ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്ത 43 റോഹിങ്ക്യൻ അഭയാർഥികളെ നടുക്കടലിൽ ഇറക്കിവിട്ടതായി ആരോപണം

മ്യാന്മറിനടുത്ത് അന്തർദേശീയ ജലപാതയിൽ ലൈഫ് ജാക്കറ്റ് മാത്രം കൊടുത്ത് നീന്തിക്കോളാൻ നിർദേശം കൊടുക്കുകയായിരുന്നുവെന്നാണ് ആരോപണം

Update: 2025-05-12 16:53 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡൽഹി: ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്ത 43 റോഹിങ്ക്യൻ അഭയാർഥികളെ നടുക്കടലിൽ ഇറക്കി വിട്ടതായി പരാതി. കുട്ടികളും സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടെയുള്ളവരെ മ്യാന്മറിനടുത്ത് അന്തർദേശീയ ജലപാതയിൽ ലൈഫ് ജാക്കറ്റ് മാത്രം കൊടുത്ത് നീന്തിക്കോളാൻ നിർദേശം കൊടുക്കുകയായിരുന്നുവെന്നാണ് ആരോപണം. ന്യൂഡൽഹിയിലെ ഉത്തം നഗർ ഭാഗത്ത് നിന്നും അറസ്റ്റ് ചെയ്യപ്പെട്ട തങ്ങളുടെ കുടുംബാംഗങ്ങൾ മ്യാന്മറിൽ എത്തിച്ചേർന്നതായി റോഹിങ്ക്യ അഭയാർഥികൾ മക്തൂബ് മീഡിയയോട് പറഞ്ഞു.

സുപ്രിം കോടതിയിൽ സമർപ്പിച്ച നിവേദനത്തിൽ പറയുന്നത് പ്രകാരം 15,16 വയസ് മാത്രം പ്രായമുള്ള കുട്ടികളും 66 വയസോളം പ്രായമുള്ള വൃദ്ധന്മാരും കാൻസർ രോഗികളും മറ്റ് അവശതകളുള്ളവരും അടക്കമുള്ളവരെയാണ്  സുരക്ഷ പരിഗണിക്കാതെ ലൈഫ് ജാക്കറ്റ് മാത്രം കൊടുത്ത് കടലിൽ ഉപേക്ഷിച്ചത്. തന്‍റെ മാതാപിതാക്കളെ ന്യൂഡൽഹിയിൽ നിന്ന് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പോർട്ട് ബ്ലെയറിലേക്ക് വിമാനത്തിൽ കൊണ്ടുപോയതായി റോഹിങ്ക്യൻ ക്രിസ്ത്യൻ പ്രതിനിധിയായ ഡേവിഡ് നാസര്‍ പറഞ്ഞു. പിന്നീട്, അവരെ കൈകൾ കെട്ടിയും കണ്ണുകൾ മൂടിയും ബലമായി നാവിക കപ്പലുകളിൽ കയറ്റി. യാത്രയിലുടനീളം കൈകൾ കെട്ടിയ നിലയിലും കണ്ണുകൾ മൂടിയ നിലയിലുമായിരുന്നുവെന്നും നാസര്‍ കൂട്ടിച്ചേര്‍ത്തു.

13 സ്ത്രീകളടക്കം അറസ്റ്റ് ചെയ്യപ്പെട്ട 43 റോഹിങ്ക്യൻ അഭ്യയാര്‍ഥികളും ഐക്യരാഷ്ട്ര സഭയുടെ അഭയാർഥി രജിസ്റ്ററിൽ പേര് ചേർക്കപ്പെട്ടവരായിരുന്നു. ബയോമെട്രിക് ഡാറ്റ ശേഖരിക്കാനെന്ന പേരിലായിരുന്നു ഇവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തത്‌.  ഉപേക്ഷിച്ചയിടത്തു നിന്നും 43 റോഹിങ്ക്യൻ അഭയാർഥികളെയും തിരിച്ചെത്തിക്കണമെന്നാണ് സുപ്രിം കോടതിയിൽ സമർപ്പിച്ച നിവേദനത്തിലെ ആവശ്യം.

ബുദ്ധമതക്കാർ ഭൂരിപക്ഷമായ മ്യാൻമറിലെ മുസ്‍ലിം ന്യൂനപക്ഷ വിഭാഗമാണ് റോഹിങ്ക്യകൾ. ഐക്യരാഷ്ട്ര സഭയുടെയും മനുഷ്യാവകാശ ഗ്രൂപ്പുകളുടെയും അഭിപ്രായത്തിൽ, ലോകത്ത് ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന മനുഷ്യവിഭാഗമാണ് ഇവർ. 2017ൽ രാഖൈനിൽ മ്യാൻമർ സൈന്യം നടത്തിയ വംശഹത്യയെ തുടർന്ന് 7,50,000 റോഹിങ്ക്യൻ മുസ്‍ലികളാണ് പിറന്ന നാടുപേക്ഷിച്ച് ജീവനും കൊണ്ട് പലായനം ചെയ്തത്. ബംഗ്ലാദേശ്, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ അഭയാർഥി ക്യാമ്പുകളിലാണ് ഇവർ കഴിയുന്നത്.ഏകദേശം 40,000 റോഹിങ്ക്യകൾ ഇന്ത്യയിൽ അഭയം തേടിയിട്ടുണ്ടെന്നാണ് കണക്ക്. ബംഗ്ലാദേശിലെയും മ്യാൻമറിലെയും റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പുകളിൽ നരകതുല്യ ജീവിതം നയിക്കുന്ന ഇവർ മെച്ചപ്പെട്ട ജീവിതം തേടി മലേഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും കടൽവഴി അപകടകരമായ യാത്രകൾ നടത്തുന്നത് പതിവാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News