വഖഫ് സ്വത്തിൽ കേന്ദ്രം തെറ്റിദ്ധരിപ്പിക്കുന്ന സത്യവാങ്മൂലം സമർപ്പിച്ചെന്ന് മുസ്‌ലിം വ്യക്തിനിയമ ബോർഡ്; സർക്കാർ രേഖ ഹാജരാക്കണമെന്ന് സുപ്രിംകോടതി

തെറ്റായ സത്യവാങ്മൂലം സമർപ്പിച്ചതിന് ന്യൂനപക്ഷകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടു.

Update: 2025-05-03 12:20 GMT
Advertising


ന്യൂഡൽഹി: 2013ന് ശേഷം വഖഫ് സ്വത്തുക്കളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായെന്ന് അവകാശപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന സത്യവാങ്മൂലം സമർപ്പിച്ചെന്ന് ഓൾ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡ്. വഖഫ് സ്വത്തുക്കളുടെ കൈവശാവകാശവുമായി ബന്ധപ്പെട്ട കേസുകളിൽ സുപ്രിംകോടതിയിൽ നടക്കുന്ന വാദത്തിനിടെയാണ് ബോർഡ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

2013ന് ശേഷം വഖഫ് സ്വത്തുക്കളുടെ എണ്ണം ഗണ്യമായി വർധിച്ചെന്നത് കേന്ദ്ര സർക്കാർ നൽകിയ തെറ്റായ വിവരങ്ങളാണെന്ന് ബോർഡിന്റെ അഭിഭാഷകനായ എം.ആർ ഷംഷാദ് സുപ്രിംകോടതിയിൽ വാദിച്ചു. 2013ലെ വഖഫ് ഭേദഗതി നിയമത്തിനു ശേഷം വഖഫ് ബോർഡുകളുടെ സ്വത്തുക്കളിൽ 116 ശതമാനം വർധനവുണ്ടായെന്നും ഇത് നിയമത്തിന്റെ ഫലപ്രാപ്തി തെളിയിക്കുന്നുവെന്നുമാണ് കേന്ദ്ര സർക്കാർ എതിർ സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടത്.

2025ലെ വഖഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുള്ള ഹരജിയുമായി ബന്ധപ്പെട്ടാണ് കേന്ദ്രം എതിർ സത്യവാങ്മൂലം സമർപ്പിച്ചത്. എന്നാൽ, ഈ അവകാശവാദം തെറ്റാണെന്നും വഖഫ് സ്വത്തുക്കളുടെ എണ്ണത്തിൽ യഥാർഥത്തിൽ വർധന ഉണ്ടായിട്ടില്ലെന്നും പേഴ്‌സണൽ ലോ ബോർഡ് വാദിച്ചു. തെറ്റായ സത്യവാങ്മൂലം സമർപ്പിച്ചതിന് ന്യൂനപക്ഷകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടു.

കേന്ദ്രം സമർപ്പിച്ച ഡാറ്റ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ല. വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷനോ കൈവശാവകാശമോ സംബന്ധിച്ച് 2013ന് ശേഷം ഗണ്യമായ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും ബോർഡ് വ്യക്തമാക്കി. കേന്ദ്രത്തിന്റെ സത്യവാങ്മൂലം കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും ഇത് വഖഫ് സ്വത്തുക്കളുടെ സംരക്ഷണവും ഭരണവുമായി ബന്ധപ്പെട്ട കേസുകളിൽ തെറ്റായ ധാരണ സൃഷ്ടിക്കാൻ ഇടയാക്കുമെന്നും ബോർഡ് ആശങ്ക പ്രകടിപ്പിച്ചു.

2013ലെ ഭേദഗതി നിയമം വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷനും സംരക്ഷണവും ശക്തിപ്പെടുത്തിയെന്നും ഇതിന്റെ ഫലമായി രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ എണ്ണം വർധിച്ചെന്നും കേന്ദ്രം എതിർ സത്യവാങ്മൂലത്തിൽ വാദിക്കുന്നു. 2013ന് മുമ്പ് രജിസ്റ്റർ ചെയ്യപ്പെടാതിരുന്ന നിരവധി വഖഫ് സ്വത്തുക്കൾ ആ വർഷത്തെ ഭേദ​ഗതി നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടെന്നും കേന്ദ്രം അവകാശപ്പെടുന്നു.

ബോർഡിന്റെ വാദങ്ങൾക്ക് മറുപടിയായി, കേന്ദ്ര സർക്കാർ തങ്ങളുടെ സത്യവാങ്മൂലത്തിലെ വിവരങ്ങൾ ശരിയാണെന്ന് തെളിയിക്കാൻ ആവശ്യമായ രേഖകൾ ഹാജരാക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. ഈ വിഷയത്തിൽ വിശദമായ വാദം കേൾക്കാനും വഖഫ് സ്വത്തുക്കളുടെ യഥാർഥ സ്ഥിതി വിലയിരുത്താനും തീരുമാനിച്ചിട്ടുള്ളതായും കോടതി അറിയിച്ചു. മെയ് അഞ്ചിന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് കെ.വി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് 2025ലെ വഖഫ് ഭേ​ദ​ഗതി നിയമം ചോദ്യം ചെയ്തുള്ള ഹരജി പരി​ഗണിക്കുന്നത്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News