'ബിഹാറിലെ മഹാസഖ്യത്തില്‍ ഉള്‍പ്പെടുത്തണം': ആർജെഡിക്ക് കത്തയച്ച് എഐഎംഐഎം

മതേതര വോട്ടുകൾ വിഭജിക്കുന്നത് തടയാൻ മഹാസഖ്യത്തിൽ ഉൾപ്പെടുത്തണമെന്നാണ് എഐഎംഐഎം ബിഹാർ സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ അക്തറുൽ ഇമാൻ ആവശ്യപ്പെട്ടിരിക്കുന്നത്

Update: 2025-07-04 08:56 GMT
Editor : rishad | By : Web Desk
Advertising

പറ്റ്ന: ബിഹാറിലെ മഹാ സഖ്യത്തിൽ ഉൾപെടുത്തണമെന്നാവശ്യപ്പെട്ട് ആർജെഡിക്ക് കത്ത് നൽകി എഐഎംഐഎം. ഈ വർഷം അവസാനമാണ് ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്. 

മതേതര വോട്ടുകൾ വിഭജിക്കുന്നത് തടയാൻ മഹാസഖ്യത്തിൽ ഉൾപ്പെടുത്തണമെന്നാണ് എഐഎംഐഎം ബിഹാർ സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ അക്തറുൽ ഇമാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ആര്‍ജെഡി തലവന്‍ ലാലുപ്രസാദ് യാദവിനാണ് കത്തയച്ചിരിക്കുന്നത്. മതേതര വോട്ടുകളുടെ വിഭജനമാണ് വര്‍ഗീയ ശക്തികള്‍ക്ക് ഗുണം ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

അതേസമയം ആര്‍ജെഡി ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. ഉവൈസിയെ ഒപ്പം മത്സരിപ്പിക്കുന്ന കാര്യത്തിൽ ലാലു പ്രസാദ് യാദവാണ് അന്തിമ തീരുമാനമെടുക്കുക. അതേസമയം സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ആർ‌ജെ‌ഡിയുമായും കോൺഗ്രസുമായും ചർച്ചകൾ നടന്നുവരികയാണെന്നാണ് എ‌ഐ‌എം‌ഐ‌എം നേരത്തെ വ്യക്തമാക്കിയിരുന്നത്. എ‌ഐ‌എം‌ഐ‌എം നേതൃത്വത്തിൽ നിന്ന് ഒരു കത്തും ലഭിച്ചിട്ടില്ലെന്ന് ഇതുസംബന്ധിച്ച ചോദ്യത്തോട് ആർ‌ജെ‌ഡി നേതാവ് തേജസ്വി യാദവ് നേരത്തെ പ്രതികരിച്ചിരുന്നു.

2020 ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും എഐഎംഐഎം സഖ്യത്തില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. അതേസമയം ബിഹാറിലെ വോട്ടർ പട്ടിക സ്ഥിരീകരിക്കാനുള്ള രേഖകളിൽ നിന്നും ആധാർ ഒഴിവാക്കിയതിൽ പ്രതിപക്ഷം, പ്രതിഷേധം ശക്തമാക്കി. നിയമ സഭാ തെരെഞ്ഞെടുപ്പ് പടി വാതിലിൽ നിൽകുമ്പോൾ തെരെഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന നീക്കം ഭരണകക്ഷിക്ക് അനുകൂലമാണെന്ന് പ്രതിപക്ഷം ചൂണ്ടികാട്ടുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News