Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ചെന്നൈ: ഡാബറിന്റെ ച്യവണപ്രാശിനെ തെറ്റായ രീതിയിൽ ചിത്രീകരിക്കുന്ന പരസ്യങ്ങൾ നൽകുന്നത് നിർത്താൻ ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ആയുർവേദത്തോട് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. പതഞ്ജലിയുടെ പരസ്യങ്ങൾ അവരുടെ പ്രശസ്തിക്ക് കോട്ടം വരുത്തുന്നുവെന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും ആരോപിച്ച് 2024 ഡിസംബറിൽ ഡാബർ കോടതിയെ സമീപിച്ചു.
ഡാബറിന്റെ ച്യവണപ്രാഷിൽ 40 ഔഷധസസ്യങ്ങൾ ഉപയോഗിക്കുമ്പോൾ പതഞ്ജലിയുടെ ച്യവണപ്രാഷിൽ 51 ഔഷധസസ്യങ്ങൾ ഉപയോഗിക്കുന്നുവെന്നും അതുകൊണ്ട് കൂടുതൽ ആധികാരികമാണെന്നാണ് പരസ്യങ്ങൾ നൽകിയിരുന്നത്. ഇത് ചൂണ്ടിക്കാട്ടി ഡാബർ കോടതിയിൽ കേസ് ഫയൽ ചെയ്തു. മറ്റ് ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ കുട്ടികൾക്ക് സുരക്ഷിതമല്ലെന്നും മെർക്കുറി പോലും അടങ്ങിയിട്ടുണ്ടാകുമെന്നും പതഞ്ജലി പരസ്യങ്ങൾ സൂചന നൽകുന്നു. പരസ്യങ്ങളിൽ ഡാബറിന്റെ പേര് പരാമർശിച്ചിട്ടില്ലെങ്കിലും തങ്ങളാണ് ലക്ഷ്യമെന്ന് ഡാബർ ആരോപിക്കുന്നു. ഇതിന് പിന്നെലെയാണ് ഈ പരസ്യം നൽകുന്നതിനെ തടഞ്ഞുകൊണ്ട് കോടതി ഉത്തരവ് വന്നിരിക്കുന്നത്.
വ്യാഴാഴ്ച (ജൂലൈ 3) ഡൽഹി ഹൈക്കോടതി പതഞ്ജലിയോട് ആ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. പരസ്യങ്ങൾ പതിവ് ഉൽപ്പന്ന പ്രമോഷനിൽ നിന്ന് അപകീർത്തികരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകളിലേക്ക് കടന്നിരിക്കാമെന്ന് ജഡ്ജി നിരീക്ഷിച്ചു. എന്നാൽ ഡാബറിന്റെ പേര് നേരിട്ട് പറഞ്ഞിട്ടില്ലെന്നും പരസ്യങ്ങൾ സ്വന്തം ഉൽപ്പന്നം പ്രോത്സാഹിപ്പിക്കാൻ മാത്രമാണെന്നും പതഞ്ജലി വാദിച്ചു.
പതഞ്ജലി ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്നത് ഇതാദ്യമല്ല. ആധുനിക വൈദ്യശാസ്ത്രത്തിനെതിരെയുള്ള തെറ്റിദ്ധാരണാജനകമായ അവകാശവാദങ്ങളുടെ പേരിൽ സുപ്രിം കോടതി നേരത്തെ രാംദേവിനെയും പതഞ്ജലിയെയും താക്കീത് ചെയ്യുകയും അവരോട് മാപ്പ് പറയാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഡാബറിന്റെ പരാതിയിൽ കേസ് ഇപ്പോഴും തുടരുകയാണ്. അടുത്ത വാദം കേൾക്കൽ 2025 ജൂലൈ 14 ലേക്ക് മാറ്റി.