സർജിക്കൽ സ്ട്രൈക്ക് സംഭവിച്ചിട്ടില്ലെന്ന് മുൻ പഞ്ചാബ് മുഖ്യമന്ത്രി; കോൺഗ്രസിനെ 'പാകിസ്താൻ വർക്കിങ് കമ്മിറ്റി'യെന്ന് അധിക്ഷേപിച്ച് ബിജെപി നേതാവ്

'ഭീകരാക്രമണം നടത്തിയവർ ആരാണെന്ന് സർക്കാർ ജനങ്ങളോട് പറയുകയും അവരെ ശിക്ഷിക്കുകയും ചെയ്യണം'- അദ്ദേഹം പറഞ്ഞു.

Update: 2025-05-03 11:11 GMT
Advertising

ന്യൂ‍ഡ‍ൽഹി: 2019ലെ പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെയുള്ള സർജിക്കൽ സ്ട്രൈക്കിന്റെ ആധികാരികത ചോദ്യം ചെയ്ത് കോൺ​ഗ്രസ് എംപിയും മുൻ പഞ്ചാബ് മുഖ്യമന്ത്രിയുമായ ചരൺജിത് സിങ് ചന്നി. എവിടെയാണ് സർജിക്കൽ സ്ട്രൈക്ക് നടത്തിയതെന്നും ആരൊക്കെ കൊല്ലപ്പെട്ടെന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ആരും അറിഞ്ഞിട്ടില്ലെന്നും ചന്നി പറഞ്ഞു.

'സർജിക്കൽ സ്ട്രൈക്ക് പാകിസ്താനിൽ ‌എവിടെയാണ് നടന്നതെന്നോ ആരൊക്കെ എവിടെയൊക്കെ കൊല്ലപ്പെട്ടെന്നോ എനിക്കിതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒന്നും സംഭവിച്ചിട്ടില്ല. എവിടെയും സർജിക്കൽ സ്ട്രൈക്ക് കാണാനാവില്ല. ആരും അറിഞ്ഞില്ല'- ചന്നി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ തെളിവ് ആവശ്യമാണെന്നും ചന്നി അഭിപ്രായപ്പെട്ടു.

പഹൽ​ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ടും ചന്നി പ്രതികരിച്ചു. “പഹൽഗാം ഭീകരാക്രമണത്തിൽ സർക്കാർ എന്തെങ്കിലും ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ഭീകരാക്രമണം നടത്തിയവർ ആരാണെന്ന് ജനങ്ങളോട് പറയുകയും അവരെ ശിക്ഷിക്കുകയും ചെയ്യണം'- അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ ഇതുവരെ പിടികൂടാത്തതിനെയും അദ്ദേഹം വിമർശിച്ചു. 'പഹൽഗാം ആക്രമണം നടന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പാകിസ്താനെതിരെ സർക്കാർ എന്ത് നടപടി സ്വീകരിക്കുമെന്ന് കാണാൻ രാജ്യം മുഴുവൻ കാത്തിരിക്കുകയാണ്. 56 ഇഞ്ച് നെഞ്ചുള്ളയാളുടെ നടപടി ജനം കാത്തിരിക്കുകയാണ്'- ചന്നി കൂട്ടിച്ചേർത്തു.

ചന്നിയുടെ പ്രതികരണത്തിനു പിന്നാലെ കോൺ​ഗ്രസിനെതിരെ ബിജെപി രം​ഗത്തെത്തി. കോൺ​ഗ്രസ് വർക്കിങ് കമ്മിറ്റി 'പാകിസ്താൻ വർക്കിങ് കമ്മിറ്റി'യാണെന്ന് ബിജെപി വക്താവും എംപിയുമായ സാംബിത് പത്ര ആരോപിച്ചു. 'അവർ പുറത്ത് കോൺ​ഗ്രസ് വർക്കിങ് കമ്മിറ്റിയാണ്, പക്ഷേ അകത്ത് പാകിസ്താൻ വർക്കിങ് കമ്മിറ്റിയാണ് എന്ന് പറയുന്നതിൽ തനിക്ക് ഒരു മടിയുമില്ല'- സാംബിത് പത്ര പറഞ്ഞു.

കോൺഗ്രസിനെതിരെ രൂക്ഷമായി പ്രതികരിച്ച ഡൽഹി മന്ത്രി മഞ്ജീന്ദർ സിങ് സിർസ, ചന്നി സായുധ സേനയെ ദുർബലപ്പെടുത്തുകയാണെന്ന് ആരോപിച്ചു. 'സർജിക്കൽ സ്‌ട്രൈക്കിന്റെ തെളിവ് ആവശ്യമാണെന്ന ചരൺജിത് സിങ് ചന്നിയുടെ പ്രസ്താവന കോൺഗ്രസിന്റെയും ഗാന്ധി കുടുംബത്തിന്റെയും വൃത്തികെട്ട മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. സൈന്യത്തിന്റെ മനോവീര്യം താഴ്ത്താൻ ഈ ആളുകൾ ഒരു അവസരവും പാഴാക്കുന്നില്ല'- സിർസ പറഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News