'ശ്രമങ്ങൾ പരാജയപ്പെടാം, പക്ഷെ പ്രാര്‍ഥനകൾക്ക് ഒരിക്കലും ഉത്തരം ലഭിക്കാതിരിക്കില്ല'; മുഖ്യമന്ത്രി വിവാദങ്ങൾക്കിടെ ഡി.കെ ശിവകുമാര്‍
ഇപ്പോൾ ഒരു ചര്‍ച്ചയും നടത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല
ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി സ്ഥാനമാറ്റങ്ങളെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ചൂടുപിടിച്ചുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയായി താൻ തന്നെ തുടരുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയെങ്കിലും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ തന്‍റെ മുഖ്യമന്ത്രി സ്ഥാന മോഹങ്ങളെക്കുറിച്ച് നിഗൂഢമായ പ്രസ്താവനകളും നടത്തുന്നുണ്ട്.
''ശ്രമങ്ങൾ പരാജയപ്പെടാം, എന്നാൽ പ്രാര്‍ഥനകൾക്ക് ഒരിക്കലും ഉത്തരം ലഭിക്കാതിരിക്കില്ല.ഞാനിതിൽ വിശ്വസിക്കുന്നു. ഞാൻ ദേവിയോട് പ്രാർത്ഥിച്ചു, എനിക്ക് വേണ്ടതെല്ലാം പറഞ്ഞു." എന്നായിരുന്നു ചാമുണ്ഡി ക്ഷേത്രം സന്ദര്‍ശിച്ചതിന് ശേഷമുള്ള ഡികെയുടെ പ്രതികരണം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നൽകിയ ഉപദേശവും സന്ദേശവും പാലിച്ചുകൊണ്ട് പാർട്ടിയിലെ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ മുഖ്യമന്ത്രി മാറ്റത്തെക്കുറിച്ച് പ്രതികരിക്കാൻ ശിവകുമാര്‍ വിസമ്മതിച്ചു. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കാലാവധി നവംബറിൽ പകുതിയോളം പൂർത്തിയാകും, ഇത് നേതൃമാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിടാൻ സാധ്യതയുണ്ട്. കോൺഗ്രസ് സർക്കാരിന്‍റെ ആദ്യത്തെ രണ്ടര വർഷം സിദ്ധരാമയ്യയും അടുത്ത രണ്ടര വർഷം ഡി.കെ ശിവകുമാറും മുഖ്യമന്ത്രി പദവി വഹിക്കുമെന്ന സൂചനകൾ ആയിരുന്നു ആദ്യം പുറത്തുവന്നിരുന്നത്. എന്നാൽ അഞ്ച് വര്‍ഷക്കാലവും താൻ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് സിദ്ധരാമയ്യ പറഞ്ഞതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്.
''ഇപ്പോൾ ഒരു ചര്‍ച്ചയും നടത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല. രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാനല്ല ഞാനിവിടെ വന്നത്. സംസ്ഥാനത്തിന് നല്ലത് വരണം. മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് പ്രസിഡന്‍റാണ്. അദ്ദേഹം ഞങ്ങൾക്ക് ഒരു സന്ദേശവും ഉപദേശവും നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വാക്കുകൾ പാലിച്ചുകൊണ്ട് നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാം," അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുമെന്ന സിദ്ധരാമയ്യയുടെ പ്രസ്താവനയ്ക്ക് ശേഷം മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്തുപോയോ എന്ന ചോദ്യത്തിന് മറുപടിയായി ശിവകുമാർ പറഞ്ഞു. സംസ്ഥാനത്തിന്‍റെയും തന്‍റെയും കുടുംബത്തിന്‍റെയും എല്ലാവരുടെയും ക്ഷേമത്തിനായി ചാമുണ്ഡേശ്വരി ദേവിക്ക് മുന്നിൽ കുടുംബത്തോടൊപ്പം പ്രാർത്ഥനകൾ അർപ്പിച്ചതായി ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എന്നാൽ, താൻ മുഖ്യമന്ത്രിയായി തുടരുമെന്ന് സിദ്ധരാമയ്യ ഉറപ്പിച്ചു പറഞ്ഞതോടെ, തനിക്ക് എതിർപ്പില്ലെന്നും സിദ്ധരാമയ്യയ്‌ക്കൊപ്പം നിൽക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ശിവകുമാർ ബുധനാഴ്ച പറഞ്ഞിരുന്നു.