ദലിത് നേതാവിന്‍റെ സന്ദർശനത്തിന് പിന്നാലെ ക്ഷേത്രം ഗംഗാജലം ഉപയോഗിച്ച് ശുദ്ധീകരിച്ചു; രാജസ്ഥാനിൽ ബിജെപി നേതാവിനെതിരെ പ്രതിഷേധം
ബിജെപി നേതാവ് ഗ്യാൻ ദേവ് അഹൂജയുടെ നേതൃത്വത്തിലാണ് ശുദ്ധീകരണം നടത്തിയത്
ആൽവാര്‍: രാജസ്ഥാനിലെ ആൽവാറിലെ രാംഗഡിലുള്ള രാമക്ഷേത്രത്തിന്‍റെ സമർപ്പണ ചടങ്ങിൽ പ്രതിപക്ഷ കോൺഗ്രസ് നേതാവ് ടിക്കാറാം ജൂള്ളി പങ്കെടുത്തതിനെത്തുടർന്ന് ക്ഷേത്രം ഗംഗാജലം തളിച്ച് ശുദ്ധീകരിച്ചു. ബിജെപി നേതാവ് ഗ്യാൻ ദേവ് അഹൂജയുടെ നേതൃത്വത്തിലാണ് ശുദ്ധീകരണം നടത്തിയത്.
ശുദ്ധീകരണത്തിന്‍റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. ഞായറാഴ്ച ചില അശുദ്ധരായ ആളുകൾ ക്ഷേത്ര പരിസരത്ത് പ്രവേശിച്ചതിനാൽ ക്ഷേത്രം ശുദ്ധീകരിക്കുന്നത് പ്രധാനമാണെന്ന് പറഞ്ഞുകൊണ്ട് അഹൂജ ഇതിനെ ന്യായീകരിച്ചു. "ആരുടെയും പേര് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ക്ഷേത്രത്തിൽ ആരൊക്കെ ഉണ്ടായിരുന്നുവെന്ന് നമുക്കെല്ലാവർക്കും അറിയാം'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഹൂജയുടെ പ്രവൃത്തി ബിജെപിയുടെ മാനസികാവസ്ഥയെയാണ് കാണിക്കുന്നതെന്ന് ജൂള്ളി പറഞ്ഞു. “ഞാൻ നിയമസഭയിൽ തൊട്ടുകൂടായ്മ പ്രശ്നം ഉന്നയിച്ചിട്ടുണ്ട്, അതിനെതിരെ ഒരു പ്രചാരണത്തിന് നേതൃത്വം നൽകും. എന്‍റെ ദലിത് സ്വത്വം കാരണം ബിജെപി ക്ഷേത്രം ശുദ്ധീകരിക്കുന്നു. ഇതെന്‍റെ വിശ്വാസത്തിനു നേരെയുള്ള ആക്രമണം മാത്രമല്ല, തൊട്ടുകൂടായ്മയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും'' ജാതിയും മതവും നോക്കാതെ എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള ആളുകൾ എപ്പോഴും തന്നെ പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി ദലിതരെ അത്രയധികം വെറുക്കുന്നുണ്ടെന്ന് ജൂള്ളി ചൂണ്ടിക്കാട്ടി. ദൈവങ്ങൾ ബിജെപിയുടെ കുത്തകയാണോ? മുഖ്യമന്ത്രി ഭജൻ ലാൽ ശർമ, ബിജെപി സംസ്ഥാന പ്രസിഡന്‍റ് മദൻ റാത്തോഡ് എന്നിവർ ഈ നടപടിയെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആൽവാർ റൂറൽ നിയോജകമണ്ഡലത്തിൽ നിന്ന് മൂന്ന് തവണ നിയമസഭാംഗമായ ജൂലി, മുൻ അശോക് ഗെലോട്ട് നയിച്ച കോൺഗ്രസ് സർക്കാരിൽ സാമൂഹിക നീതി, ശാക്തീകരണ മന്ത്രിയായിരുന്നു. ചൊവ്വാഴ്ച സംസ്ഥാനത്തുടനീളം പ്രതിഷേധ പ്രകടനങ്ങൾക്ക് കോൺഗ്രസ് ആഹ്വാനം ചെയ്യുകയും ബിജെപി നേതാക്കളുടെ കോലം കത്തിക്കുകയും ചെയ്തു.
അതേസമയം വിവാദപ്രസ്താവനകളിലൂടെ സ്ഥിരം വാര്‍ത്തകളിൽ ഇടംപിടിക്കാറുള്ള നേതാവാണ് അഹൂജ. 2016-ൽ ജവഹർലാൽ നെഹ്‌റു സർവകലാശാലയെ ലൈംഗിക കേന്ദ്രമെന്ന് വിളിച്ചത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. കാമ്പസിൽ നിന്ന് പ്രതിദിനം 3,000-ത്തിലധികം ഉപയോഗിച്ച കോണ്ടം, 2,000 മദ്യക്കുപ്പികൾ എന്നിവ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.