ഭാര്യ കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക് മെയില്‍ ചെയ്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍; ലോണടക്കാന്‍ 1.5 ലക്ഷം രൂപ തന്നില്ലെങ്കില്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി
വീടിന്‍റെയും കാറിന്‍റെയും ഇംഎംഐകള്‍ അടക്കാന്‍ വേണ്ടി പണം വേണമെന്ന് പറഞ്ഞായിരുന്നു ഇയാള്‍ ഭാര്യയെ ഭീഷണിപ്പെടുത്തിയത്
പൂനെ: ഭാര്യ കുളിക്കുന്നതിന്റെ വീഡിയോകൾ രഹസ്യമായി പകര്‍ത്തി ബ്ലാക് മെയില്‍ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കേസ്. പൂനെയിലാണ് സംഭവം നടന്നത്.ചാരവൃത്തി, ബ്ലാക്ക് മെയിൽ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തത്. മാതാപിതാക്കളില്‍ നിന്ന് പണം കൊണ്ടുവന്നില്ലെങ്കില്‍ വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. സര്‍ക്കാര്‍ ഉദ്യാഗസ്ഥയായ ഭാര്യയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വീടിന്‍റെയും കാറിന്‍റെയും ഇംഎംഐകള്‍ അടക്കാന്‍ വേണ്ടി പണം വേണമെന്ന് പറഞ്ഞായിരുന്നു ഇയാള്‍ ഭാര്യയെ ഭീഷണിപ്പെടുത്തിയത്.
2020 ലാണ് ഇരുവരും വിവാഹിതരായത്. കാലക്രമേണ, ഭർത്താവ് ഭാര്യയുടെ സ്വഭാവത്തിൽ സംശയം പ്രകടിപ്പിക്കുകയും ശാരീരികവും മാനസികവുമായ പീഡനത്തിന് വിധേയമാക്കാൻ തുടങ്ങുകയും ചെയ്തവെന്നും പരാതിയില്‍ പറയുന്നു. തന്നെ നിരീക്ഷിക്കാനായി കുളിമുറി ഉൾപ്പെടെ വീട്ടിലുടനീളം രഹസ്യ ക്യാമറകൾ സ്ഥാപിച്ചെന്നും ഭാര്യയുടെ പരാതിയിലുണ്ട്. താന്‍ ജോലി സ്ഥലത്തായിരിക്കുന്ന സമയത്ത് പോലും ഭര്‍ത്താവിന്‍റെ നിരീക്ഷണത്തിലാണെന്നും 30കാരി ആരോപിക്കുന്നു.
കാർ, ഭവന വായ്പകൾ തിരിച്ചടയ്ക്കാൻ മാതാപിതാക്കളിൽ നിന്ന് 1.5 ലക്ഷം രൂപ കൊണ്ടുവന്നില്ലെങ്കിൽ വീഡിയോകൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് ഭർത്താവ് നിരന്തരം ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയിൽ ആരോപിച്ചു.
വിവാഹശേഷം, ഭർത്താവിന്റെ അമ്മ, അച്ഛൻ, സഹോദരൻ, സഹോദരി ഉൾപ്പെടെയുള്ള ഭർതൃവീട്ടുകാർ തന്നെ നിരന്തരം ഉപദ്രവിച്ചുവെന്നും പണവും കാറും കൊണ്ടുവരാൻ സമ്മർദം ചെലുത്തിയെന്നും യുവതി പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഭർത്താവിനും ഏഴ് ബന്ധുക്കൾക്കുമെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബ്ലാക്ക് മെയിൽ, ഗാർഹിക പീഡനം, ചൂഷണം, സ്വകാര്യതയുടെ ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പരാതിയില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർ നിരീക്ഷണ കാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് യുവതിയുടെ ദൃശ്യങ്ങളും കണ്ടെടുത്തു.അതേസമയം, കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. തെളിവുകള്‍ പരിശോധനിച്ച ശേഷം ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് പറയുന്നത്.