മുടികൊഴിച്ചിലിന്റെ എണ്ണ ഉപയോഗിച്ചവർക്ക് പുകച്ചിലും മുഖത്ത് വീക്കവും; ഇൻഫ്ളുവൻസർക്ക് അറസ്റ്റ് വാറണ്ട്

എണ്ണ ഉപയോഗിച്ച 71 ഓളം പേർക്കാണ് കണ്ണുകളിൽ പുകച്ചിലും മുഖത്ത് വീക്കവും അനുഭവപ്പെട്ടത്

Update: 2025-05-15 10:42 GMT
Advertising

ചണ്ഡീഗഡ്: മുടികൊഴിച്ചിൽ തടയുമെന്ന അവകാശവാദത്തോടെ ഇൻഫ്ളുവൻസർ വിറ്റ ​എണ്ണ ഉപയോഗിച്ചവർക്ക് കണ്ണിന് പുകച്ചിലും മുഖത്ത് വീക്കവും. ഉപഭോക്താക്കളുടെ പരാതിയിൽ എണ്ണവിറ്റ ഇൻഫ്ളുവൻസരുടെ ജാമ്യാപേക്ഷ പഞ്ചാബ്- ഹരിയാന ഹൈക്കോടതി തള്ളി.

പ്രമുഖ ഇൻഫ്ളുവൻസറായ അമൻദീപ് സിങിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. മാർച്ച് 16 ന് സംഗ്രൂരിൽ കഷണ്ടി തടയാൻ കഴിയുമെന്ന അവകാശവാദത്തോടെയാണ് അമൻദീപ് സിംഗ് എണ്ണ വിറ്റത്. എണ്ണ ഉപയോഗിച്ച 71 ഓളം പേരുടെ കണ്ണുകളിൽ പുകച്ചിലും മുഖത്ത് വീക്കവും അനുഭവപ്പെട്ടു. പലരും ആശുപത്രിയിൽ ചികിത്സ തേടി. കൃത്യസമയത്ത് ചികിത്സതേടിയിരുന്നില്ലെങ്കിൽ പലരുടെയും കാഴ്ച നഷ്ടപ്പെ​ടുമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. ഇതോ​ടെയാണ് ഉപഭോക്താക്കൾ നിയമനടപടിക്കൊരുങ്ങിയത്.

സോഷ്യൽമീഡിയയിൽ 86,000-ത്തിലധികം ഫോളോവേഴ്‌സുള്ള സിങ്. താൻ തയ്യാറാക്കിയ എണ്ണയുടെ പേറ്റന്റിനായി അപേക്ഷിച്ചിട്ടുണ്ട്. ഉപയോക്താക്കൾ ശ്രദ്ധയില്ലാതെ ഉപയോഗിച്ചതാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നാണ് അദ്ദേഹത്തിന്റെ അവകാശ വാദം. എന്നാൽ ഈ വാദം തള്ളിയ കോടതി ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കാത്ത സൗന്ദര്യവർദ്ധക വസ്തുക്കൾ വിപണനം ചെയ്യുന്നത് അപകടങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി. ആളുകളുടെ ന്യൂനതയും ദൗർബല്യത്തെയും ചൂഷണം ചെയ്യുന്നതിൽ ഇൻഫ്ളുവൻസർമാരുടെ പങ്ക് വലുതാണെന്നും കോടതി വിമർ​ശിച്ചു.

സുരക്ഷയും പാർശ്വഫലങ്ങളും മനസ്സിലാക്കിയ ശേഷമെ ഉൽപ്പന്നങ്ങൾ പുറത്തിറക്കാവു. ശാസ്ത്രീയ പിന്തുണയില്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ അവകാശവാദങ്ങളുള്ള ഉൽപന്നങ്ങൾക്ക് പരസ്യം നൽകി വഞ്ചിക്കുന്നത് അപലപനീയമാണ്. പൊതുജനാരോഗ്യം സംരക്ഷിക്കാനും വിപണിയി​ലെ ഉത്പന്നങ്ങളിൽ വിശ്വാസം നിലനിർത്താനും സംസ്ഥാനത്തിന് ഉത്തരവാദിത്തമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News