പാകിസ്താന് വേണ്ടി ചാരവൃത്തി; രാജസ്ഥൻ സ്വദേശി അറസ്റ്റിൽ
ജയ്‌സാൽമീർ നിവാസിയായ പത്താൻ ഖാൻ ആണ് അറസ്റ്റിലായത്
ജയ്‌സാൽമീർ: പാകിസ്താൻ ചാര സംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസിന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് രാജസ്ഥാൻ സ്വദേശിയെ ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. ജയ്‌സാൽമീർ നിവാസിയായ പത്താൻ ഖാൻ ആണ് അറസ്റ്റിലായതെന്ന് ഇന്റലിജൻസ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.1923 ലെ ഒഫിഷ്യൽസീക്രട്ട് നിയമപ്രകാരമാണ് പത്താൻ ഖാനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പത്താൻ ഖാൻ 2013 ൽ പാകിസ്താൻ സന്ദർശിക്കുകയും പാക് ഇന്റലിജൻസ് ഏജൻസിയിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നുവെന്നും അധികൃതർ പറയുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
പത്താന് പണവും ചാരവൃത്തിക്കായി പരിശീലനവും ലഭിച്ചെന്നും 2013 ന് ശേഷവും, പാകിസ്താനിൽ പോകുകയും പാക് ഇന്റലിജൻസ് ഏജൻസി ഉദ്യോഗസ്ഥരുമായി ബന്ധം പുലർത്തുകയും ചെയ്‌തെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.ജയ്സാൽമീർ അതിർത്തിയുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങൾ പങ്കുവെച്ചെന്നും ഇന്റലിജൻസിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.
അതേസമയം, പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ രാജസ്ഥാനിലെ അതിർത്തികളിൽ ഇന്ത്യൻ സൈന്യത്തിന് എല്ലാ സഹായവും ചെയ്യാൻ തയ്യാറെന്ന് നാട്ടുകാർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. യുദ്ധമുണ്ടായാൽ സാധാരണക്കാർക്കും സുരക്ഷാ സേനയ്ക്കും അഭയം നൽകുന്നതിനായി ബങ്കറുകൾ ഇതിനകം തന്നെ നിർമ്മിച്ചിട്ടുണ്ടെന്ന് ഗ്രാമവാസികള്‍ പറയുന്നു.
അതിനിടെ, പഹല്‍ഗാം ഭീകരര്‍ക്കായി ദക്ഷിണ കശ്മീരില്‍ സുരക്ഷാസേന തിരച്ചില്‍ ശക്തമാക്കി. പഹല്‍ഗാം ഉള്‍പ്പെടുന്ന അനന്ത്നാഗ്, കുല്‍ഗാം അടക്കമുള്ള ജില്ലകളിലാണ് പാക് ഭീകരരെയും തദ്ദേശീയരായ സഹായികളെയും തിരയുന്നത്. സേനയും ജമ്മുകശ്മീർ പൊലീസും സംയുക്തമായാണ് വിവിധയിടങ്ങളിൽ തിരച്ചിൽ തുടരുന്നത്. ഭീകരരെ കുറിച്ച് സൂചന ലഭിച്ചാൽ പൊലീസിനെ അറിയിക്കണമെന്ന് പ്രദേശവാസികൾക്ക് നിരന്തരം നിർദേശം നൽകുന്നുണ്ട്.
കശ്മീര്‍ താഴ്‌വരയുടെയും നിയന്ത്രണ രേഖയുടെയും കാവലാളുകളായ ശ്രീനഗര്‍ ആസ്ഥാനമായ പതിനഞ്ചാം കോറിന്‍റെ നേതൃത്വത്തിലാണ് തിരച്ചില്‍. രാഷ്ട്രീയ റൈഫിള്‍സിന്‍റെ വിവിധ യൂണിറ്റുകളും സൈന്യത്തിന്‍റെ സ്പെഷല്‍ ഫോഴ്സസായ പാരാ കമാന്‍ഡോകളും വിവിധ ഇടങ്ങളിൽ പരിശോധനക്ക് ഒപ്പമുണ്ട് ഒപ്പമുണ്ട്. ഭീകരരെ ഉടൻ ജീവനോടെ പിടികൂടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
ഇന്നലെ പഹൽഗാമിലെത്തിയ എന്‍ഐഎ മേധാവി സദാനന്ത ദത്തെ അന്വേഷണം വിലയിരുത്തി. പഹല്‍ഗാം മേഖലയുടെ ത്രിമാന ചിത്രീകരണം നടത്തി.