വെടി നിർത്തൽ തീരുമാനം വിശദീകരിക്കാൻ പ്രത്യേക പാർലമെന്റ് സമ്മേളനം; ആവശ്യത്തിൽ ഉറച്ച് പ്രതിപക്ഷം
കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ആശ്യപ്പെട്ട് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗയും പ്രധാനമന്ത്രിക്ക് കഴിഞ്ഞദിവസം കത്തെഴുതിയിരുന്നു
ന്യൂ ഡൽഹി: വെടി നിർത്തൽ തീരുമാനം വിശദീകരിക്കാൻ പ്രത്യേക പാർലമെന്റ് സമ്മേളനമെന്ന ആവശ്യത്തിൽ ഉറച്ച് പ്രതിപക്ഷം. എല്ലാ സർവകക്ഷി യോഗങ്ങളിലും സൈന്യത്തിന്റെ തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് കോൺഗ്രസ്. പ്രതിപക്ഷത്തെ വിശ്വാസത്തിൽ എടുക്കണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാർ മുഖം തിരിഞ്ഞു നിൽക്കുകയാണന്ന് ജോൺ ബ്രിട്ടാസ് എം പി കുറ്റപ്പെടുത്തി.
വെടിനിർത്തലിൽ യുഎസ് മധ്യസ്ഥത വഹിച്ചതുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് പ്രതിപക്ഷം ഉയർത്തുന്നത്. തീരുമാനം ട്രംപ് പുറംലോകത്തെ അറിയിച്ചത് ഞെട്ടിച്ചു എന്നും, മൂന്നാം കക്ഷിയെ ഉൾപ്പെടുത്തൽ ഇന്ത്യയുടെ നിലപാടല്ലെന്നുമായിരുന്നു കോൺഗ്രസ് പ്രതികരണം.
കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ആശ്യപ്പെട്ട് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗയും പ്രധാനമന്ത്രിക്ക് കഴിഞ്ഞദിവസം കത്തെഴുതിയിരുന്നു. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കണമെന്നും ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയേ മതിയാവൂ എന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.
വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഒരുപാട് പുകമറയുണ്ട്. പ്രധാനമന്ത്രി രാഷ്ട്രീയ പാർട്ടികളെ വിളിച്ച് സംസാരിക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപിയും ആവശ്യപ്പെട്ടു. അമേരിക്കൻ ഇടപെടലിനെ സമാജ് വാദി പാർട്ടി, ശിവസേന ഉദ്ധവ് വിഭാഗം ഉൾപ്പെടെയുള്ളവരും വിമർശിച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് കേന്ദ്ര ഇതുവരെയും പ്രതികരിച്ചിട്ടില്ല.