Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: രാജ്യത്ത് ജാതിസെന്‍സസ് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് തീരുമാനം പ്രഖ്യാപിച്ചത്. പൊതുസെന്‍സസിനോടൊപ്പം ജാതിസെന്‍സസ് നടപ്പാക്കുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. വൈകിവന്ന ബോധോദയമെന്നും ബിഹാർ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നീക്കമെന്നും കോൺഗ്രസ് പ്രതികരിച്ചു
രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടിയാണ് കോൺഗ്രസ് ജാതി സെൻസസ് ആശയം ഉയർത്തുന്നതെന്നും സംസ്ഥാനങ്ങൾ നടത്തിയത് ജാതി തിരിച്ചുള്ള സർവേയാണെന്നും ജാതി സെൻസസല്ലെന്നും അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബിഹാറിൽ എൻഡിഎ ഘടകകക്ഷിയായ ജെഡിയുവും ജാതി സെൻസസിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. 2011ലാണ് അവസാനമായി രാജ്യത്ത് സെൻസസ് നടത്തിയത്. 2021 ൽ നടത്തേണ്ട സെൻസസ് 2025 ആയിട്ടും നടത്തിയിട്ടില്ല.