മഹാരാഷ്ട്രക്ക് ലഭിച്ചത് 'ഏപ്രിൽ ഫൂൾ സര്‍ക്കാര്‍'; പരിഹാസവുമായി ആദിത്യ താക്കറെ
ഏക്‌നാഥ് ഷിൻഡെ തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ കർഷകരുടെ വായ്പ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നുവെന്ന് താക്കറെ ചൂണ്ടിക്കാട്ടി
മുംബൈ: കർഷക വായ്പ എഴുതിത്തള്ളൽ, 'ലഡ്കി ബഹിൻ' പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട വിവിധ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് മഹാരാഷ്ട്രയിലെ മഹായുതി സർക്കാരിനെ 'ഏപ്രിൽ ഫൂൾ സർക്കാർ' എന്ന് വിശേഷിപ്പിച്ച് ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ. മുംബൈയിലെ മാലിന്യ സംസ്കരണ സേവനങ്ങൾക്ക് ഉപയോക്തൃ ഫീസ് ഏർപ്പെടുത്താനുള്ള നിർദ്ദേശത്തെയും അദ്ദേഹം വിമർശിച്ചു. അതിനെ 'അദാനി നികുതി' എന്നാണ് വിശേഷിപ്പിച്ചത്.
കർഷകരുടെ വായ്പ എഴുതിത്തള്ളൽ പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരിന് പ്രത്യേക പദ്ധതിയൊന്നുമില്ലെന്ന ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ സമീപകാല പ്രസ്താവനയെ പരാമര്‍ശിച്ചുകൊണ്ട് “എല്ലാ സർക്കാരിനും ഒരു പേരുണ്ട്. ഒരു ‘മഹാ വികാസ് അഘാഡി’ സർക്കാർ ഉണ്ടായിരുന്നു. അതിന് ശേഷം ഒരു 'യുതി' (ശിവസേന-ബിജെപി സഖ്യം) സർക്കാർ ഉണ്ടായി. ഈ സർക്കാരിനെ നമ്മൾ 'ഏപ്രിൽ ഫൂൾ സർക്കാർ' എന്ന് വിളിക്കുന്നു, കാരണം അവർ നിരവധി വ്യാജ വാഗ്ദാനങ്ങൾ നൽകി ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു." ആദിത്യ താക്കറെ കൂട്ടിച്ചേര്‍ത്തു.
മുൻ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ കർഷകരുടെ വായ്പ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നുവെന്ന് താക്കറെ ചൂണ്ടിക്കാട്ടി. "തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യാര്യം കൊണ്ട് തെരഞ്ഞെടുക്കപ്പെട്ട ഈ സർക്കാർ, സംസ്ഥാനത്തെ ജനങ്ങളെ വിഡ്ഢികളാക്കുന്നത് തുടരുന്നു," അദ്ദേഹം പറഞ്ഞു. മുംബൈ നിവാസികൾക്ക് ഉപയോക്തൃ ഫീസ് ഏർപ്പെടുത്താനുള്ള നിർദ്ദേശത്തെ തന്‍റെ പാർട്ടി എതിർക്കുമെന്ന് ശിവസേന (യുബിടി) നേതാവ് പ്രഖ്യാപിക്കുകയും സാധാരണക്കാരോട് അവരോടൊപ്പം ചേരാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ദിയോണറിലെ മാലിന്യക്കൂമ്പാരം വൃത്തിയാക്കി അദാനി ഗ്രൂപ്പിന് കൈമാറുന്നതിനാണ് ഉപയോക്തൃ ഫീസ് ചുമത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.