അംബേദ്കറുടെ പേര് ഉപയോഗിക്കുന്നുണ്ടെങ്കിലും മോദി സർക്കാർ ഒന്നും ചെയ്യുന്നില്ല: മല്ലികാർജുൻ ഖാർഗെ
ബിജെപിയും ആര്‍എസ്എസും അംബേദ്കറുടെ ശത്രുക്കളാണെന്നും ഖാര്‍ഗെ
ന്യൂഡല്‍ഹി: ഭരണഘടനാശില്‍പ്പി ബി.ആർ അംബേദ്കറുടെ പാരമ്പര്യം നിലനിര്‍ത്താന്‍ മോദി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബിജെപിയും ആര്‍എസ്എസും അംബേദ്കറുടെ ശത്രുക്കളാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
അംബേദ്കറുടെ ജന്മവാർഷികത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തണമെന്നും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗങ്ങൾക്ക് സംവരണം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'' സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതിയുടെ അവകാശം പൗരന്മാർക്ക് നൽകുന്നതിനാൽ അംബേദ്കറിൽ നിന്നുള്ളൊരു സമ്മാനമാണെന്ന് ഭരണഘടന. 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം നയങ്ങൾ രൂപീകരിക്കുന്നത്. 2021ല്‍ നടക്കേണ്ടിയിരുന്ന സെൻസസിനെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല. പൊതു സെൻസസിനൊപ്പം, ഏത് വിഭാഗം എത്രത്തോളം പുരോഗതി കൈവരിച്ചു എന്ന് അറിയാൻ ജാതി സെൻസസും നടത്തണമെന്നും''- ഖാര്‍ഗെ വ്യക്തമാക്കി.
എന്നാല്‍ ജാതി സെൻസസ് നടത്താൻ സർക്കാർ തയ്യാറല്ല. മോദി സർക്കാർ അംബേദ്കറുടെ പേര് ഉപയോഗിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ അഭിലാഷങ്ങളും ആഗ്രഹങ്ങളും നിറവേറ്റാൻ തയ്യാറല്ലെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.