നിങ്ങളുടെ ആധാർ കാർഡ് നഷ്ടപ്പെട്ടോ? വിഷമിക്കേണ്ട, വിശദാംശങ്ങൾ വീണ്ടെടുക്കാൻ ഇങ്ങനെ ചെയ്താൽ മതി...
നിങ്ങളുടെ ആധാർ വിശദാംശങ്ങൾ വീണ്ടെടുക്കാൻ സഹായിക്കുന്ന ലളിതമായ ഓൺലൈൻ, ഓഫ്‌ലൈൻ രീതികൾ ഏതൊക്കെയാണെന്ന് യുഐഡിഎഐ വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ, പാൻ ഉൾപ്പെടെ നിരവധി അവശ്യ സേവനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽതന്നെ ആധാർ നഷ്ടപ്പെടുന്നത് ഏറെ പ്രതിസന്ധിയുണ്ടാക്കും. അങ്ങനെ നഷ്ടപ്പെട്ടിട്ടുള്ളവരുമുണ്ടാകും. എന്നാൽ, വിഷമിക്കേണ്ട...നിങ്ങളുടെ ആധാർ വിശദാംശങ്ങൾ വീണ്ടെടുക്കാൻ സഹായിക്കുന്ന ലളിതമായ ഓൺലൈൻ, ഓഫ്‌ലൈൻ രീതികൾ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) വ്യക്തമാക്കുന്നു.
ആദ്യമായി ചെയ്യേണ്ടത് പൊലീസ് സ്റ്റേഷനിൽ പോയി ഒരു എഫ്‌ഐആർ ഫയൽ ചെയ്യുക എന്നതാണ്. നിങ്ങളുടെ ആധാർ കാർഡ് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്‌താൽ ഒരു എഫ്‌ഐആർ ഫയൽ ചെയ്യുന്നത് നല്ലതാണ്. നഷ്ടം നിയമപരമായി രേഖപ്പെടുത്താൻ എഫ്ഐആർ സഹായിക്കുകയും നിങ്ങളുടെ ആധാർ വിശദാംശങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ സംരക്ഷണം നൽകുകയും ചെയ്യുന്നു.
യുഐഡിഎഐയുടെ "Retrive UID/EID" സേവനം ഉപയോഗിച്ച് നിങ്ങളുടെ ആധാർ നമ്പറോ എൻറോൾമെൻ്റ് ഐഡിയോ എളുപ്പത്തിൽ വീണ്ടെടുക്കാൻ കഴിയും.
ആധാർ വിവരങ്ങൾ വീണ്ടെടുക്കാനുള്ള വിവിധ ഘട്ടങ്ങൾ ഇവയാണ്...
- https://myaadhaar.uidai.gov.in/retrieve-eid-uid എന്ന ലിങ്ക് തുറക്കുക
- ആധാർ നമ്പർ (യുഐഡി), എൻറോൾമെന്റ് ഐഡി (ഇഐഡി) എന്നിവയിൽ ഏതാണോ വീണ്ടെടുക്കേണ്ടത് അത് തിരഞ്ഞെടുക്കുക
- പൂർണമായ പേര് നൽകുക (ആധാർ കാർഡിലുള്ളത്). രജിസ്റ്റേർഡ് മൊബൈൽ നമ്പരോ ഇ-മെയിൽ ഐഡിയോ നൽകുക. Captcha നൽകുക
- ഒടിപി വേരിവിക്കേഷൻ പൂർത്തിയാക്കുക
- ഓതന്റിഫിക്കേഷന് ശേഷം, നിങ്ങളുടെ ആധാർ നമ്പർ അല്ലെങ്കിൽ ഇഐഡി നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേക്ക് എസ്എംഎസ് വഴി അയയ്ക്കപ്പെടും. ഈ സേവനം സൗജന്യമാണ്.
നിങ്ങളുടെ മൊബൈൽ നമ്പരോ ഇ- മെയിലോ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, യുഐഡിഎഐയുടെ ഓഫ്‌ലൈൻ ഓപ്ഷനുകൾ വഴി നിങ്ങൾക്ക് എപ്പോഴും നിങ്ങളുടെ വിശദാംശങ്ങൾ വീണ്ടെടുക്കാൻ കഴിയും.
അതിനായി
- ഒരു ആധാർ എൻറോൾമെൻ്റ് സെന്റർ സന്ദർശിക്കുക
- പ്രിന്റ് ആധാർ സേവനം ഉപയോഗിച്ച് നിങ്ങളുടെ ആധാർ വീണ്ടെടുക്കാൻ സഹായിക്കാൻ ഓപ്പറേറ്ററോട് ആവശ്യപ്പെടുക.
നിങ്ങളുടെ ആധാർ കാർഡ് വിശദാംശങ്ങൾ ലഭിക്കുന്നതിന് യുഐഡിഎഐയുടെ ടോൾ-ഫ്രീ നമ്പറിൽ (1947) വിളിച്ച് നിങ്ങളുടെ ജനന വിശദാംശങ്ങൾ നൽകുകയും ചെയ്യാം.