ഏഴ് വർഷത്തെ അന്വേഷണം; മെഹുൽ ചോക്സി പിടിയിലാകുന്നത് സ്വിറ്റ്സർലൻഡിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ
2018ൽ അനന്തരവൻ നീരവ് മോദി, ഭാര്യ ആമി മോദി, സഹോദരൻ നീഷാൽ മോദി എന്നിവരോടൊപ്പമാണ് രാജ്യം വിടുന്നത്
ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഇന്ത്യ അന്വേഷിക്കുന്ന വജ്ര വ്യാപാരി മെഹുൽ ചോക്സിയെ ബെൽജിയൻ പൊലീസ് അറസ്റ്റ് ചെയ്യുന്നത് സ്വിറ്റ്സർലൻഡിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ. വൈദ്യചികിത്സ തേടുന്നതിന്റെ മറവിൽ രാജ്യം വിടാൻ തയാറെടുക്കുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് ഉടനടി നടപടി സ്വീകരിച്ചത്. ഇതോടെ മൂന്ന് രാജ്യങ്ങളിലായി ഇന്ത്യൻ അധികൃതർ നടത്തിയ ഏഴ് വർഷത്തെ തുടർച്ചയായ അന്വേഷണത്തിനാണ് അന്ത്യമാകുന്നത്.
ഗീതാഞ്ജലി ഗ്രൂപ്പിന്റെ ഉടമയും ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകളിൽ ഒന്നിലെ മുഖ്യ പ്രതിയുമായ ചോക്‌സി 2018ൽ അനന്തരവൻ നീരവ് മോദി, ഭാര്യ ആമി മോദി, സഹോദരൻ നീഷാൽ മോദി എന്നിവരോടൊപ്പം രാജ്യം വിടുന്നത്. താമസിയാതെ ഇദ്ദേഹം ആന്റിഗ്വ പൗരത്വം നേടി. ഇത് ചോക്സിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ സങ്കീർണമാക്കി. ലോകമെമ്പാടുമുള്ള ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്ന സിബിഐ, ഇഡി എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ ഏജൻസികൾ നടത്തിയ രഹസ്യ നീക്കത്തെ തുടർന്നാണ് ബെൽജിയത്തിൽ പിടിയിലാകുന്നത്.
കാൻസർ ചികിത്സയ്ക്കായി ചോക്‌സി സ്വിറ്റ്‌സർലൻഡിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതായി വ്യക്തമായതിനെത്തുടർന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബെൽജിയൻ പൊലീസ് വേഗത്തിൽ നടപടി സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ വ്യാജ രേഖകൾ ഉപയോഗിച്ച് ബെൽജിയത്തിൽനിന്ന് ചോക്‌സി എഫ് റെസിഡൻസി കാർഡ് നേടിയിരുന്നു. ബെൽജിയൻ പൗരയായ ഭാര്യയുടെ സഹായത്തോടെയായിരുന്നു റെസിഡൻസി കാർഡ് സ്വന്തമാക്കിയത്.
മാനുഷിക കാരണങ്ങളും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം റെസിഡൻസി കാർഡിന് അപേക്ഷ നൽകിയത്. അതേസമയം ഇന്ത്യയുടെയും ആന്റിഗ്വയുടെയും ഇരട്ട പൗരത്വം മറച്ചുവെക്കുകയും ചെയ്തു. ചോക്‌സി എഫ്+ റെസിഡൻസി കാർഡിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ അപേക്ഷിച്ചതായി കണ്ടെത്തിയതോടെ ഇന്ത്യൻ ഉദ്യോഗസ്ഥർ വേഗത്തിൽ നടപടി സ്വീകരിച്ചു. ഈ കാർഡ് ലഭിച്ചിരുന്നുവെങ്കിൽ കൈമാറ്റം കൂടുതൽ സങ്കീർണമാകുമായിരുന്നു.
2018ലും 2021ലും മുംബൈ കോടതി പുറപ്പെടുവിച്ച രണ്ട് ജാമ്യമില്ലാ വാറണ്ടുകളുടെ അടിസ്ഥാനത്തിൽ ബെൽജിയൻ അധികൃതർ എഫ് പ്ലസ് റെസിഡൻസി കാർഡ് നൽകുന്ന പ്രക്രിയ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചോക്‌സിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.നിലവിൽ ബെൽജിയൻ ജയിലിലുള്ള ചോക്‌സിയുടെ ജാമ്യാപേക്ഷയിൽ ഒരാഴ്ചയ്ക്ക് ശേഷം വാദം കേൾക്കുമെന്നാണ് വിവരം.
2021ൽ നിയമവിരുദ്ധമായി പ്രവേശിച്ചതിന് ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ വെച്ച് ഇയാൾ അറസ്റ്റിലായിട്ടുണ്ട്. ചോക്സിയെ കൈമാറുന്നതിനായി സിബിഐ സംഘം ഇവിടെ എത്തിയെങ്കിലും ആരോഗ്യ കാരണങ്ങളാൽ ആന്റിഗ്വയിലേക്ക് മടങ്ങാൻ കോടതി അനുവദിക്കുകയായിരുന്നു. ബ്രിട്ടീഷ് രാജ്ഞിയുടെ പ്രിവി കൗൺസിലാണ് അദ്ദേഹത്തിന് അനുകൂലമായി വിധിച്ചത്. 51 ദിവസം ജയിലിൽ കഴിഞ്ഞ ശേഷമായിരുന്നു ആന്റിഗ്വയിലേക്ക് വിമാനത്തിലുള്ള മടക്കം.