'ക്രിസ്തുമതത്തിൽ ജാതിവ്യവസ്ഥയില്ല, മതംമാറിയവർക്ക് എസ്‌സി- എസ്ടി സംരക്ഷണ നിയമത്തിന്റെ ആനുകൂല്യം ലഭിക്കില്ല': ആന്ധ്രാ ഹൈക്കോടതി
ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയും പാസ്റ്ററാവുകയും ചെയ്ത ഗുണ്ടൂർ സ്വദേശിയായ ചിന്താട ആനന്ദ്, അക്കാല റാമിറെഡ്ഡി എന്നയാൾക്കെതിരെ എസ്‌സി- എസ്ടി നിയമപ്രകാരം നൽകിയ കേസിൽ വാദം കേൾക്കവെയാണ് കോടതി നിരീക്ഷണം.
അമരാവതി: ക്രിസ്തുമതത്തിന് ജാതിവ്യവസ്ഥ അന്യമാണെന്നും അതിലേക്ക് മതം മാറിയ ഒരാൾക്ക് എസ്‌സി, എസ്ടി സംരക്ഷണ നിയമത്തിന്റെ ആനുകൂല്യങ്ങൾക്ക് അർഹതയില്ലെന്നും ആന്ധ്രാപ്രദേശ് ഹൈക്കോടതി. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയും പാസ്റ്ററാവുകയും ചെയ്ത ഗുണ്ടൂർ സ്വദേശിയായ ചിന്താട ആനന്ദ്, അക്കാല റാമിറെഡ്ഡി എന്നയാൾക്കെതിരെ എസ്‌സി- എസ്ടി നിയമപ്രകാരം നൽകിയ കേസിൽ വാദം കേൾക്കവെയാണ് കോടതി നിരീക്ഷണം.
റാമിറെഡ്ഡിയടക്കമുള്ളവർ ജാതിയുടെ പേരിൽ തന്നോട് വിവേചനം കാണിച്ചെന്നായിരുന്നു പാസ്റ്ററുടെ ആരോപണം. എന്നാൽ, റെഡ്ഡിക്കെതിരെ എസ്‌സി- എസ്ടി നിയമപ്രകാരം ചുമത്തിയ കുറ്റങ്ങൾ ജസ്റ്റിസ് ഹരിനാഥ് എൻ. അടങ്ങുന്ന സിംഗിൾ ജഡ്ജ് ബെഞ്ച് റദ്ദാക്കി. 'ജാതിവ്യവസ്ഥ ക്രിസ്തുമതത്തിന് അന്യമാണ്. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയും അത് സജീവമായി പ്രഖ്യാപിക്കുകയും ആചരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് പട്ടികജാതി സമൂഹത്തിൽ അംഗമായി തുടരാൻ കഴിയില്ല. അതിനാൽ പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കപ്പെട്ടിരിക്കുന്നു'- കോടതി വ്യക്തമാക്കി.
'പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയാനായി കൊണ്ടുവന്ന സംരക്ഷണ നിയമമാണ് എസ്‌സി- എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമം. ഈ കേസിൽ, പരാതിക്കാരൻ സംരക്ഷണ നിയമം ദുരുപയോഗം ചെയ്‌തിരിക്കുകയാണ്. അതിനാൽ നിയമത്തിലെ വ്യവസ്ഥകൾ പ്രയോഗിക്കാൻ അദ്ദേഹത്തിന് അവകാശമില്ല. പരാതിക്കാരൻ സ്വമേധയാ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്‌തുവെന്നും കഴിഞ്ഞ 10 വർഷമായി ഒരു പള്ളിയിൽ പാസ്റ്ററായി ജോലി ചെയ്യുന്നുണ്ടെന്നും സമ്മതിക്കുന്നു. അതിനാൽ, പ്രസ്തുത നിയമത്തിലെ വ്യവസ്ഥകൾ പ്രയോഗിക്കാൻ അദ്ദേഹത്തെ അനുവദിക്കാനാവില്ല'- കോടതി ചൂണ്ടിക്കാട്ടി.
മതം മാറിയെങ്കിലും തനിക്ക് പട്ടികജാതി സർട്ടിഫിക്കറ്റ് ഇപ്പോഴും ഉണ്ടെന്ന് പരാതിക്കാരൻ വാദിച്ചപ്പോൾ, 'ക്രിസ്തുമതം സ്വീകരിച്ച ഒരാൾക്ക് ജാതി സർട്ടിഫിക്കറ്റ് റദ്ദാക്കാത്തതുകൊണ്ട് മാത്രം എസ്‌സി- എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമം നൽകുന്ന സംരക്ഷണം ലഭിക്കില്ല. പരാതിക്കാരൻ ക്രിസ്തുമതം സ്വീകരിച്ച ദിവസം മുതൽ പട്ടികജാതി സമൂഹത്തിലെ അംഗമല്ലാതായി'- എന്ന് കോടതി വ്യക്തമാക്കി.
2021ൽ ചന്ദോളു പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, ആനന്ദ് വളരെക്കാലം മുമ്പ് ക്രിസ്തുമതം സ്വീകരിച്ചിരുന്നെന്നും അതിനാൽ പട്ടികജാതി സംരക്ഷണത്തിന് അർഹനല്ലെന്നും വാദിച്ച് റാമിറെഡ്ഡിയും കൂട്ടരും പരാതിക്കെതിരെ രംഗത്തെത്തി. ഒരാൾ ഹിന്ദുമതം ഒഴികെയുള്ള മറ്റേതെങ്കിലും മതത്തിലേക്ക് പരിവർത്തനം ചെയ്താൽ പട്ടികജാതി പദവി നഷ്ടപ്പെടുമെന്ന് പ്രസ്താവിക്കുന്ന 1950ലെ ഭരണഘടനാ (പട്ടികജാതി) ഉത്തരവ് റാമിറെഡ്ഡിയുടെ അഭിഭാഷകൻ ഫാനി ദത്ത് കോടതിയിൽ ഉദ്ധരിക്കുകയും ചെയ്തു.