മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്ത ഖാദർ മൊയ്തീനെ അഭിനന്ദിച്ച് എം.കെ സ്റ്റാലിൻ
ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തിൽ ചേർന്ന ദേശീയ കൗൺസിൽ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്
ചെന്നൈ: ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്(ഐയുഎംഎൽ) ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പ്രൊഫസർ ഖാദർ മൊയ്തീനെ അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ.
ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റായി മൂന്നാം തവണയും ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ട ഖാദ മൊയ്തീന്‍ സാറിന് അഭിനന്ദനങ്ങളെന്ന് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ എം.കെ സ്റ്റാലിന്‍ പറഞ്ഞു. തമിഴ്നാട്ടുകാരനാണ് ഖാദർ മൊയ്തീന്‍.
'സ്വഭാവഗുണവും രാഷ്ട്രീയ പക്വതയും ബഹുമാനവുമുള്ള മൊയ്തീന്‍ സാറിന്റെ നേതൃത്വത്തിൽ, ഇന്ത്യയുടെ മതേതരത്വവും മതസൗഹാർദവും ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ പാര്‍ട്ടിക്ക് കഴിയട്ടെ'- എന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തിൽ ചേർന്ന ദേശീയ കൗൺസിൽ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ദേശീയ കമ്മിറ്റിയിൽ ചരിത്രത്തിൽ ആദ്യമായി വനിതകളെ ഉൾപ്പെടുത്തിയതും ഇത്തവണത്തെ പ്രത്യേകതയാണ്. കേരളത്തിൽ നിന്ന് ജയന്തി രാജൻ, തമിഴ്നാട്ടിൽ നിന്ന് ഫാത്തിമ മുസഫർ എന്നിവരാണ് ലീഗ് ദേശീയ കമ്മിറ്റിയിൽ എത്തിയത്.
ഭാരവാഹികള്‍ ഇങ്ങനെ: പ്രൊഫ കെ.എം ഖാദർ മെയ്തീന്‍ (പ്രസിഡന്‍റ്),സാദിഖലി ശിഹാബ് തങ്ങൾ(രാഷ്ട്രീയ ഉപദേശക കമ്മിറ്റി ചെയർമാൻ),പി.കെ കുഞ്ഞാലിക്കുട്ടി(ജനറല്‍ സെക്രട്ടറി)
മറ്റു ഭാരവാഹികള്‍ ഇങ്ങനെ; ഇ.ടി മുഹമ്മദ് ബഷീർ എം.പി (ഓർഗനൈസിങ് സെക്രട്ടറി), ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി (സീനിയർ വൈസ് പ്രസിഡന്റ്). പി.വി. അബ്ദുൾ വഹാബ് എം.പി (ട്രഷറർ)