പാകിസ്താൻ പതാകയും അനുബന്ധ വസ്തുക്കളും വിൽക്കരുത്; ആമസോൺ, ഫ്ലിപ്കാർട്ട് അടക്കമുള്ള ഇ-കൊമേഴ്‌സ് കമ്പനികൾക്ക് നോട്ടീസ്
കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) എല്ലാ കമ്പനികൾക്കും നോട്ടീസ് അയച്ചതായി ഉപഭോക്തൃ കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു
ന്യൂ ഡൽഹി: പാകിസ്താൻ പതാകകളുടെയും മറ്റു അനുബന്ധ വസ്തുക്കളുടെയും വിൽപ്പനയുമായി ബന്ധപ്പെട്ട് ആമസോൺ ഇന്ത്യ, ഫ്ലിപ്കാർട്ട് എന്നിവയടക്കമുള്ള ഇ-കൊമേഴ്‌സ് കമ്പനികൾക്ക് നോട്ടീസ്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) എല്ലാ കമ്പനികൾക്കും നോട്ടീസ് അയച്ചതായി ഉപഭോക്തൃ കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
പാകിസ്താൻ പതാകകളുടെയും ഉൽപ്പന്നങ്ങളുടെയും വിൽപ്പന അനുവദിക്കില്ലെന്ന് യുബുകൈ ഇന്ത്യ, എറ്റ്സി, ദി ഫ്ലാഗ് കമ്പനി, ദി ഫ്ലാഗ് കോർപ്പറേഷൻ എന്നിവയ്ക്ക് നൽകിയ നോട്ടീസുകളിൽ റെഗുലേറ്ററി ബോഡി അറിയിച്ചു. അത്തരം വസ്തുക്കൾ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യാൻ കമ്പനികൾക്ക് നിർദ്ദേശം നൽകിയതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.
"പാകിസ്താൻ പതാകകളുടെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും വിൽപ്പനയുമായി ബന്ധപ്പെട്ട് @amazonIN, @Flipkart, @UbuyIndia, @Etsy, The Flag Company, The Flag Corporation എന്നിവയ്ക്ക് സിസിപിഎ നോട്ടീസ് അയച്ചിട്ടുണ്ട്. അത്തരം സംവേദനക്ഷമതയില്ലായ്മ അനുവദിക്കില്ല. അത്തരം എല്ലാ ഉള്ളടക്കങ്ങളും ഉടനടി നീക്കം ചെയ്യാനും ദേശീയ നിയമങ്ങൾ പാലിക്കാനും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് ഇതിനാൽ നിർദ്ദേശം നൽകുന്നു" എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ കേന്ദ്രമന്ത്രി പറഞ്ഞു.
ആമസോൺ ഇന്ത്യ, ഫ്ലിപ്കാർട്ട് അടങ്ങിയ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏപ്രിൽ 22-ന് 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായിരുന്നു.