രാജ്യ വ്യാപക ജയ് ഹിന്ദ് റാലിയുമായി കോൺഗ്രസ്; പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ഉയർത്തും
'രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ച് തീരുമാനം എടുക്കുന്നത് ആരാണ്? വെടി നിർത്താൻ ഇടപെട്ടെന്ന് ട്രംപ് ആവർത്തിക്കുമ്പോഴും എന്തിനാണ് സർക്കാർ മൗനം പാലിക്കുന്നത്?'
ന്യൂ ഡൽഹി: രാജ്യ വ്യാപക ജയ് ഹിന്ദ് റാലിയുമായി കോൺഗ്രസ്. മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും. ജയ് ഹിന്ദ് സഭകളിൽ പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ഉയർത്തും. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. പ്രധാന മന്ത്രിയുടെ അധ്യക്ഷതയിൽ സർവ്വകക്ഷി യോഗം വിളിക്കണമെന്നും ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
"ഓപ്പറേഷൻ സിന്ദൂർ ഒരു പാർട്ടിക്ക് മാത്രം അവകാശമില്ല.ഇത് രാജ്യത്തെ എല്ലാവർക്കും ഉള്ളതാണ്. എന്തിനാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നത് എന്ന് ജയ് ഹിന്ദ് സഭകളിൽ ചോദിക്കും. സോഫിയ ഖുറേഷിക്കെതിരായ എതിരായ പരാമർശത്തിൽ ബിജെപി മന്ത്രിക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ല. വിദേശകാര്യ മന്ത്രി വിഷയത്തിൽ ഒരു അക്ഷരം മിണ്ടുന്നില്ല. ഈ രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ച് തീരുമാനം എടുക്കുന്നത് ആരാണ്? എല്ലായിടത്തും ട്രംപ് തന്റെ നിലപാട് ആവർത്തിക്കുകയാണ്. വെടി നിർത്താൻ ഇടപെട്ടെന്ന് ട്രംപ് ആവർത്തിക്കുമ്പോഴും എന്തിനാണ് സർക്കാർ മൗനം പാലിക്കുന്നത്? പ്രധാനമന്ത്രിയും മൗനത്തിലാണ്. ചരിത്രത്തിൽ ഇതുവരെ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല, കോൺഗ്രസ് നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
22 ഏപ്രിൽ മുതൽ കോൺഗ്രസ് സർക്കാരിന് പൂർണ പിന്തുണ അറിയിച്ചിരുന്നു. ഒറ്റ കെട്ടാണ് എന്ന സന്ദേശം നൽകിയിരുന്നു. പ്രധാന മന്ത്രി വരണമെന്ന് ആവശ്യപ്പെട്ട് രണ്ട് സർവ്വ കക്ഷി യോഗം ചേർന്നു. പക്ഷെ രണ്ടിലും മോദി വന്നില്ല. പ്രധാന മന്ത്രിയും വിദേശ മന്ത്രിയും എന്ത് കൊണ്ട് രാജ്യത്തെ വിശ്വാസത്തിൽ എടുക്കുന്നില്ല? പാർലമെന്റിനെ വിശ്വാസത്തിൽ എടുക്കുന്നില്ല? പ്രധാന മന്ത്രിയുടെ അധ്യക്ഷതയിൽ സർവ്വകക്ഷി യോഗം വിളിക്കണം. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.