പഹൽഗാം ഭീകരാക്രമണം: വീഴ്ച സമ്മതിച്ച് കേന്ദ്രം; സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രിയുടെ അസാന്നിധ്യവും വിദ്വേഷ പ്രചാരണവും ചോദ്യം ചെയ്ത് പ്രതിപക്ഷം
ആഭ്യന്തര മന്ത്രി അമിത് ഷാ, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു, ധനകാര്യ മന്ത്രി നിർമല സീതാരാമൻ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരാണ് സർക്കാരിനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തത്.
ന്യൂഡൽഹി: 26 സിവിലിയൻമാർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിൽ വീഴ്ച സമ്മതിച്ച് കേന്ദ്ര സർക്കാർ. സമീപ വർഷങ്ങളിൽ കശ്മീരിൽ ബിസിനസും ടൂറിസവും അടക്കം എല്ലാം നല്ല രീതിയിലാണ് മുന്നോട്ട് പോയിരുന്നതെന്നും പഹൽഗാം ആക്രമണത്തിൽ വീഴ്ചയുണ്ടായെന്നുമാണ് കേന്ദ്രം കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ പറഞ്ഞത്.
ഭീകരതക്കെതിരെ സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് യോഗത്തിൽ പ്രതിപക്ഷ പാർട്ടികൾ പൂർണ പിന്തുണ അറിയിച്ചു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ പങ്കെടുക്കാത്തതിനെയും ആക്രമണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലും മറ്റു മാധ്യമങ്ങളിലും നടന്ന വിദ്വേഷ പ്രചാരണത്തെയും പ്രതിപക്ഷം ചോദ്യം ചെയ്തുവെന്ന് 'ദ വയർ' റിപ്പോർട്ട് ചെയ്തു.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിലാണ് സർവകക്ഷി യോഗം ചേർന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു, ധനകാര്യ മന്ത്രി നിർമല സീതാരാമൻ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരാണ് സർക്കാരിനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തത്.
യോഗത്തിൽ പങ്കെടുക്കാതിരുന്ന പ്രധാനമന്ത്രി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ പോയതായിരുന്നു. സംസ്ഥാനത്ത് പ്രധാനമന്ത്രി വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനാൽ എൻഡിഎ ഘടകകക്ഷിയായ ജെഡി(യു) പ്രതിനിധിയും യോഗത്തിന് എത്തിയിരുന്നില്ല. ജമ്മുകശ്മീർ ഭരിക്കുന്ന നാഷണൽ കോൺഫറൻസ് പ്രതിനിധിയും യോഗത്തിനെത്തിയില്ല. നാഷണൽ കോൺഫറൻസിനെ യോഗത്തിന് ക്ഷണിച്ചിരുന്നില്ല എന്നാണ് വിവരം.
ഭീകരാക്രമണത്തെ തുടർന്ന് കാബിനറ്റ് സുരക്ഷാ സമിതി സ്വീകരിച്ച നടപടികളെക്കുറിച്ച് പ്രതിരോധ മന്ത്രി നേതാക്കളെ അറിയിച്ചതായി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. സമീപ വർഷങ്ങളിൽ കാര്യങ്ങളെല്ലാം നല്ല നിലയിലാണ് പോയിരുന്നതെന്നും നിലവിലെ ആക്രമണത്തിന് കാരണമായ വീഴ്ചകൾ എന്താണെന്ന് ഇന്റലിജൻസ് ബ്യൂറോയും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരും യോഗത്തിൽ വിശദീകരിച്ചു.
ആക്രമണം നടന്ന സ്ഥലം പ്രധാന റോഡിലല്ല. ആക്രമണം ഉണ്ടായ സ്ഥലത്തുനിന്ന് പ്രധാന റോഡിലേക്ക് എത്താൻ രണ്ടര മണിക്കൂറോളം വേണം. നടന്നോ കുതിരപ്പുറത്തോ മാത്രമേ ഇവിടേക്ക് എത്താൻ കഴിയുകയുള്ളൂ. സമീപ വർഷങ്ങളിൽ താഴ്‌വരയിൽ കാര്യങ്ങൾ നല്ല രീതിയിലാണ് മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. ഈ സാഹചര്യമാണ് തീവ്രവാദികൾ ഉപയോഗപ്പെടുത്തിയത്. ഇത് തടയുന്നതിൽ വീഴ്ചയുണ്ടായെന്ന് ഇന്റലിജൻസ് ബ്യൂറോയും ആഭ്യന്തര മന്ത്രാലയവും നേതാക്കളെ അറിയിച്ചു.
