ഓപ്പറേഷൻ സിന്ദൂര്‍: ഇന്ത്യന്‍ തിരിച്ചടിയില്‍ പാകിസ്താന് തകര്‍ച്ച; പാക് വ്യോമസേനയുടെ 20% അടിസ്ഥാന സൗകര്യങ്ങളും തകര്‍ന്നെന്ന് കേന്ദ്രം
നിയന്ത്രണ രേഖയിൽ നടത്തിയ തിരിച്ചടിയിൽ ഭീകരരുടെ ബങ്കറുകളും പാക് സൈനിക പോസ്റ്റുകളും തകർത്തതായും കേന്ദ്രം അറിയിച്ചു
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യന്‍ തിരിച്ചടിയില്‍ പാകിസ്താന്‍ വ്യോമസേനയുടെ 20 ശതമാനം അടിസ്ഥാന സൗകര്യങ്ങളും തകര്‍ന്നെന്ന് കേന്ദ്രം. ഇന്ത്യയുടെ ശക്തമായ പ്രത്യാക്രമണം പാക് വ്യോമസേനയ്ക്കു വലിയ നഷ്ടമുണ്ടാക്കിയെന്നാണ് കേന്ദ്രം വിവരം പങ്കുവെക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളിലും നിരീക്ഷണ സംവിധാനങ്ങളിലുമടക്കം വ്യോമസേനയ്ക്ക് 20 ശതമാനത്തോളം നഷ്ടമുണ്ടായി. വ്യോമതാവളങ്ങളിലുണ്ടായിരുന്ന എഫ്-16, ജെ-17 ഉൾപ്പെടെ നിരവധി യുദ്ധവിമാനങ്ങളും തകർന്നു.നിയന്ത്രണ രേഖയിൽ നടത്തിയ തിരിച്ചടിയിൽ ഭീകരരുടെ ബങ്കറുകളും പാക് സൈനിക പോസ്റ്റുകളും തകർത്തതായും കേന്ദ്രം അറിയിച്ചു.
അതിനിടെ ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യത്തിന്‍റെ കൂടുതൽ വിശദാംശങ്ങള്‍ കേന്ദ്രം പുറത്തുവിട്ടു. ഓപ്പറേഷൻ സിന്ദൂർ ആസൂത്രണത്തിന് ഉപയോഗിച്ചത് 10 ഉപഗ്രഹങ്ങൾ എന്നും കേന്ദ്രം വ്യക്തമാക്കി.പരമ്പരാഗത വ്യോമപ്രതിരോധ സംവിധാനങ്ങളായ പെച്ചോര മിസൈൽ, OSA - AK, LLAD എന്നീ ലോവര്‍ എയര്‍ ഡിഫന്‍സ് തോക്കുകൾ എന്നിവ ഉപയോഗിച്ചുവെന്നും കേന്ദ്രം വ്യക്തമാക്കി. ഇന്ത്യയുടെ തീരമേഖലയും ഉത്തരമേഖലയും ഉപഗ്രഹങ്ങൾ ഉപയോഗിച്ച് നിരീക്ഷണം തുടരുന്നുവെന്നും വാർത്താക്കുറിപ്പിൽ കേന്ദ്രം വ്യക്തമാക്കി.
തദ്ദേശീയമായി വികസിപ്പിച്ച യുദ്ധോപകരണങ്ങളും യുദ്ധവിമാനങ്ങളും പ്രതിരോധ സംവിധാനങ്ങളുമടക്കം ചേര്‍ന്നുള്ള സാങ്കേതിക വിദ്യയിൽ ഇന്ത്യയുടെ മുന്നേറ്റം വ്യക്തമാക്കുന്ന ദൗത്യമാണ് ഓപ്പറേഷൻ സിന്ദൂര്‍ എന്നാണ് വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്. സിന്ധു നദീജല കരാർ റദ്ധാക്കിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ കേന്ദ്രത്തിന് പിന്നാലെ കത്തയച്ചിരുന്നു. ഇതിൽ ഇന്ത്യയുടെ തീരുമാനം ഉടൻ ഉണ്ടായേക്കും.