പഹൽഗാം ഭീകരാക്രമണം: കശ്മീർ ടൂറിസത്തെയും ബാധിക്കുന്നു; മുൻകൂട്ടി ബുക്ക് ചെയ്ത നിരവധി ട്രിപ്പുകൾ റദ്ദാക്കി

കശ്മീരിലെ 90% ആളുകളും വിനോദസഞ്ചാരത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. സഞ്ചാരികൾ കശ്മീരിലേക്ക് എത്തിയാൽ മാത്രമേ അവർക്കും ഉപജീവനമാർഗം സാധ്യമാകുകയുള്ളൂ.

Update: 2025-04-26 02:20 GMT
Editor : rishad | By : Web Desk
Advertising

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണം വലിയ പ്രഹരമേല്‍പ്പിച്ചിരിക്കുകയാണ് കശ്മീർ ടൂറിസത്തെ. വിനോദസഞ്ചാരികളെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന സാധാരണ മനുഷ്യർ പട്ടിണിയിലേക്ക് നീങ്ങുകയാണ്. ഭീകരാക്രമണത്തിന് പിന്നലെ മുൻകൂട്ടി ബുക്ക്‌ ചെയ്ത നിരവധി ട്രിപ്പുകളാണ് ക്യാൻസൽ ചെയ്തിരിക്കുന്നത്.

മലയാളികൾ ഉൾപ്പടെയുള്ള വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് കശ്മീര്‍. പല ട്രാവല്‍ ഏജന്‍സികളും മുന്‍കൂട്ടി ബുക്ക് ചെയ്ത കശ്മീര്‍ ട്രിപ്പുകള്‍ ബാക്കിയുണ്ടായിരുന്നു. ഇവര്‍ക്കെല്ലാം വിമാനടിക്കറ്റും താമസ സൗകര്യങ്ങളും ഒരുക്കിയിരുന്നു. എന്നാൽ, ഭീകരാക്രമണത്തിന് ശേഷം സഞ്ചാരികൾ കൂട്ടത്തോടെ ട്രിപ്പുകള്‍ വേണ്ടെന്ന് തീരുമാനിച്ചതോടെ ഇതെല്ലാം റദ്ദാക്കേണ്ട അവസ്ഥയിലാണ് ടൂര്‍ ഓപ്പറേറ്റര്‍മാർ.

കശ്മീരിലെ 90% ആളുകളും വിനോദസഞ്ചാരത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. സഞ്ചാരികൾ കശ്മീരിലേക്ക് എത്തിയാൽ മാത്രമേ അവർക്കും ഉപജീവനമാർഗം സാധ്യമാകുകയുള്ളൂ. എന്നാൽ, അപ്രതീക്ഷിതമായി ഉണ്ടായ ഭീകരാക്രമണം കശ്മീർ ജനതയെ വല്ലാതെ തളർത്തിയിരിക്കുന്നു. തൊഴിലിനെ കാര്യമായി ബാധിച്ചതോടെ മുന്നോട്ടുള്ള വഴിയറിയാതെ പകച്ചു നിൽക്കുകയാണ് എല്ലാവരും. ഗുൾമർഗ്,സോന്മാർഗ് തുടങ്ങി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ചുരുക്കം ചിലയാളുകൾ എത്തുന്നത് ഒഴിച്ചാൽ സഞ്ചാരികളുടെ വലിയ ഒഴുക്ക് ഒരിടത്തുമില്ല.

കുതിര സവാരി നടത്തി മാത്രം ജീവിക്കുന്ന 10,000ത്തിലധികം ആളുകളുണ്ട് കശ്മീരിൽ. കൂടാതെ ദാൽ തടാകത്തിൽ ശിക്കാരാ വഞ്ചികൾ തുഴഞ്ഞും ടാക്സി ഡ്രൈവർമാരായും ജീവിക്കുന്നവർ വേറെയും. ഇവരുടെ കുടുംബങ്ങളെല്ലാം പൂർണ്ണമായും പട്ടിണിയിലാകുമെന്നും കശ്മീരികള്‍ പറയുന്നു. ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ നിന്ന് വൻ തോതിൽ ടൂറിസ്റ്റുകൾ മടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം മാത്രം ശ്രീനഗർ വിമാനത്താവളത്തിൽ നിന്ന് 20 വിമാനങ്ങളിലായി 3,337 പേരാണ് മടങ്ങിയത്.

അധിക വിമാനസർവീസുകളും ആരംഭിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്നും ശ്രീനഗറിലേക്കുള്ള വിമാനങ്ങളിൽ നിരവധി സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. എത്രയും വേഗം പ്രശ്നങ്ങൾ അവസാനിച്ച് സഞ്ചാരികളുടെ വരവ് കാത്തിരിക്കുകയാണ് ഈ സാധാരണ മനുഷ്യർ. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News