ഇനി വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പര്‍, എസി കോച്ചുകളില്‍ കയറാനാകില്ല; മെയ് ഒന്നുമുതല്‍ മാറ്റം

ഈ യാത്രക്കാരെ ജനറല്‍ ക്ലാസില്‍ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ

Update: 2025-04-30 08:12 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി ബന്ധപ്പെട്ട് പുതിയ മാറ്റവുമായി ഇന്ത്യൻ റെയിൽവെ. പുതിയ മാനദണ്ഡം അനുസരിച്ച് വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ കൈവശമുള്ള യാത്രക്കാര്‍ക്ക് ട്രെയിനില്‍ സ്ലീപ്പര്‍ അല്ലെങ്കില്‍ എസി കോച്ചുകളില്‍ യാത്ര ചെയ്യാന്‍ അനുവാദമില്ല. ഈ യാത്രക്കാരെ ജനറല്‍ ക്ലാസില്‍ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ. നിലവില്‍ കൗണ്ടറുകളില്‍ നിന്ന് വാങ്ങുന്ന വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് ഉപയോഗിച്ച് യാത്രക്കാര്‍ക്ക് സ്ലീപ്പര്‍, എസി കോച്ചുകളില്‍ യാത്ര ചെയ്യാം. മെയ് ഒന്നുമുതലാണ് പുതിയ വ്യവസ്ഥ പ്രാബല്യത്തില്‍ വരിക.

ഐആര്‍സിടിസി വഴി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റില്‍ ആണെങ്കില്‍ യാത്രയ്ക്ക് മുന്‍പ് കണ്‍ഫേം ആയില്ലെങ്കില്‍ ഓട്ടോമാറ്റിക്കായി റദ്ദാക്കപ്പെടുന്നതാണ് പതിവ്. ഇത്തരത്തില്‍ ഓട്ടോമാറ്റിക്കായി റദ്ദാക്കപ്പെടുമ്പോള്‍ ടിക്കറ്റ് തുകയുടെ നിശ്ചിത ശതമാനം ഉപഭോക്താവിന്‍റെ അക്കൗണ്ടിലേക്ക് തന്നെ തിരിച്ചെത്തുകയും ചെയ്യും. എന്നാല്‍ കൗണ്ടറുകളില്‍ നിന്ന് ലഭിക്കുന്ന ഓഫ്‌ലൈന്‍ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് ഉപയോഗിച്ച് നിരവധി യാത്രക്കാര്‍ ഇപ്പോഴും സ്ലീപ്പര്‍, എസി കോച്ചുകളില്‍ യാത്ര ചെയ്യുന്നുണ്ട്. ഇത് കണ്‍ഫേം ടിക്കറ്റ് യാത്രക്കാരെ ബാധിക്കുന്നുവെന്ന് വിലയിരുത്തിയാണ് പുതിയ പരിഷ്കാരം.

മെയ് 1 മുതല്‍, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പര്‍, എസി കോച്ചുകളില്‍ യാത്ര ചെയ്യുന്നത് നിരോധിക്കും. വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുള്ള ഒരു യാത്രക്കാരന്‍ ഈ കോച്ചുകളില്‍ സീറ്റില്‍ ഇരിക്കുന്നതായി കണ്ടെത്തിയാല്‍ വ്യക്തിക്ക് പിഴ ചുമത്താനോ ജനറല്‍ കമ്പാര്‍ട്ടുമെന്‍റിലേക്ക് മാറ്റാനോ ടിടിഇക്ക് അധികാരമുണ്ടായിരിക്കും.കണ്‍ഫേം ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് യാത്രയ്ക്കിടെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണിത് എന്ന് നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ക്യാപ്റ്റന്‍ ശശി കിരണ്‍ പറഞ്ഞു.

ടിക്കറ്റില്ലാതെ ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നത് ട്രെയിനുകളിലെ പതിവ് കാഴ്ചയാണ്. സര്‍വേഷന്‍ കോച്ചുകള്‍ പോലും ടിക്കറ്റില്ലാത്ത യാത്രക്കാര്‍ കയ്യടക്കിയത് ഈയിടെ വാര്‍ത്തയായിരുന്നു. പ്രീമിയം ട്രെയിന്‍ എന്നറിയപ്പെടുന്ന വന്ദേഭാരതിലും ടിക്കറ്റില്ലാത്ത യാത്രക്കാര്‍ വന്ദേഭാരതില്‍ നുഴഞ്ഞുകയറി യാത്ര ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ടിക്കറ്റ് ബുക്ക് ചെയ്തിട്ടും തനിക്കും കുടുംബത്തിനും സീറ്റ് ലഭിക്കാത്ത അനുഭവം ഒരു യാത്രക്കാരന്‍ ഈയിടെ പങ്കുവച്ചിരുന്നു. അഹമ്മദാബാദിൽ നിന്ന് ഭുജ്-ഷാലിമർ എക്സ്പ്രസിന്റെ സ്ലീപ്പർ കോച്ചിൽ കയറിയ യാത്രക്കാരനാണ് ദുരനുഭവമുണ്ടായത്. താൻ ബുക്ക് ചെയ്ത സീറ്റിൽ മറ്റൊരാൾ ഇരിക്കുന്നതാണ് കണ്ടത്. കൂടാതെ നിരവധി പേർ ടിക്കറ്റ് പോലുമെടുക്കാതെ ആ കോച്ചിൽ യാത്ര ചെയ്യുകയും നിൽക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയായിരുന്നെന്നും യാത്രക്കാരൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News