"സോഫിയ ഖുറേഷിക്കും രാജ്യത്തിന് വേണ്ടി പോരാടിയ മുസ്‌ലിംകൾക്കും അഭിനന്ദനങ്ങൾ": ശിഖർ ധവാൻ
പഹല്‍ഗാം ഭീകരാക്രമണത്തിന് രാജ്യം നല്‍കിയ തിരിച്ചടി ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചതിലൂടെയാണ് കേണല്‍ സോഫിയ ഖുറേഷി ശ്രദ്ധ നേടിയത്.
ന്യൂഡല്‍ഹി: കേണല്‍ സോഫിയ ഖുറേഷിക്കും രാജ്യത്തിനു വേണ്ടി പോരാടിയ മുസ്‌ലിംകൾക്കും അഭിനന്ദനങ്ങളുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖർ ധവാൻ.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും ഖുറേഷിക്കെതിരായ അധിക്ഷേപവും അതിന്റെ പിന്നാലെയുണ്ടായ വിമര്‍ശനങ്ങളും ചര്‍ച്ചയാകവെയാണ് ശിഖര്‍ ധവാന്റെ പിന്തുണ. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലാണ് ധവാന്‍ തന്റെ നിലപാട് പ്രകടിപ്പിച്ചത്.
'' ഇന്ത്യയുടെ ആത്മാവ് അതിന്റെ ഐക്യത്തിലാണ് കുടികൊള്ളുന്നത്. കേണൽ സോഫിയ ഖുറേഷിയെപ്പോലുള്ള ധീരന്മാര്‍ക്കും, രാജ്യത്തിനുവേണ്ടി പോരാടിയ എണ്ണമറ്റ ഇന്ത്യൻ മുസ്‌ലിംകൾക്കും അഭിനന്ദനങ്ങൾ. ജയ് ഹിന്ദ്!''- ശിഖര്‍ ധവാന്‍ എക്സില്‍ കുറിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന് രാജ്യം നല്‍കിയ തിരിച്ചടി ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചതിലൂടെയാണ് കേണല്‍ സോഫിയ ഖുറേഷി ശ്രദ്ധ നേടിയത്.
അതേസമയം സോഫിയെ ഖുറേഷിയെ അധിക്ഷേപിച്ച മധ്യപ്രദേശ് മന്ത്രി വിജയ് ഷായ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സുപ്രിംകോടതി നടത്തിയത്. തനിക്കെതിരായ നിയമനടപടികള്‍ മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് ഷാ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ വിമര്‍ശനം. വിജയ് ഷായുടെ പരാമര്‍ശം അംഗീകരിക്കാനാകില്ലെന്നും ഭരണഘടനാ പദവി വഹിക്കുന്നവര്‍ സംസാരത്തില്‍ മിതത്വം പാലിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
എന്തൊരുതരം അഭിപ്രായങ്ങളാണ് നിങ്ങള്‍ പറയുന്നത്? ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ഒരു വ്യക്തി എന്ത് ഭാഷയാണ് ഈ വിഷയത്തില്‍ ഉപയോഗിച്ചിരിക്കുന്നത്? നിങ്ങള്‍ കുറച്ച് കൂടി ഉത്തരവാദിതത്തം കാണിക്കണം. ഹൈക്കോടതിയില്‍ പോയി മാപ്പ് പറയൂവെന്നും ഷായോട് ഗവായ് ആവശ്യപ്പെട്ടു.