എമ്പുരാൻ രാജ്യസഭയിൽ അവതരിപ്പിച്ച് ബ്രിട്ടാസ്; സിനിമ ക്രിസ്ത്യാനികൾക്കെതിരെന്ന് ജോർജ് കുര്യൻ

ഓർഗനൈസർ സിനിമയെ അപകീർത്തിപ്പെടുത്തുകയാണെന്ന് കോൺഗ്രസ് എംപി ജെബി മേത്തർ

Update: 2025-04-02 07:00 GMT
Editor : സനു ഹദീബ | By : Web Desk
Advertising

ന്യൂഡൽഹി: എമ്പുരാനെ ചൊല്ലി രാജ്യസഭയിൽ പ്രതിഷേധം. ചിത്രത്തെ സെൻസർ ബോർഡ് റീ എഡിറ്റ് ചെയ്തുവെന്നും സംവിധായകനെയും എഴുത്തുകാരനെയും രാജ്യവിരുദ്ധരായി മുദ്രകുത്തുന്നുവെന്നും ജോൺ ബ്രിട്ടാസ് ആരോപിച്ചു. ഓർഗനൈസർ സിനിമയെ അപകീർത്തിപ്പെടുത്തുകയാണെന്ന് കോൺഗ്രസ് എംപി ജെബി മേത്തർ പറഞ്ഞു. എന്നാൽ, സിനിമ ക്രിസ്ത്യാനികൾക്ക് എതിരെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ചിത്രം നിരോധിക്കണമെന്ന് ബിജെപി അംഗങ്ങളും ആവശ്യപ്പെട്ടു.

എമ്പുരാൻ വിഷയത്തിൽ പാർലമെന്‍റിൽ പ്രതിപക്ഷ എംപിമാർ നേരത്തെ പ്രതിഷേധം അറിയിച്ചിരുന്നു. വിഷയം ഇരുസഭകളിലും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ്, എ.എ റഹീം, ഹൈബി ഈഡൻ, ബെന്നി ബഹ്നാൻ, പി.സന്തോഷ് കുമാർ ഉൾപ്പെടെയുള്ള എംപിമാർ നോട്ടീസ് നൽകി. ചിത്രത്തിനെതിരെയുള്ള പ്രചാരണം അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണെന്ന് നോട്ടീസിൽ എംപിമാർ ചൂണ്ടിക്കാട്ടുന്നു. രാജ്യസഭയിൽ നോട്ടീസ് തള്ളിയതോടെ ഇടത് എംപിമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. എമ്പുരാന്‍ സിനിമക്കെതിരെ ഭീഷണി ഉയര്‍ത്തുന്നുവെന്ന് രാജ്യസഭയിൽ ബിഹാര്‍ എംപി മനോജ് ഝാ പറഞ്ഞു. ലോക്സഭയിലും സ്പീക്കർ നോട്ടീസ് തള്ളിയതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു.

മോഹൻലാൽ ചിത്രമായ എമ്പുരാനെ ചൊല്ലിയുള്ള വിവാദങ്ങൾ കൊടുമ്പിരികൊണ്ടിരിക്കെയാണ് വിഷയം രാജ്യസഭയിലും ചർച്ചയാകുന്നത്. സിനിമക്കെതിരെ സംഘ്പരിവാർ ഗ്രൂപ്പുകൾ വ്യാപക പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു. സംവിധായകൻ പൃത്വിരാജിനെതിരെയും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാലിനെതിരെയുമായിരുന്നു അസഭ്യവർഷം ഉൾപ്പടെയുള്ള പ്രതിഷേധങ്ങൾ. ബിജെപി നേതാക്കളും പരസ്യഭീഷണിയുമായി രംഗത്ത് വന്നിരുന്നു.

പിന്നാലെ ചിത്രത്തിൽ നിന്ന് വിവാദഭാഗങ്ങൾ നീക്കം ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. 3 മിനിറ്റാണ് സിനിമയിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. വിവാദങ്ങൾക്കിടയിലും സിനിമ ഇതുവരെ 200 കോടിയിലധികം കളക്ഷൻ നേടിയെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News