പാകിസ്താനിൽ നിന്നുള്ള ഇറക്കുമതികൾ നിരോധിച്ച് ഇന്ത്യ

പാക് പതാക വെച്ച കപ്പലുകൾക്ക് നിരോധനമേർപ്പെടുത്തി കേന്ദ്ര തുറമുഖ ഷിപ്പിംഗ് മന്ത്രാലയം

Update: 2025-05-03 07:17 GMT
Advertising

ന്യൂഡൽഹി: പാകിസ്താനിൽ നിന്നുള്ള എല്ലാ ഇറക്കുമതികളും നിരോധിച്ച് ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് പാകിസ്താനെതിരായ നടപടി. ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താൽപ്പര്യങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം എടുത്തതെന്ന് സർക്കാർ വ്യക്തമാക്കി. പാകിസ്താനിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും ഇത് ബാധകമാണെന്ന് സർക്കാർ പറഞ്ഞു.

‘പാകിസ്താനിൽ നിർമിച്ചതോ അവിടെ നിന്ന് കയറ്റുമതി ചെയ്യുന്നതോ ആയ എല്ലാ ഉത്പന്നങ്ങളുടെയും നേരിട്ടോ അല്ലാതെയോ ഉള്ള ഇറക്കുമതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചിരിക്കുന്നു. നിരോധനം ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്. ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താൽപ്പര്യങ്ങൾക്കനുസരിച്ചാണ് ഈ നിയന്ത്രണം. ഈ നിരോധനത്തിൽ നിന്നുള്ള ഏതൊരു മാറ്റത്തിനും ഇന്ത്യാ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്’വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

അതേസമയം, പാക് പതാക വെച്ച കപ്പലുകൾക്ക് നിരോധനമേർപ്പെടുത്തി കേന്ദ്ര തുറമുഖ ഷിപ്പിംഗ് മന്ത്രാലയം. പാക് പതാക വെച്ച കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ വിലക്കേർ​പ്പെടുത്തി. ഇന്ത്യ പതാക വെച്ച കപ്പലുകൾ പാക്ക് പോർട്ടുകളിലും പോകരുതെന്നും ഉത്തരവിൽ പറയുന്നു.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പാകിസ്താനെതിരെ കനത്ത നടപടികളാണ് ഇന്ത്യ സ്വീകരിച്ചുവരുന്നത്. സിന്ധു നദി ജല കരാർ റദ്ദാക്കിയിരുന്നു. നിരവധി യൂട്യൂബ് ചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. പാകിസ്താനി പൗരന്മാരുടെയും വിസ റദ്ദാക്കുകയും​ ചെയ്തിരുന്നു. 2019 ലുണ്ടായ പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനിൽ നിന്നുള്ള ഇറക്കുമതിക്ക് ഇന്ത്യ 200 ശതമാനം തീരുവ ചുമത്തിയിരുന്നു.

ഓർഗാനിക്ക് കെമിക്കൽസ്, ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ, പശ,കെമിക്കൽ ഉൽപന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, പ്ലാസ്റ്റിക് തുടങ്ങി നിരവധി ഉൽപന്നങ്ങളാണ് ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നത്. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News