ടിക്കറ്റ് ബുക്കിങ് മുതല്‍ ട്രെയിന്‍ ട്രാക്കിംഗ് വരെ ഒരു കുടക്കീഴില്‍; പുതിയ ആപ്പുമായി റെയില്‍വെ

വിവിധ പ്ലാറ്റ്‌ഫോമുകളിലായി ലഭിച്ചിരുന്ന സേവനങ്ങളെല്ലാം യാത്രക്കാര്‍ക്ക് ഒറ്റ ക്ലിക്കില്‍ ലഭ്യമാകും

Update: 2025-07-03 06:04 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡൽഹി: യാത്രക്കാരുടെ ട്രെയിന്‍യാത്ര സുഗമമാക്കുന്നതിന് എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കുന്ന പുതിയ ആപ്പ് പുറത്തിറക്കി ഇന്ത്യന്‍ റെയില്‍വെ. ടിക്കറ്റ് ബുക്കിങ് മാത്രമല്ല പിഎന്‍ആര്‍, ഭക്ഷണം, പ്ലാറ്റ് ഫോം ടിക്കറ്റ്, ട്രെയിന്‍ ട്രാക്കിങ്, അണ്‍ റിസര്‍വ്ഡ് ടിക്കറ്റ്, പിഎന്‍ആര്‍ സ്റ്റാറ്റസ് തുടങ്ങിയ എല്ലാ സേവനങ്ങളും ഒരു ആപ്പില്‍ ലഭിക്കുന്ന തരത്തില്‍ റെയില്‍വണ്‍ ആപ്പ് ആണ് റെയില്‍വെ ലോഞ്ച് ചെയ്തത്.

സെന്‍റര്‍ ഫോർ റെയിൽവെ ഇൻഫർമേഷൻ സിസ്റ്റംസിന്‍റെ (CRIS) 40-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് പുതിയ ആപ്പ് പുറത്തിറക്കിയത്. റെയിൽവെയുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങൾക്കും യാത്രക്കാരുടെ ആവശ്യങ്ങൾക്കും ഒരു ഏകജാലക പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുന്നതിനാണ് പുതിയ ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്.

വിവിധ പ്ലാറ്റ്‌ഫോമുകളിലായി ലഭിച്ചിരുന്ന സേവനങ്ങളെല്ലാം യാത്രക്കാര്‍ക്ക് ഒറ്റ ക്ലിക്കില്‍ ലഭ്യമാകും. റെയില്‍ യാത്രയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാണ് എന്നതാണ് പ്രത്യേകത. ട്രെയിന്‍ യാത്രയിലെ പരാതികളും ഇതില്‍ രേഖപ്പെടുത്താനുള്ള സൗകര്യമുണ്ട്. റെയില്‍വണ്‍ ആപ്പ് ആന്‍ഡ്രോയിഡ് ഐഒഎസ് പ്ലാറ്റ് ഫോമുകളില്‍ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് അവരുടെ നിലവിലെ ലോഗിനില്‍ (റെയില്‍ കണക്ട്/ UTS) ഈ ആപ്പില്‍ ലോഗിന്‍ ചെയ്യാം. റെയില്‍വേ ഇ വാലറ്റ് സംവിധാനവും ലഭ്യമാണ്.

നിലവില്‍ ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്ക് വിവിധ സേവനങ്ങള്‍ക്കായി ഒന്നിലധികം ആപ്പുകളും വെബ്‌സൈറ്റുകളും ലഭ്യമാണ്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി IRCTC റെയില്‍ കണക്റ്റ്, ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനായി IRCTC ഇ-കാറ്ററിങ് ഫുഡ് ഓണ്‍ ട്രാക്ക്, റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകള്‍ക്കായി UTS, ട്രെയിന്‍ ട്രാക്ക് ചെയ്യുന്നതിനായി നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഐആർസിടിസി റിസർവ്ഡ്, അൺ റിസർവ്ഡ് ടിക്കറ്റ് ബുക്കിങ്ങുകൾ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ, പി.എൻ.ആർ/ട്രെയിൻ സ്റ്റാറ്റസ് ട്രാക്കിങ്, കോച്ച് പൊസിഷൻ, റെയിൽ മദദ്, ട്രാവൽ ഫീഡ്ബാക്ക് അടക്കമുള്ള സേവനങ്ങൾ ഇതിൽ ലഭ്യമാകും.

ചരക്ക് ട്രെയിൻ സർവീസ് അന്വേഷണങ്ങളുമായി ബന്ധപ്പെട്ട സവിശേഷതകളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. "ഇത് എല്ലാ സേവനങ്ങളും ഒരിടത്ത് ലഭ്യമാക്കുക മാത്രമല്ല, സേവനങ്ങൾക്കിടയിൽ സംയോജിത കണക്റ്റിവിറ്റി നൽകുകയും ചെയ്യുന്നു, ഇത് ഉപയോക്താക്കൾക്ക് ഇന്ത്യൻ റെയിൽവെ സേവനങ്ങളുടെ സമഗ്രമായ ഒരു പാക്കേജ് നൽകുന്നു," മന്ത്രാലയം വ്യക്തമാക്കി.

Indian Railways launches RailOne

റെയില്‍വണ്‍ ആപ്പ് പ്രത്യേകതകള്‍

  • ഉപയോക്താക്കള്‍ക്ക് ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സേവനങ്ങള്‍ ഉള്‍പ്പെടുത്തി എല്ലാ റെയില്‍വെ സേവനങ്ങളെയും ഒരു സ്ഥലത്ത് ഏകീകരിക്കുന്നു.
  • ആന്‍ഡ്രോയിഡ് പ്ലേ സ്‌റ്റോര്‍, ഐഒഎസ് ആപ്പ് സ്‌റ്റോര്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് പുതിയ റെയില്‍വണ്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
  • ഒന്നിലധികം പാസ്‌വേഡുകൾ ഓർമിക്കേണ്ടതിന്‍റെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി, ഒറ്റ സൈൻ-ഓൺ സൗകര്യവും റെയിൽവണിൽ ഉണ്ട്.
  • ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് അവരുടെ നിലവിലുള്ള RailConnect അല്ലെങ്കിൽ UTSonMobile ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം.
  • ഉപയോക്താക്കൾക്ക് ലളിതമായ സംഖ്യാ എംപിൻ, ബയോമെട്രിക് ലോഗിൻ ഓപ്ഷനുകൾ വഴി അവരുടെ അക്കൗണ്ടുകളിലേക്ക് പ്രവേശിക്കാം. 
Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News