ആക്രമണമുണ്ടായ പഹൽഗാമിലെ ബൈസരൺ താഴ്‌വര അമർനാഥ് യാത്രയുടെ സമയത്ത് മാത്രമാണ് തുറക്കാറുള്ളതെന്നും അത് സെൻസിറ്റീവ് മേഖലയാണെന്നുമാണ് സർക്കാർ പറയുന്നത്. എന്നാൽ ഏപ്രിൽ 20ന് ആരുമറിയാതെ താഴ്‌വരയിലേക്ക് പ്രവേശനം അനുവദിച്ചത് ആരാണെന്ന് എഎപി എംപി സഞ്ജയ് സിങ് ചോദിച്ചു.
''അപ്പോൾ ഏപ്രിൽ 20ന് ആരുമറിയാതെ ഇത് എങ്ങനെ തുറന്നു? ഇതൊരു തമാശയാണോ? ആരുടെയും അറിവില്ലാതെ 500-1000 ആളുകൾ എങ്ങനെയാണ് അവിടെ എത്തിയത്? 20ന് ഇത് തുറന്നതായി തീവ്രവാദികൾ അറിഞ്ഞിട്ടും നമ്മുടെ സർക്കാർ എന്തുകൊണ്ടാണ് അറിയാതിരുന്നത്?''- സഞ്ജയ് സിങ് ചോദിച്ചു.
സിആർപിഎഫിനെ എന്തുകൊണ്ടാണ് പഹൽഗാമിൽ വിന്യസിക്കാതിരുന്നതെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി ചോദിച്ചു. ജനുവരിൽ സിആർപിഎഫിനെ ഇവിടെ നിന്ന് പിൻവലിച്ചത് എന്തുകൊണ്ടാണ്? ക്വിക്ക് റിയാക്ഷൻ ടീം ആക്രമണം നടന്ന സ്ഥലത്തേക്ക് എത്താൻ ഒരു മണിക്കൂറോളം സമയമെടുത്തത് എന്തുകൊണ്ടാണ്? 2000ൽ പഹൽഗാമിൽ ഉണ്ടായ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിച്ച റിപ്പോർട്ടിന് എന്ത് സംഭവിച്ചുവെന്നും ഉവൈസി ചോദിച്ചു.
ആക്രമണത്തിന് പിന്നാലെ മുഖ്യധാര മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നടന്ന വിദ്വേഷ പ്രചാരണവും എംപിമാർ യോഗത്തിൽ ഉന്നയിച്ചു. അസദുദ്ദീൻ ഉവൈസി, സുപ്രിയ സുലെ, സഞ്ജയ് സിങ്, ഹാരിസ് ബീരാൻ തുടങ്ങിയവരാണ് വിഷയം യോഗത്തിൽ ഉന്നയിച്ചത്. ബിജെപിയുടെ എക്‌സ് അക്കൗണ്ടുകളിൽ നിന്നടക്കം വലിയ വിദ്വേഷ പ്രചാരണം ഉണ്ടായതായി എംപിമാർ പറഞ്ഞു. ആക്രമണത്തെ ഹിന്ദു-മുസ്‌ലിം പ്രശ്‌നമാക്കി ചിത്രീകരിച്ച് പ്രചാരണം നടത്തുമ്പോൾ പാകിസ്താനും ലഷ്‌കറെ ത്വയ്ബയുമാണ് ചിരിക്കുന്നതെന്നും അവരുടെ ലക്ഷ്യമാണ് വിജയിക്കുന്നതെന്നും ഉവൈസി പറഞ്ഞു.
യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കാത്തതിനെതിരെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. അന്തിമ തീരുമാനമെടുക്കുന്നതിന് യോഗത്തിൽ പ്രധാനമന്ത്രിയുടെ സാന്നിധ്യം അനിവാര്യമായിരുന്നു എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. എല്ലാ കാര്യങ്ങളും അദ്ദേഹത്തെ അറിയിക്കുമെന്നാണ് മന്ത്രിമാർ പറഞ്ഞത്. എന്നാൽ യോഗത്തിലെ ചർച്ചകൾ നേരിട്ട് കേൾക്കുന്നതും മറ്റൊരാൾ വിശദീകരിച്ചു കൊടുക്കുന്നതും വ്യത്യസ്തമാണെന്നും ഖാർഗെ പറഞ്ഞു.