പരസ്നാഥ് കുന്നിൽ ടൂറിസവും മദ്യവും മാംസാഹാരവും നിരോധിക്കാൻ ജാർഖണ്ഡ് ഹൈക്കോടതി ഉത്തരവ്
2023ലെ കേന്ദ്ര വിജ്ഞാപനത്തിലെ നിർദേശം നടപ്പാക്കണമെന്നാണ് കോടതി ഉത്തരവ്.
റാഞ്ചി: ജൈനമത വിശ്വാസികൾക്ക് പവിത്രമായ പരസ്നാഥ് കുന്നിൽ ടൂറിസം, മദ്യം, മാംസാഹാരം എന്നിവയുടെ നിരോധനം നടപ്പാക്കാൻ ജാർഖണ്ഡ് ഹൈക്കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് എം.എസ് രാമചന്ദ്ര റാവുവും ജസ്റ്റിസ് ദീപക് റോഷനും അടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
2023ലെ കേന്ദ്ര വിജ്ഞാപനത്തിലെ നിർദേശം നടപ്പാക്കണമെന്നാണ് കോടതി ഉത്തരവ്. പരസ്നാഥ് കുന്നിൽ നടക്കുന്ന വിനോദസഞ്ചാര പ്രവർത്തനങ്ങളും മറ്റ് വാണിജ്യ നീക്കങ്ങളും പ്രദേശത്തിന്റെ പവിത്രതയെ ഹനിക്കുന്നുവെന്ന് കാണിച്ച് ജൈനമത ട്രസ്റ്റ് 'ജ്യോത്' സമർപ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
ഉത്തരവ് സർക്കാർ അടിയന്തരമായി നടപ്പാക്കണമെന്നും കുന്നിന്റെ പരിസരത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പ്രത്യേക സമിതി രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഉത്തരവിനെ ഹരജിക്കാർ സ്വാഗതം ചെയ്തു.
2019 ആഗസ്റ്റിൽ പരസ്നാഥ് കുന്നിനു ചുറ്റുമുള്ള പ്രദേശത്തെ പരിസ്ഥിതിലോല മേഖലയാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് 2023ൽ പരസ്നാഥ് കുന്നിന്റെ പവിത്രതയും ജൈന സമൂഹം കൽപ്പിക്കുന്ന പ്രാധാന്യവും അംഗീകരിച്ച് മദ്യത്തിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും വിൽപ്പനയും ഉപഭോഗവും നിരോധിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ച് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഇതുൾപ്പെടെ കുന്നിന്റെ പവിത്രത സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും കുന്നിലെ വിനോദസഞ്ചാര, പരിസ്ഥിതി ടൂറിസം പ്രവർത്തനങ്ങൾക്കുള്ള പദ്ധതി സ്റ്റേ ചെയ്യാനും പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ കേന്ദ്രം നിർദേശിച്ചിരുന്നു. നിലവിൽ കുന്ന് സംരക്ഷിക്കാനുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ച കോടതി കേസ് ജൂലൈ 21ന് വാദം കേൾക്കാനായി മാറ്റി.