പാക് പൗരത്വം: നാടുകടത്തുന്നവരുടെ പട്ടികയിൽ ശൗര്യചക്ര പുരസ്‌കാര ജേതാവിന്റെ മാതാവും; വിവാദമായപ്പോള്‍ തിരിച്ചയച്ച് പൊലീസ്
2022 മേയിൽ അമര്‍നാഥില്‍ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യുവരിച്ച മുദസിര്‍ അഹമ്മദ് ഷെയ്ഖിന്‍റെ മാതാവാണ് ഷമീമ
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് പൗരത്വത്തിന്റെ പേരിൽ ജമ്മുകശ്മീർ അധികൃതർ നാടുകടത്തുന്ന 60 പേരിൽ ശൗരചക്ര പുരസ്കാര ജേതാവായ കോൺസ്റ്റബിൾ മുദസിർ അഹമ്മദ് ഷെയ്ഖിന്റെ മാതാവ് ഷമീമ ബീഗവും. ഷമീമയെ ഉറിയിലെ വസതിയിൽ നിന്ന് പാകിസ്താനിലേക്ക് നാടുകടത്താൻ കൊണ്ടുപോയതായി കുടുംബം അവകാശപ്പെട്ടിരുന്നു.എന്നാല്‍ ഈ വാര്‍ത്തകള്‍ തെറ്റാണെന്നും ഷമീമയെ നാടുകടത്തിയിട്ടില്ലെന്നും ജമ്മുകശ്മീർ പൊലീസ് അറിയിച്ചു.
2022 മേയിൽ ഭീകരരോട് ഏറ്റുമുട്ടി അമർനാഥ് തീർഥാടകരെ രക്ഷിച്ച് വീരമൃത്യുവരിച്ചതിനാണ് മുദസിർ ശൗര്യചക്ര പുരസ്‌കാരത്തിന് അർഹനായത്. ഭർത്താവിനൊപ്പമെത്തിയാണ് ഷമീമ 2023 മേയിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പുരസ്‌കാരം സ്വീകരിച്ചത്.ഇതിന്റെ ഫോട്ടോയും വീഡിയോയും രാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റർ,യൂട്യൂബ് അക്കൗണ്ടുകളിൽ പങ്കുവെച്ചിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായും ലഫ്റ്റനന്റ് ഗവർണറുമടക്കമുള്ളവർ മുദസിറിന്റെ വീട്ടിലെത്തുകയും ചെയ്തിരുന്നു. ആദരസൂചകമായി ബാരാമുള്ള ടൗൺസ്‌ക്വയറിന് ഷഹീദ് മുദസിർ ചൗക്ക് എന്ന് പേരും നൽകിയിരുന്നു.
പാക് അധീന കശ്മീർ സ്വദേശിയായ ഷമീമ അക്തർ 1990 ലാണ് പൊലീസുകാരനായ മുഹമ്മദ് മക്‌സൂദിനെ വിവാഹം കഴിക്കുന്നത്. 40 വർഷമായി ബാരാമുള്ളയിലാണ് ഷമീമ താമസിക്കുന്നത്. പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നാടുകടത്തുന്നവരുടെ പട്ടികയിൽ ഷമീമയുമുണ്ടായിരുന്നു. കശ്മീരിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരെ ബസുകളിൽ പഞ്ചാബിലെത്തിച്ച് വാഗാ അതിർത്തിയിൽ പാക് അധികൃതർക്ക് കൈമാറാനായിരുന്നു തീരുമാനം.ഷമീമയെ ശ്രീനഗറിലേക്ക് കൊണ്ടുപോയതായും വാര്‍ത്തകള്‍ പുറത്തുവന്നു.
'മുദാസിറിന്റെ ജീവത്യാഗം ജമ്മു കശ്മീർ പൊലീസിനും മുഴുവൻ രാജ്യത്തിനും അഭിമാനകരമായ കാര്യമാണ്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ പൊതുജനങ്ങളോടും മാധ്യമങ്ങളോടും അഭ്യർത്ഥിക്കുന്നു' ചൊവ്വാഴ്ച വൈകിട്ട് ബാരാമുള്ള പൊലീസ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഇതിന് പിന്നാലെ തന്നെ നാടുകടത്തിയിട്ടില്ലെന്ന ഷമീമ ബീഗത്തിന്‍റേതായുള്ള വീഡിയോയും പുറത്ത് വന്നു. 'തനിക്ക് അസുഖമായതിനാലാണ് കുടുംബം ശ്രീനഗറിലേക്ക് കൊണ്ടുവന്നത്. എന്നാൽ പൊലീസ് എന്നെ കൊണ്ടുപോയെന്നാണ് എല്ലാവരും കരുതിയത്.എന്നാൽ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല'. ആ വീഡിയോകളെല്ലാം തെറ്റാണെന്നും പ്രചരിക്കുന്നത് കിംവദന്തിയാണെന്നും ഷമീമ വീഡിയോയിൽ പറയുന്നുണ്ട്.
ഞങ്ങളുടെ പ്രദേശത്തെ എസ്എച്ച്ഒ വൈകുന്നേരം വീട്ടിലെത്തുകയും നാടുകടത്താന്‍ ആവശ്യപ്പെട്ടവരുടെ പട്ടികയിൽ മാതാവിന്റെ പേരുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നെന്ന് മകനായ നാസിർ മഖ്സൂദ് ദി ഇന്ത്യൻ എക്പ്രസിനോട് പറഞ്ഞു.എന്നാൽ മാതാവിനെ നാടുകടത്തുന്നത് നിർത്തിവെച്ചിരിക്കുകയാണെന്ന അറിയിപ്പ് ഇന്ന് ലഭിച്ചെന്നും മകൻ പറഞ്ഞു.''എന്റെ സഹോദരൻ രാജ്യത്തിനുവേണ്ടി ത്യാഗം ചെയ്തു, എന്റെ ഉമ്മയോട് പോകാൻ എങ്ങനെ ആവശ്യപ്പെടും. അവർ ഇപ്പോൾ ശ്രീനഗറിലാണ്.'' മകൻ പറഞ്ഞു. അതേസമയം, നാടുകടത്തൽ പട്ടികയിലുണ്ടിയിരുന്നു ബാക്കി 59 പേരെ അധികൃതർ പഞ്ചാബിലേക്ക് കൊണ്ടുപോയിട്ടുണ്ട്.