റോഹിംഗ്യൻ അഭയാർഥികളെ ഇന്ത്യ മനുഷ്യത്വരഹിതമായി നാടുകടത്തിയതിൽ ആശങ്ക പ്രകടിപ്പിച്ച് ജമാഅത്തെ ഇസ്‌ലാമിയും പിയുസിഎല്ലും
നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായി റോഹിംഗ്യൻ അഭയാർഥികളെ നാടുകടത്തിയതിനെ പിപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (പിയുസിഎൽ) അപലപിച്ചു.
ന്യൂഡൽഹി: റോഹിംഗ്യൻ അഭയാർഥികളെ ഇന്ത്യ മനുഷ്യത്വരഹിതമായി നാടുകടത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ജമാഅത്തെ ഇസ്‌ലാമിയും പിയുസിഎല്ലും. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം 43 റോഹിംഗ്യൻ അഭയാർഥികളെ ബലം പ്രയോഗിച്ച് നാടുകടത്തിയതിൽ കടുത്ത ആശങ്കയുണ്ടെന്ന് ജമാഅത്തെ ഇസ്‌ലാമി ദേശീയ വൈസ് പ്രസിഡന്റ് പ്രൊഫ. സലീം എഞ്ചിനീയർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഒന്നിലധികം വിശ്വസനീയമായ റിപ്പോർട്ടുകൾ പ്രകാരം നാടുകടത്തപ്പെട്ട അഭയാർഥികളെ കണ്ണുകൾ കെട്ടി, ബന്ധിച്ച് ന്യൂഡൽഹിയിൽ നിന്ന് പോർട്ട് ബ്ലെയറിലേക്ക് കൊണ്ടുപോയി, തുടർന്ന് 2025 മേയ് എട്ടിന് സുരക്ഷിതമായ ഒരു രാജ്യത്തേക്ക് മാറ്റുമെന്ന വ്യാജേന മ്യാൻമർ തീരത്തിനടുത്തുള്ള കടലിലേക്ക് തള്ളിവിടുകയായിരുന്നു. വംശഹത്യയിൽ നിന്ന് രക്ഷപ്പെടാൻ പലായനം ചെയ്ത അതേ രാജ്യമായ മ്യാൻമറിൽ തന്നെയാണ് അവർ തിരിച്ചെത്തിയത്. ഇത് ശരിയാണെങ്കിൽ, ഇന്ത്യയുടെ ഭരണഘടനാപരവും മാനുഷികവുമായ ബാധ്യതകളിൽ നിന്നുള്ള അസ്വസ്ഥതയുണ്ടാക്കുന്നതും ലജ്ജാകരവുമായ ഒരു വ്യതിചലനമാണിത്.
JIH VP, Prof Salim Engineer Voices Grave Concern Over Inhumane Deportation of Rohingya Refugees by Indian Authorities
— Jamaat-e-Islami Hind (@JIHMarkaz) May 15, 2025
New Delhi: The Vice President of Jamaat e Islami Hind (JIH), Prof Salim Engineer, has voiced grave concern over the inhumane deportation of Rohingya refugees by…
പീഡനത്തിനെതിരായ ഐക്യരാഷ്ട്രസഭാ കൺവെൻഷനിൽ ഇന്ത്യ ഒപ്പുവച്ചിട്ടുണ്ടെന്ന് സർക്കാരിനെ ഓർമിപ്പിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നു. ഈ ഉടമ്പടി പ്രകാരം ജീവനോ സ്വാതന്ത്ര്യത്തിനോ ഭീഷണി നേരിടുന്ന സ്ഥലത്തേക്ക് വ്യക്തികളെ തിരിച്ചയക്കുന്നത് വ്യക്തമായി നിരോധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നീതിന്യായ കോടതി റോഹിംഗ്യകളെ വംശഹത്യയുടെ ഇരകളായി അംഗീകരിച്ചിട്ടുണ്ട്. എന്തിന്റെ പേരിലായാലും അവരെ മ്യാൻമറിലേക്ക് നാടുകടത്തുന്നത് അന്താരാഷ്ട്ര നിയമത്തിന്റെയും ധാർമിക ഉത്തരവാദിത്തത്തിന്റെയും ലംഘനമാണ്. നാടുകടത്തപ്പെട്ട വ്യക്തികളെ യുഎൻഎച്ച്‌സിആറിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഭയാർഥി തിരിച്ചറിയൽ രേഖ ഉണ്ടായിരുന്നിട്ടും അവരെ നിർബന്ധിതമായി നീക്കം ചെയ്യുന്നത്, അന്താരാഷ്ട്ര മാനുഷിക മാനദണ്ഡങ്ങളോടും പീഡിപ്പിക്കപ്പെടുന്നവർക്ക് അഭയം എന്ന നിലയിൽ ഇന്ത്യയുടെ ചരിത്രപരമായ പൈതൃകത്തോടുമുള്ള നഗ്‌നമായ അവഗണനയാണെന്നും സലീം എഞ്ചിനീയർ പ്രസ്താവനയിൽ പറഞ്ഞു.
നിയമവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായി റോഹിംഗ്യൻ അഭയാർഥികളെ നാടുകടത്തിയതിനെ പിപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (പിയുസിഎൽ) അപലപിച്ചു. നിയമവാഴ്ച ഇല്ലാതാക്കി കുടിയേറ്റക്കാരെ നാടുകടത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ ടൂൾ കിറ്റാണ് മോദി സർക്കാർ നടപ്പാക്കുന്നതെന്ന് പിയുസിഎൽ ആരോപിച്ചു.
കണ്ണ് കെട്ടി കൈകൾ ബന്ധിച്ചാണ് റോഹിംഗ്യകളെ ഡൽഹിയിൽ നിന്ന് പോർട്ട് ബ്ലെയറിലേക്ക് കൊണ്ടുപോയത്. 15 വയസ്സുള്ള ആൺകുട്ടികളും 16 വയസ്സുള്ള പെൺകുട്ടികളും 66 വയസ്സുള്ള മുതിർന്ന പൗരൻമാരും അക്കൂട്ടത്തിലുണ്ട്. കാൻസർ അടക്കമുള്ള മാരകരോഗങ്ങളുള്ള ആളുകളെയാണ് ഒരു ജീവൻരക്ഷാ മാർഗവുമില്ലാതെ കടലിലെറിഞ്ഞത്. ക്രൂരമായ മർദനത്തിനിരയായെന്നാണ് നാടുകടത്തപ്പെട്ടവർ ബന്ധുക്കളോട് പറഞ്ഞത്. യാത്രയിലുടനീളം മോശമായാണ് പെരുമാറിയത്. കൂട്ടത്തിലൂണ്ടായിരുന്ന സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായെന്നും ബന്ധുക്കൾ പറഞ്ഞതായി പിയുസിഎൽ ഭാരവാഹികൾ പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിച്ചു.