പുസ്തകങ്ങൾ സുരക്ഷിതമാക്കിയത്. സ്കൂൾ ബാഗിൽ നോട്ടുബുക്കുകളും പുസ്തകങ്ങളും എടുത്ത് കുടിലിൽ നിന്ന് പുറത്തേക്ക് ഓടുന്ന അനന്യയുടെ ദൃശ്യങ്ങൾ നടപടിക്കെതിരെ വ്യാപക പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇത്തരം നടപടികൾ ഭരണഘടനാ വിരുദ്ധവും മനുഷ്യത്വരഹിതവും അധികാര ദുർവിനിയോഗവുമാണെന്നും കോടതി രൂക്ഷ ഭാഷയിൽ വിമർശനം ഉയർത്തി.
അതേസമയം, നിയമനടപടിക്രമങ്ങൾ പാലിക്കാതെ വീടുകള്‍ പൊളിച്ചതില്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് വികസന അതോറിറ്റിക്ക് 60 ലക്ഷം രൂപ സുപ്രീം കോടതി പിഴയിട്ടു. വീട് നഷ്ടപ്പെട്ട ഓരോ കുടുംബങ്ങള്‍ക്കും പത്തുലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനാണ് കോടതിയുടെ ഉത്തരവ്.