Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാക് സൈനിക മേധാവിക്കെതിരെ ഗുരുതര ആരോപണവുമായു മുൻ പാക് സൈനികൻ. പഹൽഗാം ആക്രമണത്തിന് പിന്നിൽ പാക് സൈനിക മേധാവി അസിം മുനീറാണെന്നാണ് മുന്‍ സൈനിക ഉദ്യോഗസ്ഥനായ ആദിൽ രാജയുടെ ആരോപണം.
വ്യക്തിപരമായ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ആക്രമണം നടത്തിയതെന്നും തടയാന്‍ ഐഎസ്‌ഐ ശ്രമിച്ചിരുന്നെന്നും ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ആദിൽ രാജ പറഞ്ഞു.
ജമ്മുകശ്മീരിലെ പഹല്‍ഗാമിൽ ഭീകരാക്രമണത്തില്‍ വിനോദ സഞ്ചാരികള്‍ക്കുനേരെ നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. പാക് ഭീകര സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്), ഭീകരാക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന അവകാശവാദമുന്നയിച്ചിരുന്നു. ഭീകരാക്രമണത്തിൽ പങ്കെടുത്തെന്ന് കരുതുന്ന നാല് ഭീകരരുടെ ചിത്രങ്ങൾ സുരക്ഷാ സേന പുറത്തുവിട്ടിരുന്നു.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്താനെതിരെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. പാക് പതാക വെച്ച കപ്പലുകൾക്ക് കേന്ദ്ര തുറമുഖ ഷിപ്പിംഗ് മന്ത്രാലയം വിലക്കേർപ്പെടുത്തിയിരുന്നു. ഇന്ത്യൻ പതാക വെച്ച കപ്പലുകൾ പാക് പോർട്ടുകളിലും പോകരുതെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പാകിസ്താനുമായുള്ള പോസ്റ്റൽ സർവീസുകളും ഇന്ത്യ അവസാനിപ്പിച്ചു.