ചൈനയ്ക്കും പാകിസ്താനും മേൽ ഇനി നിരീക്ഷണം കനക്കും; 52 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഇന്ത്യ !
ചൈന, പാകിസ്താൻ ഭൂപ്രദേശങ്ങളും ഇന്ത്യൻ മഹാസമുദ്രമേഖലയും, കൂടുതൽ ആഴത്തിൽ, സദാ കർശന നിരീക്ഷണത്തിലാക്കുകയാണ് എസ്ബിഎസ്-3 എന്ന പദ്ധതിയുടെ ലക്ഷ്യം..
ആധുനികകാലത്തെ യുദ്ധം എത്രത്തോളം ഭീകരവും തന്ത്രപരവുമാണെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി കാണുകയാണ് നമ്മൾ. ഏറെ സൂഷ്മതയോടെ നീങ്ങിയാൽ മാത്രമേ ഏതൊരു രാജ്യത്തിനും ഇനിയങ്ങോട്ട് നിലനില്പ്പ് തന്നെ സാധ്യമാവുകയുള്ളൂ.. ഇത് തിരിച്ചറിഞ്ഞ് പ്രതിരോധമേഖലയിൽ അതിനിർണായകമായ ഒരു നീക്കത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യ..
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ, പ്രത്യേകിച്ച് ചൈനയ്ക്കും പാകിസ്താനും മേൽ നിരീക്ഷണം കുറച്ച് കൂടി ശക്തമാക്കാനാണ് ഇന്ത്യയുടെ തീരുമാനം. ബഹിരാകാശത്തേക്ക് നിരീക്ഷണത്തിനായി അയയ്ക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളാണ് ഇതിനുള്ള ഏറ്റവും മികച്ച ഓപ്ഷൻ ആയി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. നിലവിൽ ഇത്തരത്തിലുള്ള ഒബ്‌സർവേഷൻ സാറ്റലൈറ്റുകളെ പല മേഖലയിലും കാര്യമായി തന്നെ നാം ആശ്രയിക്കാറുണ്ട്. ഓപ്പറേഷൻ സിന്ദൂറിൽ ഇത്തരത്തിൽ സാറ്റലൈറ്റുകൾ ഏറെ ഫലപ്രദമായത് കണക്കിലെടുത്താണ് പ്രതിരോധമേഖലയിൽ ഇന്ത്യ പുതിയ ചുവട് വയ്പിന് തന്നെ തുടക്കമിടുന്നത്.
പരിസ്ഥിതി പഠനം, ദുരന്തനിവാരണം, റിസോഴ്‌സ് മോണിറ്ററിംഗ് എന്നിവയൊക്കെ മുന്നിൽക്കണ്ട് ഇന്ത്യ ഇതിനോടകം തന്നെ പല നിരീക്ഷണ ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതിനായി ഒരു സമഗ്രപദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് കമ്മിറ്റി അനുമതി നൽകിയിരുന്നു.
ഏകദേശം 26,986 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. 2029ഓടെ പൂർത്തിയാകുന്ന തരത്തിൽ പദ്ധതി വേഗത്തിലാക്കാനാണ് ഏറ്റവും പുതിയ നിർദേശം.. അങ്ങനെയെങ്കിൽ 2026ഓടെ തന്നെ കൂടുതൽ നിരീക്ഷണ ഉപഗ്രഹങ്ങൾ ഇന്ത്യ ബഹിരാകാശത്തേക്ക് അയച്ച് തുടങ്ങും..
അതിർത്തി മേഖലയിലുള്ള നിരീക്ഷണത്തിനായി മാത്രം 52 ഉപഗ്രഹങ്ങൾ കൂടി അയയ്ക്കാനുള്ളതാണ് പുതിയ പദ്ധതി. 52ൽ 21 ഉപഗ്രഹങ്ങൾ ഐഎസ്ആർഒയും 31 എണ്ണം 3 സ്വകാര്യ കമ്പനികളുമാണ് വിക്ഷേപിക്കുക. ഇന്ത്യയുടെ സ്‌പേസ് ബേസ്ഡ് സർവയലൻസ് അഥവാ എസ്ബിഎസ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഉപഗ്രഹങ്ങളെ വിക്ഷേപിക്കുന്നത്. എസ്ബിഎസ് ഫേസ് 3 ആവും ഇത്.
സാധാരണ ഉപഗ്രഹങ്ങൾ ഓർബിറ്റ് ചെയ്യാറുള്ള, ലോ എർത്ത് ഓർബിറ്റ്-ജിയോ സ്‌റ്റേഷനറി ഓർബിറ്റുകളിലേക്ക് സാറ്റലൈറ്റുകളെ വിക്ഷേപിക്കാനുള്ള നീക്കങ്ങൾ വേഗത്തിൽ പൂർത്തിയാകുന്നതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് സ്വകാര്യ കമ്പനികൾക്കും ഇത് സംബന്ധിച്ച നിർദേശം നൽകി കഴിഞ്ഞു. ചൈന, പാകിസ്താൻ ഭൂപ്രദേശങ്ങളും ഇന്ത്യൻ മഹാസമുദ്രമേഖലയും, കൂടുതൽ ആഴത്തിൽ, സദാ കർശന നിരീക്ഷണത്തിലാക്കുകയാണ് എസ്ബിഎസ്-3യുടെ ലക്ഷ്യം. അതുവഴി ഒരേ സ്ഥലത്ത് പല തവണകളായുള്ള നിരീക്ഷണങ്ങളുടെ ദൈർഘ്യം കുറയ്ക്കാനാകും.
