മുസ്‍ലിം വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവം; ഇരയുടെ വിദ്യാഭ്യാസ ചെലവ് യുപി സർക്കാർ ഏറ്റെടുക്കണം സുപ്രിം കോടതി
സ്കൂളിലെ പ്രധാനധ്യാപികയായ തൃപ്ത ത്യാഗിയാണ് മുസ്‍ലിം വിദ്യാർഥിയെ തല്ലാൻ മറ്റുള്ള വിദ്യാർഥികളെ പ്രേരിപ്പിച്ചത്. അടിക്കാൻ മറ്റുകുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതും, അടികൊണ്ട് കുട്ടി കരയുന്നതുമായ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
ന്യൂഡൽഹി: മുസഫർ നഗറിൽ മുസ്‍ലിം വിദ്യാർഥിയുടെ മുഖത്ത് സഹപാഠികളെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവത്തില്‍ ഇരയായ വിദ്യാർഥിയുടെ സ്കൂൾ വിദ്യാഭ്യാസ ചെലവ് ഉത്തർപ്രദേശ് സർക്കാർ ഏറ്റെടുണമെന്ന് സുപ്രിം കോടതി. തുഷാർ ഗാന്ധി സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിർദേശം.
2023 ഒക്ടോബറിലാണ് മുസഫർനഗറിൽനിന്ന് 30 കി.മീറ്റർ ദൂരത്തുള്ള കുബ്ബാപൂരിലെ നേഹ പബ്ലിക് സ്കൂളിലെ പ്രധാനധ്യാപികയായ തൃപ്ത ത്യാഗി മുസ്‍ലിം വിദ്യാർഥിയെ തല്ലാൻ മറ്റുള്ള വിദ്യാർഥികളെ പ്രേരിപ്പിച്ചത്. അടിക്കാൻ മറ്റുകുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതും, അടികൊണ്ട് കുട്ടി കരയുന്നതുമായ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ സംഭവം രാജ്യവ്യാപകമായി പ്രതിഷേധത്തിനും കാരണമായിരുന്നു. തുടർന്ന് ക്രിമിനൽ കുറ്റം ചുമത്തി കേസെടുത്തതോടെ തൃപ്ത ത്യാഗി കോടതിയിൽ കീഴടങ്ങിയെങ്കിലും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു.
തൃപ്ത ത്യാഗിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തുഷാർ ഗാന്ധി സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹരജി പരിഗണിച്ചാണ് കുട്ടിയുടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ ട്യൂഷൻ ഫീസ്, യൂണിഫോം, പുസ്തകങ്ങളുടെ വില, വാഹന നിരക്ക് എന്നിവ നൽകേണ്ടത് സംസ്ഥാന സർക്കാരിന്റെ ബാധ്യതയാണെന്ന് കോടതി നിർദേശിച്ചത്. വിദ്യാർഥിയുടെ വിദ്യാഭ്യാസ ചെലവ് വഹിക്കേണ്ട പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനത്തിനാണെന്നും സർക്കാർ അതുവഹിക്കണമെന്നും കഴിഞ്ഞ വർഷം കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ട്യൂഷൻ ഫീസും കുട്ടിയുടെ സ്കൂൾ യൂണിഫോമിനുള്ള ചെലവുകളും വഹിക്കുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടുവെന്ന് തുഷാർ ഗാന്ധി കോടതിയെ അറിയിച്ചു.
കുട്ടിയുടെ ഒരു വർഷത്തെ വിദ്യാഭ്യാസച്ചെലവ് സ്പോൺസർ ചെയ്യാൻ സയ്യിദ് മുർതസ മെമ്മോറിയൽ ട്രസ്റ്റ് തയാറായിട്ടുണ്ടെന്നും അത് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാമെന്നും സംസ്ഥാനം മറുപടി നൽകി. എന്നാലും പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനത്തിനാണെന്ന് കോടതി വീണ്ടും ആവർത്തിച്ചു.
ബാലനെ സഹപാഠികളെക്കൊണ്ട് തല്ലിച്ച അധ്യാപികക്ക് എതിരെ ഒരു നടപടിയും എടുക്കാത്തത് മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു. മർദനത്തിനു ഇരയായ കുട്ടിക്ക് സർക്കാർ നൽകിവന്നിരുന്ന സഹായവും നിർത്തിയതായി അന്ന് കുടുംബം മീഡിയവണിനോട് പറഞ്ഞു. 25 കിലോമീറ്റർ അകലെയുള്ള സ്‌കൂളിൽ പഠന സൗകര്യം യു.പി സർക്കാർ സൗജന്യമായി നൽകും എന്ന ഉറപ്പും പാഴായെന്നും പുതിയ ക്ലാസിലേക്ക് കടന്നപ്പോൾ പാഠപുസ്തകമോ സ്‌കൂൾ യൂണിഫോമോ കൊടുത്തില്ലെന്നും കുടുംബം പറഞ്ഞു. കുട്ടിയെ സ്‌കൂളിൽ കൊണ്ടുപോയി കൊണ്ടുവരുന്നതിനു 200 രൂപ വീതം ദിവസേന നൽകാം എന്ന ഉറപ്പും സർക്കാർ മറന്നു.
തൃപ്ത ത്യാഗി ക്ലാസിലെ മുസ്‌ലിം വിദ്യാർഥിയെ എഴുന്നേൽപ്പിച്ചുനിർത്തിയ ശേഷം മറ്റുള്ള വിദ്യാർഥികളോട് മർദിക്കാൻ ആവശ്യപ്പെടുകയായിരുന്നു. മുസ്‌ലിം വിദ്യാർഥികളെ താൻ ഇത്തരത്തിൽ കൈകാര്യം ചെയ്യാറുണ്ടെന്നും അവരെ ഇങ്ങനെയാണു ചെയ്യേണ്ടതെന്നും അധ്യാപിക വിദ്യാർത്ഥികളോട് നിർദേശിക്കുകയും ചെയ്യുകയായിരുന്നു. കുട്ടിയെ മണിക്കൂറുകളോളം നിർത്തുകയും അപമാനിക്കുകയും മർദിക്കുകയും ചെയ്തുവെന്ന് കുട്ടിയുടെ പിതാവും പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.‘എന്‍റെ മകന് ഏഴു വയസാണ്. അധ്യാപിക മറ്റു വിദ്യാര്‍ഥികളെക്കൊണ്ട് എന്‍റെ കുട്ടിയെ തുടര്‍ച്ചയായി മര്‍ദിച്ചു. എന്‍റെ മരുമകനാണ് വീഡിയോ പകര്‍ത്തിയത്. ജോലി ആവശ്യത്തിനായി സ്കൂളില്‍ പോയതാണ് അവന്‍. ഒന്നോ രണ്ടോ മണിക്കൂറാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇതൊരു ഹിന്ദു-മുസ്‍ലിം പ്രശ്നം മാത്രമല്ല. നിയമം അതിന്‍റെ വഴിക്ക് പോകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു’ പിതാവ് പറഞ്ഞു.