പഹൽഗാം ആക്രമണം: വിദ്വേഷ പ്രചാരണങ്ങൾക്കും വംശഹത്യാ ആഹ്വാനങ്ങൾക്കുമുള്ള അവസരമാക്കുന്നതിനെ ചെറുക്കുക - എസ്‌ഐഒ

വർഗീയ ഉള്ളടക്കങ്ങളും വിദ്വേഷവും പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാൻ അധികാരികൾ സന്നദ്ധമാകണമെന്നും എസ്‌ഐഒ ആവശ്യപ്പെട്ടു.

Update: 2025-04-25 12:44 GMT
Advertising

ന്യൂഡൽഹി: പഹൽഗാമിലെ ആക്രമണത്തെ തുടർന്ന് ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കശ്മീരികളായ വിദ്യാർഥികളും, കച്ചവടക്കാരും, പൗരന്മാരും തുടർച്ചയായി ആക്രമണങ്ങൾക്കിരയാവുന്നത് അതിയായ ആശങ്കയുളവാക്കുന്നതാണെന്ന് എസ്‌ഐഒ ദേശീയ സെക്രട്ടറി യൂനുസ് മുല്ല. പ്രതികാര ബുദ്ധിയോടെയും വംശഹത്യാ ആഹ്വാനവുമായുള്ള ഇത്തരം നീചമായ നടപടികളെ ശക്തമായി അപലപിക്കുകയും കശ്മീരികളുടെ സുരക്ഷ ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ അധികാരികൾ കൈക്കൊള്ളണമെന്നും എസ്‌ഐഒ ആവശ്യപ്പെട്ടു.

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും  ഉന്നംവെച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന വിദ്വേഷാത്മകമായ ആഖ്യാനങ്ങളും പ്രചാരണങ്ങളും അപലപനീയമാണ്. വർഗീയ സംഘർഷങ്ങൾക്കും ആക്രമണങ്ങൾക്കും തിരികൊളുത്താനുള്ള അവസരമായാണ് വിദ്വേഷ പ്രചാരകർ ഈ ഹീനമായ സംഭവത്തെ കാണുന്നത്. അത്തരം വർഗീയ ഉള്ളടക്കങ്ങളും വിദ്വേഷവും പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാൻ അധികാരികൾ സന്നദ്ധമാകണമെന്നും എസ്‌ഐഒ ആവശ്യപ്പെട്ടു.

ഹീനമായൊരു സംഭവത്തെ വിദ്വേഷ പ്രചാരണങ്ങൾക്കും വംശഹത്യാ ആഹ്വാനങ്ങൾക്കുമുള്ള അവസരമായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം പ്രവണതകൾ രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷത്തിന് ഭീഷണിയാണ്. ഈ സന്ദർഭത്തിൽ എല്ലാവരും ഐക്യത്തോടെ നീതിയിലധിഷ്ഠിതമായി ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും ഇരകൾക്ക് നീതി ലഭ്യമാക്കാനാവശ്യമായ ചോദ്യങ്ങൾ ഉയർത്തേണ്ട സന്ദർഭമാണെന്നും എസ്‌ഐഒ ദേശീയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News