നെക്സ്റ്റ് ജനറേഷൻ റഡാർ ഇമേജിങ് കേപ്പബിലിറ്റി ഉള്ളതാണ് പുതുതായി വികസിപ്പിക്കുന്ന എല്ലാ ഉപഗ്രഹങ്ങളും തന്നെ. ഏത് പ്രതികൂലകാലാവസ്ഥയിലും, രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ടാർഗറ്റ് മേഖലകൾ ഇവ നിരീക്ഷിച്ച് കൊണ്ടേ ഇരിക്കും. നിലവിലുള്ള ഉപഗ്രഹദൃശ്യങ്ങളേക്കാൾ റെസല്യൂഷനും ഇവയിൽ നിന്നുള്ള ദൃശ്യങ്ങൾക്കുണ്ടാകും. എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ഉപഗ്രഹങ്ങളുടെ കാര്യക്ഷമത ആ വഴിയും വർധിപ്പിക്കാം.
എസ്ബിഎസ് ആദ്യ പ്രോഗ്രാം 2001ലാണ് നടന്നത്. അന്ന് നാല് ഉപഗ്രഹങ്ങൾ ഇന്ത്യ വിക്ഷേപിച്ചിരുന്നു. കാർടോസാറ്റ്, റിസാറ്റ് സീരിസിലുള്ള ഉപഗ്രഹങ്ങളാണ് അയൽരാജ്യങ്ങളുടെ നിരീക്ഷണത്തിനായി അന്ന് ഉപയോഗിച്ചത്. ശത്രുരാജ്യങ്ങളുടെ എയർബേസും കന്റോൺമെന്റും സൈനികസംവിധാനങ്ങളുമെല്ലാം കൃത്യമായി നിരീക്ഷിച്ച് രാജ്യത്തിനെതിരെ അവരുടെ നീക്കങ്ങൾ അതിലൂടെ വിലയിരുത്താനായിരുന്നു.
2013ൽ ഇതിന്റെ ബാക്കിയായി എസ്ബിഎസ് 3 എന്ന പ്രോഗ്രാം അവതരിപ്പിച്ചു, അന്ന് ആറ് നിരീക്ഷണ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. കാർടോസാറ്റ് 2സി, 2ഡി, 3എ, 3ബി, മൈക്രോസാറ്റ്1, റിസാറ്റ് 2എ എന്നിവ ആയിരുന്നു അത്. അതിൽ പിന്നെ കഴിഞ്ഞ ഒക്ടോബറിലാണ് ഈ പദ്ധതിയുടെ തുടർച്ചയായുള്ള എസ്ബിഎസ് 3 ലോഞ്ച് ചെയ്യുന്നത്.ഈ പദ്ധതിയുടെ മറ്റൊരു വലിയ പ്രത്യേകത, മറ്റ് രാജ്യങ്ങളുമായുള്ള ഏകോപനമാണ്. ഇന്ത്യൻ റിസർച്ച് ഡിഫൻസ് വിങ് അറിയിക്കുന്നത് പ്രകാരം, ഫ്രാൻസുമായി ഈ പദ്ധതിയിൽ ഇന്ത്യക്ക് പങ്കാളിത്തമുണ്ട്. ഫ്രാൻസിന്റെ പങ്കാളിത്തത്തോടെ വികസിപ്പിച്ച ചില നിരീക്ഷണ ഉപഗ്രഹങ്ങളും എസ്ബിഎസ് 3യിൽ വിക്ഷേപണത്തിനുണ്ടാകും.
ഇന്നത്തെ കാലത്ത്, പ്രതിരോധമേഖലയിൽ ഡിഫൻസ് സാറ്റലൈറ്റുകളുടെ പ്രാധാന്യം എത്രത്തോളമാണെന്ന് ഇന്ത്യയ്ക്ക് മനസ്സിലാക്കി തന്ന, ഏറെ പ്രധാനപ്പെട്ട ദൗത്യമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ഐഎസ്ആർഒ നേരത്തേ തന്നെ വിക്ഷേപിച്ചിട്ടുള്ള ഉപഗ്രഹങ്ങൾ ഇന്ത്യക്ക് ചുറ്റുമുള്ള പല പ്രദേശങ്ങളിലും അതിർത്തികളിലും വ്യോമമേഖലയിലും കനത്ത നിരീക്ഷണമാണ് നടത്തിയത്. ഇതാണ് ദൗത്യത്തിൽ ഇന്ത്യയ്ക്ക് വലിയ മുതൽക്കൂട്ടായതും.ആക്രമണങ്ങൾ നടത്തിയതിന്റെ ആധികാരികത ഉറപ്പാക്കാൻ ഇന്ത്യയെ സഹായിച്ചതും ഈ ഉഹഗ്രഹങ്ങൾ പകർത്തിയ ചിത്രങ്ങളായിരുന്നു..