'ഹിന്ദുമതത്തെ ജാതിയുമായും ഇസ്‍ലാമിനെ ഭീകരതയുമായും ബന്ധിപ്പിക്കുന്നത് ഭാരതീയ തത്വചിന്തക്ക് എതിര്': നിതിൻ ഗഡ്‍കരി
പൊതുജീവിതത്തിൽ നിന്ന് ജാതീയതയെയും തീവ്ര ദേശീയതയെയും അകറ്റിനിര്‍ത്താൻ ഗഡ്‍കരി ആഹ്വാനം ചെയ്തു
ഡൽഹി: ഹിന്ദുമതത്തെ ജാതീയതയുമായും ഇസ്‍ലാമിനെ ഭീകരതയുമായോ ബന്ധിപ്പിക്കുന്നത് ഇന്ത്യയുടെ ദാർശനിക പാരമ്പര്യങ്ങളെ വളച്ചൊടിക്കലാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. മുൻ നയതന്ത്രജ്ഞനും രാജ്യസഭാ എംപിയുമായ പവൻ കെ. വർമ്മയുടെ 'എക്കോസ് ഓഫ് എറ്റേണിറ്റി' എന്ന പുസ്തകത്തിന്‍റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"അത് ഹിന്ദുത്വമല്ല. അത് ഹിന്ദു ധർമ്മവുമല്ല," അദ്ദേഹം പറഞ്ഞു, പൊതുജീവിതത്തിൽ നിന്ന് ജാതീയതയെയും തീവ്ര ദേശീയതയെയും അകറ്റിനിര്‍ത്താൻ ഗഡ്‍കരി ആഹ്വാനം ചെയ്തു. ധര്‍മം എന്നാൽ കര്‍ത്തവ്യമാണ് അല്ലാതെ ആചാരമല്ലെന്ന് ഗഡ്കരി ചൂണ്ടിക്കാട്ടി. ബുദ്ധന്‍റെ അഹിംസ മുതൽ ആദിശങ്കരാചാര്യരുടെ അദ്വൈതം വരെ ഇന്ത്യൻ നാഗരികത എല്ലായ്‌പ്പോഴും ഒന്നിലധികം ചിന്താധാരകളെ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂഡൽഹിയിലെ ഇന്ത്യാ ഇന്‍റർനാഷണൽ സെന്‍ററിൽ നടന്ന പരിപാടിയിൽ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ഉണ്ടായ വർഗീയ സംഘർഷത്തെക്കുറിച്ച് വിലയിരുത്താൻ രാഷ്ട്രീയ നേതാക്കൾക്ക് അവസരം നൽകി . "ഒരു സമുദായത്തിലെ ഒരാൾ തെറ്റ് ചെയ്തു എന്നതുകൊണ്ട്, മുഴുവൻ സമൂഹവും ഭീകരവാദത്തെ പിന്തുണയ്ക്കുന്നു എന്നല്ല അർത്ഥമാക്കുന്നത്. എല്ലാ മുസ്‍ലിംകളും അക്രമം ആഗ്രഹിക്കുന്നില്ല'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ രാഷ്ട്രീയപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 150ലധികം അതിഥികൾ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയുടെ നാഗരിക ശക്തിയെക്കുറിച്ച് കോൺഗ്രസ് എംപി ശശി തരൂർ സംസാരിച്ചെങ്കിലും പുസ്തകത്തിൽ ദക്ഷിണേന്ത്യയുടെ അഭാവത്തെ അദ്ദേഹം വിമർശിച്ചു.