'ജുഡീഷ്യറിയിലും സ്വകാര്യ മേഖലയിലും സംവരണം നടപ്പാക്കണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് തേജസ്വി യാദവ്
മണ്ഡൽ കമ്മീഷൻ ശിപാർശകൾ പൂർണമായും നടപ്പാക്കണമെന്നും തേജസ്വി ആവശ്യപ്പെട്ടു.
പട്‌ന: ജുഡീഷ്യറിയിലും സ്വകാര്യ മേഖലയിലും സംവരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ബിഹാർ പ്രതിപക്ഷനേതാവ് തേജസ്വി യാദവിന്റെ കത്ത്. മണ്ഡൽ കമ്മീഷൻ ശിപാർശകൾ പൂർണമായും നടപ്പാക്കണമെന്നും തേജസ്വി ആവശ്യപ്പെട്ടു. ജാതി കണക്കെടുപ്പ് നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ച പശ്ചാത്തലത്തിലാണ് തേജസ്വിയുടെ ആവശ്യം.
1990കളുടെ തുടക്കത്തിൽ മണ്ഡൽ കമ്മീഷൻ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. എന്നാൽ അതിലെ ശിപാർശകൾ പൂർണമായും നടപ്പാക്കിയിരുന്നില്ല. പൊതുവിഭവങ്ങളുടെ പ്രധാന ഗുണഭോക്താക്കളായ സ്വകാര്യമേഖലക്ക് സാമൂഹിക നീതിയുടെ ആവശ്യകതയിൽ നിന്ന് മാറിനിൽക്കാൻ കഴിയില്ല. ഭൂമി, സബ്‌സിഡികൾ, നികുതി ഇളവ് തുടങ്ങിയ ആനുകൂല്യങ്ങൾ സ്വകാര്യ മേഖലക്ക് ലഭിക്കുന്നുണ്ടെന്നും തേജസ്വി പറഞ്ഞു.
നമ്മുടെ ഭരണഘടന, അതിന്റെ നിർദേശക തത്വങ്ങളിലൂടെ, സാമ്പത്തിക അസമത്വങ്ങൾ കുറക്കാനും വിഭവങ്ങളുടെ തുല്യമായ വിതരണം ഉറപ്പാക്കാനും സംസ്ഥാനത്തോട് ആവശ്യപ്പെടുന്നു. നമ്മുടെ പൗരന്മാരിൽ എത്ര പേർ പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരാണെന്നും അവരുടെ സാമ്പത്തിക സ്ഥിതിയും കൃത്യമായി അറിയുമ്പോൾ, കൂടുതൽ കൃത്യതയോടെ ലക്ഷ്യബോധമുള്ള ഇടപെടലുകൾ രൂപകൽപ്പന ചെയ്യണം. മണ്ഡല പുനർനിർണയം സംബന്ധിച്ച് തീരുമാനമെടുക്കുന്ന വേദികളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം വേണമെന്നും തേജസ്വി ആവശ്യപ്പെട്ടു.
ജാതി കണക്കെടുപ്പിനെ എതിർത്തിരുന്ന ബിജെപി നിലപാട് പിന്നാക്ക വിഭാഗങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കേണ്ടി വരുമെന്ന് തെളിയിക്കുന്നതാണെന്നും തേജസ്വി പറഞ്ഞു. വർഷങ്ങളായി നിങ്ങളുടെ സർക്കാരും എൻഡിഎ സഖ്യവും ജാതി കണക്കെടുപ്പ് നടത്താനുള്ള ആഹ്വാനങ്ങളെ ഭിന്നിപ്പിക്കുന്നതും അനാവശ്യവുമാണെന്ന് തള്ളിക്കളയുകയുമായിരുന്നു. ബിഹാർ സ്വന്തം നിലക്ക് ജാതി കണക്കെടുപ്പ് നടത്താൻ മുൻകൈയെടുത്തപ്പോൾ സർക്കാരിന്റെയും നിങ്ങളുടെ പാർട്ടിയുടെയും ഉന്നത നിയമ ഓഫീസർ ഉൾപ്പെടെയുള്ള കേന്ദ്ര അധികാരികൾ ഓരോ ഘട്ടത്തിലും തടസ്സങ്ങൾ സൃഷ്ടിച്ചു. അത്തരം ഡാറ്റ ശേഖരണത്തിന്റെ ആവശ്യകതയെ നിങ്ങളുടെ പാർട്ടി സഹപ്രവർത്തകർ ചോദ്യം ചെയ്തു. നിങ്ങൾ വൈകിയെടുത്ത തീരുമാനം അരികുവൽക്കരിക്കപ്പെട്ടവരുടെ ആവശ്യങ്ങൾ അംഗീകരിക്കേണ്ടിവരുന്നതിന്റെ തെളിവാണെന്നും തേജസ്വി പറഞ്ഞു.